Connect with us

Wayanad

സുതാര്യ കേരളത്തിലൂടെ അമലിന് മുഖ്യമന്ത്രിയുടെ സാന്ത്വനം: സ്‌കൂളില്‍ പോകാന്‍ സ്‌കൂട്ടര്‍ ലഭിക്കും

Published

|

Last Updated

തവിഞ്ഞാല്‍: എടത്തന ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അമലിന് ക്ലാസില്‍ പോകാന്‍ മുഖ്യമന്ത്രിയുടെ വക സ്‌കൂട്ടര്‍ ലഭിക്കും.
ജന്‍മനാ ഇടത് കാലിന് നീളം കുറവായിരുന്ന അമലിന് മൂത്രാശയ സംബന്ധമായ അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു.
എന്നാല്‍ ശസ്ത്രക്രിയയുടെ ഭാഗമായി ഇരുകാലുകളുടെയും ചലന ശേഷി പൂര്‍ണമായും നഷ്ടപ്പെട്ടു. അമലിന്റെ പഠനത്തെയും യാത്രയേയും ഇത് കാര്യമായി ബാധിച്ചു. തുടര്‍ പഠനം പൂര്‍ണമായും മുടങ്ങുന്ന സാഹചര്യത്തിലാണ് അമലിന്റെ മാതാവ് ബിന്ദു സുകുമാരന്‍ മുഖ്യമന്ത്രിയുടെ പരാതി പരിഹാര കേന്ദ്രമായ സുതാര്യ കേരളത്തില്‍ അപേക്ഷ നല്‍കിയത്.
കുട്ടിയുടെ ദയനീയ സ്ഥിതി ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രശ്‌ന പരിഹാരത്തിന് അടിയന്തിര നടപടികളെടുക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. അമലിന് യാത്ര ചെയ്യാന്‍ അനുയോജ്യമായ മുച്ചക്ര വാഹനത്തിനാവശ്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കും. കൂടാതെ കുടുംബത്തിന്റെ എ പി എല്‍ റേഷന്‍ കാര്‍ഡ് ബി പി എല്‍ ആക്കി മാറ്റുന്നതിനും പ്രത്യേക ധന സഹായമായി പതിനായിരം രൂപ അനുവദിക്കാനും വികലാംഗ പെന്‍ഷന്‍ അനുവദിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ഐ ടി എന്‍ജിനീയര്‍ ആകാന്‍ താല്‍പര്യമുള്ള അമലിന് സ്‌പോണ്‍സര്‍ഷിപ്പിലൂടെ കമ്പ്യൂട്ടര്‍ സൗജന്യമായി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
തന്നെ നേരിട്ടു കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച അമലിനോട് ഫെബ്രുവരി ഒമ്പതിന് വയനാട്ടിലെത്തുമ്പോള്‍ കാണാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. തവിഞ്ഞാല്‍ ആശാരി പറമ്പില്‍ സുകുമാരന്റെ മകനാണ് അമല്‍. വികലാംഗ പെന്‍ഷന്‍ നല്‍കാനുള്ള മുഖ്യമന്ത്രിയുടെ നിര്‍ദേശം ഉടനടി നടപ്പിലാക്കി ഗ്രാമ പഞ്ചായത്തും അമലിന് തുണയായി.
മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ സുതാര്യ കേരളത്തിന്റെ ജില്ലാ ഓഫീസ് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലാണ് പ്രവര്‍ത്തിക്കുന്നത്.
ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ : 04936202955

Latest