Connect with us

Kasargod

മാവോയിസ്റ്റ് അക്രമം: പിടിയിലായവരില്‍ നിന്ന് വിശദാംശങ്ങള്‍ ലഭിക്കാതെ പോലീസ് കുഴങ്ങുന്നു

Published

|

Last Updated

കാഞ്ഞങ്ങാട്; സംസ്ഥാനത്ത് ആദ്യമായി മാവോയിസ്റ്റ് ആക്രമണത്തില്‍ പങ്കെടുത്ത കാസര്‍കോട് ജില്ലക്കാരായ രണ്ട് പേരെ പിടികൂടിയിട്ടും കൂടുതല്‍ വിവരമൊന്നും ലഭിക്കാതെ പോലീസ് കുഴങ്ങുന്നു.

കഴിഞ്ഞ മാസം 22ന് രാവിലെ 7.45 നു ബഹുരാഷ്ട്ര റെസ്‌റ്റോറന്റ് ശൃംഖലയില്‍പ്പെട്ട ചന്ദ്രനഗറിലെ കെ എഫ് സി, മാക്‌ഡൊണാള്‍ഡ്‌സ് സ്ഥാപനങ്ങള്‍ക്കു നേരെ ആക്രമണം നടത്തിയ എട്ടംഗ സംഘത്തില്‍പ്പെട്ട തൃക്കരിപ്പൂര്‍ സ്വദേശി അരുണ്‍ ബാലന്‍(21), ചെറുവത്തൂര്‍ സ്വദേശി ശ്രീകാന്ത് പ്രഭാകരന്‍(24) എന്നിവരാണ് പതിനാറ് ദിവസമായി പോലീസ് കസ്റ്റഡിയിലുള്ളത്.
ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ ചോദ്യംചെയ്യലില്‍ ആക്രമണ സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവരുടെ പേരു പോലും അറിയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണിവര്‍. ഒരു സഖാവാണ് തങ്ങളെ ഈ ദൗത്യം ഏല്‍പ്പിച്ചതെന്നും അയാളെ അറിയില്ലെന്നും മാത്രമാണ് ഇവര്‍ വെളിപ്പെടുത്തിയത്. കൊച്ചിയിലെ നീറ്റ ജലാറ്റിന്‍ സ്ഥാപനത്തിനു നേരേയുണ്ടായ ആക്രമണവും ചന്ദ്രനഗറിലേതിന് സമാനമായിരുന്നു. പിടിയിലായവര്‍ അതില്‍ ഉള്‍പ്പെട്ടതായി ചോദ്യംചെയ്തതില്‍ സമ്മതിച്ചതായാണ് വിവരം. നീലേശ്വരത്തും കാഞ്ഞങ്ങാട്ടും മാവോയിസ്റ്റ് പോസ്റ്റര്‍ പതിച്ച സംഭവത്തിലും ഇവര്‍ പ്രതികളാണെന്ന് പോലീസ് പറയുന്നു. ഈ കേസില്‍ ഇരുവരെയും കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനുള്ള നടപടി ക്രമങ്ങള്‍ കാഞ്ഞങ്ങാട് ഡി വൈ എസ് പി. കെ ഹരിശ്ചന്ദ്ര നായക്കിന്റെ നേതൃത്വത്തില്‍ നടന്ന് വരുകയാണ്.