Connect with us

Malappuram

മാവോയിസ്റ്റ് ഭീഷണി: സായുധസേനയുടെ സഹായത്തോടെ വനമേഖലയില്‍ വനപാലകര്‍ പരിശോധന നടത്തി

Published

|

Last Updated

കാളികാവ്: കിഴക്കന്‍ വനമേഖലയില്‍ സായുധ സേനയുടെ സഹായത്തോടെ വനപാലകര്‍ പരിശോധന നടത്തി. തിങ്കളാഴ്ച രാവിലെ വനത്തില്‍ കയറിയ സംഘം ചൊവ്വാഴ്ച വൈകുന്നേരമാണ് തിരിച്ചെത്തിയത്.
സൈലന്റ് വാലി, കാളികാവ്, കരുളായി വനമേഖലകളിലാണ് മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് സംഘം കാട് കയറിയത്. മലബാര്‍ മേഖലയിലെ മറ്റ് വനപ്രദേശങ്ങളിലും തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പരിശോധന നടന്നിട്ടുണ്ട്. വനത്തിനുള്ളില്‍ മാവോയിസ്റ്റ് സംഘങ്ങള്‍ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പെട്രോളിംഗ് നടത്തുന്നത്. തീവ്രവാദികളെ നേരിടാന്‍ പ്രത്യേക പരിശീലനം നേടിയ സായുധ സംഘമായ കേരളാ ആന്റി ടെററിസ്റ്റ് സ്‌കോര്‍ഡിന്റെ(കെ എ ടി എസ്) സഹായത്തോടെയാണ് തിരച്ചില്‍ നടത്തുന്നത്. മലബാറിലെ കിഴക്കന്‍ മലയോരമേഖലകള്‍ തമ്മില്‍ ബന്ധമുള്ളതിനാല്‍ മാവോയിസ്റ്റ് സംഘങ്ങള്‍ക്ക് വിവിധ ഭാഗങ്ങളിലേക്ക് എത്തിപ്പെടാന്‍ കഴിയുമെന്നതിന്റെ അടിസ്ഥാനത്തിലാണ് ഒരേ ദിവസം തന്നെ വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയത്.
അതേസമയം സാധാരണ പെട്രോളിംഗ് മാത്രമാണ് നടക്കുന്നതെന്നാണ് വനപാലകര്‍ പറയുന്നത്. അസാധാരണമായത് ഒന്നും കണ്ടെത്താനായില്ലെന്നും വനപാലകര്‍ പറയുന്നു. മലയോര മേഖലയിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വ്യവസായ ശാലകള്‍ക്കും മാവോവാദികളുടെ അക്രമണ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്. അക്രമിക്കുമെന്ന് ഉറപ്പുള്ള സ്ഥാപനങ്ങള്‍, സാധ്യതയുളള സ്ഥാപനങ്ങള്‍, അക്രമിച്ചേക്കാം എന്നീ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് പോലീസിന്റെ നിരീക്ഷണങ്ങള്‍. പോലീസ് സ്‌റ്റേഷന്‍, ഫോറസ്റ്റ് സ്റ്റേഷന്‍, പഞ്ചായത്ത് ഓഫീസുകള്‍, വില്ലേജ് ഓഫീസുകള്‍ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് മാവോയിസ്റ്റുകള്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.

---- facebook comment plugin here -----

Latest