Connect with us

Kozhikode

ചരിത്രം തീര്‍ക്കാനൊരുങ്ങി കലകളുടെ തലസ്ഥാന നഗരി

Published

|

Last Updated

കോഴിക്കോട്: ഏഷ്യയിയിലെ ഏറ്റവും വലിയ കൗമാര കലാ മാമാങ്കത്തിന് നാളെ തിരശ്ശീല ഉയരും. 17 വേദികളിലായി 11,000 ത്തോളം കലാ പ്രതിഭകള്‍ മാറ്റുരക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഡയറക്ടര്‍ കെ ഗോപാലകൃഷ്ണ ഭട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

15ന് രാവിലെ ഒമ്പതിന് പ്രധാന വേദിയായ മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ഗോപാലകൃഷ്ണഭട്ട് പതാക ഉയര്‍ത്തും. തുടര്‍ന്ന് സംഘാടക സമിതി ഓഫീസായ ബി ഇ എം സ്‌കൂളില്‍ രജിസ്‌ട്രേഷന്‍ നടക്കും. ഇതിന് 14 ജില്ലകള്‍ക്കായി 14 മുറികള്‍ തയാറാക്കിയിട്ടുണ്ട്. ഉച്ചക്ക് 2.30ന് കോഴിക്കോട് കടപ്പുറത്ത് നിന്ന് കേരളത്തിന്റെയും മലബാറിന്റെയും സാംസ്‌കാരിക ത്തനിമ വിളിച്ചറിയിക്കുന്ന ഘോഷയാത്ര ആരംഭിക്കും. എ ഡി ജി പി എന്‍ ശങ്കര്‍റെഡ്ഡി ഫഌഗ് ഓഫ് ചെയ്യും. നഗരപരിധിയിലെ 50 സ്‌കൂളുകളില്‍ നിന്നായി 6,000ത്തോളം കുട്ടികള്‍ ഘോഷയാത്രയില്‍ പങ്കെടുക്കും.
ഘോഷയാത്ര പ്രധാനവേദിയായ ക്രിസ്ത്യന്‍ കോളജില്‍ എത്തിയാലുടകന്‍ ജില്ലയിലെ 55 സംഗീത അധ്യാപകര്‍ അവതരിപ്പിക്കുന്ന സ്വാഗത ഗാനാലാപനവും ദൃശ്യാവിഷ്‌ക്കാരവും നടക്കും. തുടര്‍ന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുര്‍റബ്ബിന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കലോത്സവം ഉദ്ഘാടനം ചെയ്യും. ഗാനഗന്ധര്‍വന്‍ ഡോ. കെ ജെ യേശുദാസ് മുഖ്യാതിഥിയായിരിക്കും. ജില്ലയില്‍ നിന്നുള്ള എം പിമാര്‍, എം എല്‍മാര്‍, മേയര്‍, മറ്റ് ജനപ്രതിനിധികള്‍, സാംസ്‌കാരിക നായകന്‍മാര്‍ പങ്കെടുക്കും.
ഉദ്ഘാടന സമ്മേളനത്തിന് ശേഷം ഒന്നാം വേദിയില്‍ മോഹിനിയാട്ടം മത്സരം ആരംഭിക്കും. ഇതേ സമയം മറ്റു 10 വേദികളില്‍ വിവിധ മത്സരങ്ങള്‍ അരങ്ങേറും. സംസ്‌കൃതോത്സവം പുതിയറയിലെ എസ് കെ പൊറ്റക്കാട് ഹാളില്‍ 15 മുതല്‍ 20 വരെയും അറബിക് സാഹിത്യോത്സവം 18 മുതല്‍ സി എച്ച് മുഹമ്മദ് കോയ ഓഡിറ്റോറിയത്തിലും നടക്കും.
21ന് വൈകീട്ട് മൂന്നിന് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാന്ദന്‍ ഉദ്ഘാടനം ചെയ്യും. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ മന്ത്രി പി കെ അബ്ദുര്‍റബ്ബ് വിതരണം ചെയ്യും. ചലച്ചിത്ര താരങ്ങളായ ജയറാം, റീമ കല്ലിങ്കല്‍, ആഷിഖ് അബു മുഖ്യാഥിതികളായിരിക്കും. സമാപന സമ്മേളനത്തില്‍ സംഗീതാധ്യാപകരുടെ നേതൃത്വത്തില്‍ മംഗളഗാനാലാപനവും ഉണ്ടാകും.
സംസ്ഥാനതല മത്സരത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് യഥാക്രമം 2000, 1600, 1200 രൂപ വീതം ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. കലോത്സവ ചരിത്രത്തില്‍ ആദ്യമായി മത്സരത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഇത്തവണ മൊമെന്റോ നല്‍കും. കലോത്സവം പൊതുജനങ്ങളിലേക്ക് എത്തിക്കാന്‍ ംംം.ളമരലയീീസ.രീാനസമഹീഹമെ്മാ ഹശ്‌ല എന്നീ പേജുകളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. രാത്രി 12 മണിയോടെ മത്സരങ്ങള്‍ തീര്‍ക്കാന്‍ ശ്രമിക്കും. മേളയില്‍ അപ്പീലുകളുടെ ആധിക്യം കുറക്കാന്‍ നടപടി സ്വീകരിക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ഗോപാലകൃഷ്ണ ഭട്ട് കൂട്ടിച്ചേര്‍ത്തു. കലോത്സവത്തിനുള്ള ആദ്യ സംഘം കാസര്‍കോട് നിന്ന് ഇന്ന് വൈകിട്ട് അഞ്ചിന് എത്തും. ഇവര്‍ക്ക് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കും. കലോത്സവത്തിന് എത്തുന്ന പെണ്‍കുട്ടികള്‍ക്ക് നഗരത്തിലെ എട്ട് സ്‌കൂളുകളിലും ആണ്‍കുട്ടികള്‍ക്ക് ഏഴ് സ്‌കൂളുകളിലുമാണ് താമസ സൗകര്യമൊരുക്കിയിട്ടുള്ളത്. വാര്‍ത്താസമ്മേളനത്തില്‍ അഡീഷനല്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എല്‍ രാജന്‍, ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ കെ എന്‍ സതീഷ്, വി എച്ച് എസ് ഇ ഡയറക്ടര്‍ സി കെ മോഹനന്‍, കമാല്‍ വരദൂര്‍, ഇ കെ വിജയന്‍, കെ സനോജ്, യൂസഫ് കോറോത്ത് പങ്കെടുത്തു.