Connect with us

Malappuram

ജില്ലാ ഓഫീസില്‍ ജിയോളജിസ്റ്റില്ല; ക്വാറി ഉടമകള്‍ നട്ടം തിരിയുന്നു

Published

|

Last Updated

തേഞ്ഞിപ്പലം: ക്വാറികള്‍ക്ക് ഖനനാനുമതി അടുത്ത മാസം ഒന്‍പത് വരെ നീട്ടി നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതോടെ ജില്ലാ ജിയോളജി ഓഫീസില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അഭൂതപൂര്‍വമായ തിരക്കാണനുഭവപ്പെട്ടത്. അതേസമയം സമയ ബന്ധിതമായി സേവനം നല്‍കാന്‍ ജിയോളജിസ്റ്റില്ല.
ഇതോടെ ക്വാറി ഉടമകള്‍ നട്ടം തിരിയുന്ന അവസ്ഥയാണ്. എന്നാല്‍ ഒരു ഭാഗത്ത് അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുമ്പോള്‍ മറുഭാഗത്ത് ഉദ്യോഗസ്ഥ തസ്തിക ഒഴിഞ്ഞ് കിടന്ന് ജനം സേവനങ്ങള്‍ക്കായി നെട്ടോട്ടമോടുന്ന അവസ്ഥയാണ് മലപ്പുറം ജില്ലാ ജിയോളജി ഓഫീസിന്റെ ഇന്നത്തെ അവസ്ഥ. കേന്ദ്ര ഹരിത ട്രൈബൂണലിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഖനനാനുമതിക്കായി സംസ്ഥാന പരിസ്ഥിതി ആഘാത നിയന്ത്രണനാനുമതി ബോര്‍ഡിന്റെ ക്ലിയറന്‍സ് ആവശ്യമാണെന്നും ക്ലിയറന്‍സില്ലാത്ത ക്വാറികള്‍ക്ക് ഈമാസം ഒമ്പത് വരെ നല്‍കിയാല്‍ മതിയെന്നും സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഈ നിര്‍ദേശത്തെ തുടര്‍ന്ന് സംസ്ഥാനത്തെ 3600 ക്വാറികള്‍ക്കും ഈമാസം ഒമ്പത് വരെ അനുമതി നല്‍കിയിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ ചര്‍ച്ചയില്‍ അടുത്ത മാസം ഒന്‍പത് വരെ പരിസ്ഥിതി ആഘാത നിയന്ത്രണഅനുമതിയില്ലാത്ത ക്വാറികള്‍ക്ക് അനുമതി നീട്ടിനല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ ഒരു മാസത്തെ ക്വാറിയിംഗ് കാലാവധി നീട്ടി നല്‍കുന്നതിനും ചെങ്കല്ല്, കരിങ്കല്ല് എന്നിവകളുടെ വില്‍പനക്കുളള പി ഫോമിനായുളള അപേക്ഷക്കായും കഴിഞ്ഞ ഒന്‍പത് മുതല്‍ മഞ്ചേരിയിലെ ജിയോളജി ഓഫീസില്‍ 100 കണക്കിന് ആളുകളാണ് എത്തിയിരുന്നത്. അതേസമയം ജില്ലാ ഓഫീസില്‍ സീനിയര്‍ ജിയോളജിസ്റ്റ് തസ്തിക ഒഴിഞ്ഞ് കിടക്കുകയാണ്. അസിസ്റ്റന്റ് ജിയോളജിസ്റ്റിനാണ് അഡീഷണല്‍ ചുമതല നല്‍കിയത്. ഇതോടെ പി ഫോമുകളില്‍ ഒപ്പിടേണ്ട ചുമതലയുളള രണ്ട് അസിസ്റ്റന്റ് ജിയോളജിസ്റ്റുമാരില്‍ ഒരാളുടെ സേവനമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. 758 ചെങ്കല്‍ ക്വാറികളും 453 കരിങ്കല്‍ ക്വാറികളുമാണ് ജില്ലയിലുളളത്.
