Connect with us

National

മുഖ്താര്‍ അബ്ബാസ് നഖ്‌വിക്ക് ഒരു വര്‍ഷം തടവ്

Published

|

Last Updated

റാണ്‍പൂര്‍: കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രിയും ബി ജെ പി ഉപാധ്യക്ഷനുമായ മുക്താര്‍ അബ്ബാസ് നഖ്‌വിക്ക് ഒരു വര്‍ഷം തടവ് ശിക്ഷ. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് നിരോധനാജ്ഞ ലംഘിച്ചതിനാണ് ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സെഷന്‍ കോടതി നഖ്‌വിയെ തടവിന് ശിക്ഷിച്ചത്.
നിയമം ലംഘിച്ചുള്ള സം ഘംചേരല്‍ (143), നിയമവിരുദ്ധമായി തടസ്സമുണ്ടാക്കല്‍ (341), വ്യക്തിസ്വാതന്ത്ര്യം പരിമിതപ്പെടുത്തല്‍ (342) എന്നീ ഐ പി സി വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. ഇവ കൂടാതെ സി ആര്‍ പി സി 144ലെ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ കൂടി നഖ്‌വിക്കെതിരെ ചുമത്തിയിട്ടുണ്ട്. ഒരു വര്‍ഷം തടവ് ശിക്ഷ കൂടാതെ നഖ്‌വി നാലായിരം രൂപ പിഴയടക്കുകയും വേണം. നഖ്‌വിയോടൊപ്പം പതിനെട്ട് കൂട്ടുപ്രതികള്‍ക്കും ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മനീഷ് കുമാര്‍ ശിക്ഷ വിധിച്ചു. നഖ്‌വിക്ക് കോടതി പിന്നീട് ജാമ്യം അനുവദിച്ചു. വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയ നഖ്‌വിയെ പോലീസ് കസ്റ്റഡിയില്‍ എടുത്ത ശേഷം ജാമ്യത്തില്‍ വിടുകയായിരുന്നു.
2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് കാണ്‍പൂര്‍ മണ്ഡലത്തിലെ പത്‌വായിയില്‍ ബി ജെ പി സംഘടിപ്പിച്ച പ്രകടനമാണ് കേസിന് ആസ്പദമായത്. നിരോധനാജ്ഞ ലംഘിച്ച് നഖ്‌വിയുടെ നേതൃത്വത്തില്‍ ബി ജെ പി പ്രവര്‍ത്തകര്‍ പ്രകടനം നടത്തുകയായിരുന്നു. പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറുകയും ചെയ്തു. കാണ്‍പൂരില്‍ നിന്നുള്ള ബി ജെ പി നേതാവിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു 200 ഓളം വരുന്ന പ്രവര്‍ത്തകര്‍ക്കൊപ്പം നഖ്‌വിയടക്കമുള്ള നേതാക്കള്‍ പോലീസ് സ്റ്റേഷനിലെത്തിയത്. തുടര്‍ന്നുണ്ടായ സംഘര്‍ഷവും അക്രമസംഭവങ്ങളും കണക്കിലെടുത്താണ് ഇവര്‍ക്കെതിരെ കേസെടുത്തത്. നഖ്‌വി ഉള്‍പ്പെടെ ഇരുന്നൂറോളം പേര്‍ക്കെതിരെയായിരുന്നു കേസ്. ഐ പി സി, സി ആര്‍ പി സി വകുപ്പുകള്‍ പ്രകാരം കുറ്റാരോപിതനായ മുഖ്താര്‍ അബ്ബാസ് നഖ്‌വി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
വിധിക്ക് പിന്നാലെ കോടതിക്ക് പുറത്ത് ബി ജെ പി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത് സംഘര്‍ഷത്തിനിടയാക്കി. കോടതി വിധിയെ മാനിക്കുന്നുവെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും നഖ്‌വി പത്രക്കുറിപ്പില്‍ പ്രതികരിച്ചു. കേസ് സംബന്ധിച്ച് തന്റെ നിയമോപദേഷ്ടാക്കള്‍ പരിശോധിച്ചുവരികയാണെന്നും തുടര്‍ നടപടികള്‍ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
“നഖ്‌വിയുടെ കേസ് ഗൗരവമുള്ളതു തന്നെയാണ്. കോടതി അതിന്റെ വിധി പ്രസ്താവിച്ചു കഴിഞ്ഞു. അത് കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ചിട്ടു തന്നെയായിരിക്കും. പൂര്‍ണമായ വിധിപ്പകര്‍ക്ക് കിട്ടും വരെ കാത്തിരുന്നേ പറ്റു.”- നഖ്‌വിക്കെതിരായ കോടതിവിധിയോട് സമാജ്‌വാദി പാര്‍ട്ടി നേതാവ് ഗൗരവ് ഭാട്ടിയ പ്രതികരിച്ചു. “എല്ലാ കുറ്റവാളികള്‍ക്കും അപ്പീല്‍ പോകാനുള്ള അവസരമുണ്ട്. നഖ്‌വിക്കും ആ അവകാശം ലഭിക്കും”- വിധിയോട് കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഘ് വി പ്രതികരിച്ചത് ഇങ്ങനെയാണ്.