Connect with us

Wayanad

പൂക്കോട് വെറ്ററിനറി സര്‍വകലാശാല പാലക്കാട്, തൃശൂര്‍ ജില്ലകളിലേക്ക് മാറ്റുന്നു

Published

|

Last Updated

കല്‍പ്പറ്റ : വയനാട്ടിലെ പൂക്കോട് കേരളാ വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ തൃശൂര്‍, പാലക്കാട് ജില്ലകളിലേക്ക് മാറ്റുന്നു. നൂറ് കോടി രൂപ കേന്ദ്ര ഫണ്ട് ഉപയോഗിച്ചുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളാണ് പൂക്കോട് സര്‍വകലാശാലയില്‍ നടന്നുവരുന്നത്. ഇതില്‍ 76.57 കോടിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് മാറ്റുന്നത്.
വനംവകുപ്പും പാരിസ്ഥിതിക സംഘടനകളും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സര്‍വ്വകലാശാലയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ കോടതി ഇടപെട്ട് നിര്‍ത്തിവെപ്പിച്ചിരുന്നു. 29.56 കോടി രൂപയുടെ അക്കാദമിക് ബ്ലോക്ക്, 3.78 കോടിയുടെ അന്താരാഷ്ട്ര ഫാക്കല്‍റ്റി ഗസ്റ്റ് ഹൗസ്, 7.25 കോടിയുടെ വനിതാ ഹോസ്റ്റല്‍, 2.19 കോടിയുടെ ഗ്രാജുവേറ്റ് ഹോസ്റ്റല്‍, 9.04 കോടിയുടെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, 24.75 കോടിയുടെ സെന്‍ട്രല്‍ ട്രൈയിംനിംഗ് ഇന്‍സ്റ്റിട്യൂട്ട് എന്നിവയുടെ നിര്‍മ്മാണപ്രവര്‍ത്തനമാണ് ഉടനടി മാറ്റുന്നത്. പൂക്കോട് സര്‍വ്വകലാശാലയുടെ 100 ഏക്കര്‍ സ്ഥലം വനഭൂമിയാണെന്നും ആദിവാസികള്‍ക്ക് പതിച്ചുനല്‍കേണ്ട ഭൂമിയാണെന്നുമാണ് പരിസ്ഥിതി സംഘടനകളുടെയും ആദിവാസിസംഘടനകളുടെയും വാദം. ഇതിന്റെ അടിസ്ഥാനത്തിലാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ കോടതി നിര്‍ത്തിവെപ്പിച്ചത്.
ഇതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. രണ്ട് മാസമാകാറായിട്ടും സംസ്ഥാനസര്‍ക്കാര്‍ നിലപാടൊന്നും സ്വീകരിച്ചില്ല. ഫെബ്രുവരി 28 ഓടെ കേന്ദ്ര ഗ്രാന്റുകള്‍ നഷ്ടപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ പാലക്കാട് തിരുവാഴാംക്കുന്ന്, തൃശൂര്‍ മണ്ണൂത്തി ക്യാമ്പസുകളിലേക്കാണ് നിര്‍മാണങ്ങള്‍ മാറ്റുന്നത്. സര്‍വകലാശായില്‍ 25 കോഴ്‌സുകളും 1800 ല്‍ അധികം വിദ്യാര്‍ഥികളുമുണ്ട്.
ബിരുദാനന്തര ബിരുദ കോഴ്‌സുകളും ഏഴ് ബിരുദാനന്തരബിരുദ പ്രോഗ്രാമുകളും സര്‍വ്വകലാശാലയിലുണ്ട്. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മാറ്റുന്നതോടെ സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം നാമമാത്രമായി വയനാട്ടിലൊതുങ്ങും. ഇത് വയനാടിന്റെ വികസനം പിന്നോട്ടടിപ്പിക്കുമെന്നും വൈസ് ചാന്‍സലര്‍ ഡോ. ബി അശോക് പറഞ്ഞു.