Connect with us

Ongoing News

ഗോഡ്‌സെക്ക് സ്മാരകമുണ്ടാക്കാനുള്ള ശ്രമത്തിനെതിരെ മതേതര ശക്തികള്‍ ഒന്നിക്കണം: സി പി ജോണ്‍

Published

|

Last Updated

തിരുവനന്തപുരം: ഗാന്ധി ഘാതകനായ ഗോഡ്‌സെക്ക് രാജ്യത്ത് സ്മാരകവും ആരാധനാലയവും വരെ ഉണ്ടാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ മതേതര ശക്തികള്‍ ഒന്നിച്ചു നില്‍ക്കണമെന്ന് സി എം പി (ജോണ്‍ വിഭാഗം) ജനറല്‍ സെക്രട്ടറി സി പി ജോണ്‍. ഫാസിസ്റ്റ് ശക്തികളെ എതിര്‍ക്കേണ്ടതിനു പകരം അന്ധമായ കോണ്‍ഗ്രസ്സ് വിരുദ്ധ നിലപാട് വച്ചു പുലര്‍ത്തുകയാണ് സി പി എം ചെയ്യുന്നത്. മതേതര ശക്തികളെ ഒന്നിപ്പിച്ചു നിര്‍ത്താനാണ് സി പി എം ശ്രമിക്കേണ്ടത്.
വര്‍ഗീയ ശക്തികള്‍ ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കുമ്പോള്‍ ഇവിടെ കൃഷ്ണപിള്ളയുടെ പ്രതിമ തകര്‍ക്കുകയാണ്. തകര്‍ത്തത് സി പി എം തന്നെയാണെന്നതാണ് സത്യം. ഗാന്ധി ഘാതകന് ഇന്ത്യയില്‍ ഒരിടത്തും സ്മാരകമോ ആരാധനാലയമോ ഉണ്ടാവുകയില്ലെന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനമന്ത്രി എന്ന നിലയില്‍ മോദിയുടെ ചുമതലയാണ്. പ്രതിമ ഉണ്ടാക്കുന്നതിന്റെ ഉത്തരാവാദിത്തം ഇല്ലെങ്കില്‍ അതുണ്ടാവാതെ നോക്കേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണ്. ആ ഉറപ്പ് മോദി രാജ്യത്തിന് നല്‍കണം. ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് ഗാന്ധിജിയുടെ രക്തസാക്ഷി ദിനമായ ഈ മാസം 30 ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സത്യാഗ്രഹം സംഘടിപ്പിക്കും. ഈ വിഷയത്തില്‍ പ്രധാനമന്ത്രിക്ക് കത്തയയ്ക്കുമെന്നും സി പി ജോണ്‍ പറഞ്ഞു. മത രാഷ്ട്രീയ തീവ്രവാദത്തിനെതിരെ ഫെബ്രുവരി മാര്‍ച്ച് മാസത്തില്‍ പ്രചരണജാഥകളും സെമിനാറുകളും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest