Connect with us

Kozhikode

ജനതാ പരിവാര്‍ ഏകീകരണത്തിന് ശേഷവും ഇടതുമുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിക്കും: ദേവെഗൗഡ

Published

|

Last Updated

കോഴിക്കോട്: ജനതാ പരിവാറിന്റെ ഏകീകരണത്തിന് ശേഷവും കേരളത്തില്‍ പാര്‍ടി ഇടതുമുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിക്കുമെന്ന് ജനതാദള്‍ (എസ്) ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവെഗൗഡ.
കോണ്‍ഗ്രസ് ബി ജെ പി ബദലിനായുള്ള ചര്‍ച്ചകള്‍ക്കാണ് കേരളത്തിലെത്തിയത്. ജനതാ പരിവാറിനൊപ്പം ഇടതുപക്ഷവും ചേരുന്നതോടെ കോണ്‍ഗ്രസിനും ബി ജെ പിക്കും ബദല്‍ രാഷ്ട്രീയ ശക്തിയായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ഗസ്റ്റ്ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഗൗഡ.
പാര്‍ലിമെന്റിലെ സീറ്റുകളുടെ എണ്ണം നോക്കി ഇതിനെ വിലയിരുത്തേണ്ടതില്ല. വടക്കേ ഇന്ത്യയിലെ വലിയൊരു വിഭാഗം ജനങ്ങള്‍ ഈ ബദല്‍ ആഗ്രഹിക്കുന്നുണ്ട്. മുലായം സിംഗിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഐക്യചര്‍ച്ചകള്‍ക്ക് സമയപരിധി നിശ്ചയിച്ചിട്ടില്ല. ബിജു ജനതാദളും ഐക്യത്തിന്റെ ഭാഗമാകണമെന്നാണ് ആഗ്രഹം. എന്നാല്‍ അവര്‍ ഇതുവരെ മനസു തുറന്നിട്ടില്ല. ജനതാ പരിവാറിന്റെ ഏകീകരണത്തില്‍ നവീന്‍ പട്‌നായികിന്റെ പങ്കാളിത്തം ഏറെ നിര്‍ണായകമാണ്. ജനതാദള്‍(യു)മായുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്.
ഏത് പാര്‍ടിയുമായി ചര്‍ച്ച നടത്തിയാലും ലയിച്ചാലും ഇടതു മുന്നണിക്കൊപ്പം ഉറച്ചു നില്‍ക്കുമെന്നും ഗൗഡ പറഞ്ഞു. ജനതാദള്‍ എസ് ദേശീയ സെക്രട്ടറി ജനറല്‍ ഡാനിഷ് അലി, സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ്, ദേശീയ സെക്രട്ടറി നീലലോഹിതദാസന്‍ നാടാര്‍, സംസ്ഥാന സെക്രട്ടറി കെ ലോഹ്യ, എം കെ പ്രേംനാഥ് പങ്കെടുത്തു.

Latest