ഇവകളില്‍ കരിങ്കല്‍ ക്വാറി ഇനത്തില്‍ ഏറനാട് താലൂക്കില്‍ 20 ക്വാറികള്‍ക്കും പെരിന്തല്‍മണ്ണ താലൂക്കില്‍ അഞ്ച് ക്വാറികള്‍ക്കും തിരൂരങ്ങാടി താലൂക്കില്‍ രണ്ട് ക്വാറികള്‍ക്കും നിലമ്പൂര്‍ താലൂക്കില്‍ ഒരു ക്വാറിക്കുമാണ് ലീസ് നല്‍കിയത്. കൂടാതെ ഏറനാട് താലൂക്കില്‍ 106 കരിങ്കല്‍ ക്വാറികള്‍ക്കും പെരിന്തല്‍മണ്ണ താലൂക്കില്‍ 58 കരിങ്കല്‍ക്വാറികള്‍ക്കും തിരൂരങ്ങാടി താലൂക്കില്‍ 29 കരിങ്കല്‍ക്വാറികള്‍ക്കും തിരൂര്‍ താലൂക്കില്‍ 17 കരിങ്കല്‍ക്വാറികള്‍ക്കും നിലമ്പൂര്‍ താലൂക്കില്‍ 18 കരിങ്കല്‍ക്വാറികള്‍ക്കും കൊണ്ടോട്ടി താലൂക്കില്‍ 35 കരിങ്കല്‍ക്വാറികള്‍ക്കുമാണ് ജിയോളജി വകുപ്പ് അനുമതി നല്‍കിയത്.
ഈ ക്വാറികള്‍ക്കെല്ലാം പെര്‍മിറ്റ് നീട്ടി കൊടുക്കേണ്ടതും പി ഫോറം ഒപ്പു വെക്കേണ്ടതും ഒരു അസി. ജിയോളജിസ്റ്റാണ്. സഹായത്തിന് ഒപ്പിടാന്‍ മിനറല്‍ ഇന്‍സ്‌പെക്ടറുമാണ് ജില്ലാ ഓഫീസിലുളളത്. ഒരു മാസം പെര്‍മിറ്റ് കാലാവധി നീട്ടി നല്‍കിയതോടെ ജില്ലാ ഓഫീസില്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം അഭൂത പൂര്‍വമായി തിരക്കാണ് കാണപ്പെട്ടത്. ഒരു മാസത്തിന് 10 മുതല്‍ 20 വരെ പി ഫോറങ്ങളാണ് ജില്ലാ ഓഫീസില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് ഒപ്പിട്ട് നല്‍കുന്നത്. അതേസമയം വെളളിയാഴ്ച്ച അപേക്ഷ നല്‍കിയവര്‍ക്ക് പോലും ഇത്തരത്തില്‍ പെര്‍മിറ്റ് കാലാവധി നീട്ടി നല്‍കാനോ പി ഫോറങ്ങള്‍ ഒപ്പിട്ട് നല്‍കാനോ ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ല. ഇതോടെ കലക്ക് വെളളത്തില്‍ മീന്‍ പിടിക്കുന്നത് പോലെ ജില്ലയിലെ ക്വാറികളേയും ലോറികളേയും പോലീസ് വേട്ടയാടാനും ക്വാറികളില്‍ കയറിയിറങ്ങി പിരിക്കാനും തുടങ്ങിയെന്ന് വ്യാപകമായ ആക്ഷേപം ഉയര്‍ന്നു. ജില്ലയിലെ ദേശീയ പാതക്കരികില്‍ നിലയുറപ്പിച്ച് ലോറികളെ പി ഫോറങ്ങളില്ലാത്തതിന്റെ പേരില്‍ ഫൈന്‍ ഈടാക്കാനും തുടങ്ങി. കൂടാതെ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജിയോളജി മിനറല്‍ സ്‌ക്വാഡും ജില്ലയിലേക്ക് പരിശോധനക്കായെത്തിയിട്ടുണ്ട്.
ഇതോടെ ക്വാറി മേഖല സ്തംഭിച്ചതിന് തുല്ല്യമാണ്. എന്നാല്‍ സര്‍ക്കാര്‍ ഒരു മാസം പെര്‍മിറ്റ് കാലാവധി നീട്ടി നല്‍കിയെങ്കിലും പിഫോറങ്ങള്‍ക്കായി അടുത്ത ഒന്‍പത് വരെ ജിയോളജി ഓഫീസില്‍ കയറിയിറങ്ങേണ്ട അവസ്ഥയാണ്.

Latest