Connect with us

Ongoing News

പുതിയ മാര്‍ഗരേഖയായി; ദത്തെടുക്കല്‍ പുനരാരംഭിച്ചു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാന ശിശു ക്ഷേമസമിതിയിലെ ദത്തെടുക്കല്‍ പ്രക്രിയക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങളായതായി ശിശുക്ഷേമ സമിതി അഡ്മിനിസ്‌ട്രേറ്റര്‍ ബിജു പ്രഭാകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സമിതിയിലെ ദത്തെടുക്കല്‍ പ്രക്രിയ സുതാര്യമല്ലാത്തതിനാല്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. സാമൂഹികനീതി വകുപ്പ് അഡീഷനല്‍ സെക്രട്ടറി കെ എം എബ്രഹാം അധ്യക്ഷനായ കമ്മിറ്റിയാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കിയത്. ഇതിനായി ദത്തെടുക്കല്‍ പ്രക്രിയക്ക് ഒരു അഡോപ്ഷന്‍ കമ്മിറ്റി രൂപവത്കരിക്കും. തിരുവനന്തപുരം ജില്ലാ കലക്ടര്‍ ചെയര്‍മാനും സബ് കലക്ടര്‍ വൈസ് ചെയര്‍മാനുമായാണ് കമ്മിറ്റി രൂപവത്കരിക്കുക.

ദത്തെടുക്കല്‍ ആഗ്രഹിക്കുന്ന ദമ്പതികളുടെ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപ ആയിരിക്കണം, വിദ്യാഭ്യാസ യോഗ്യത സെന്‍ട്രല്‍ അഡോപ്ഷന്‍ അതോറിറ്റി (കാര)യുടെ 2011ലെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും, ദമ്പതികളുടെ പ്രായപരിധിയും കാര ഗൈഡ് ലൈന് അനുസൃതമായിരിക്കണം തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍. ദത്തെടുക്കലിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ദമ്പതികളുടെ ഭവന സന്ദര്‍ശനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് അംഗീകൃത സര്‍ക്കാര്‍ ഇതര ഏജന്‍സിയെ ഏല്‍പ്പിക്കും. ഇവര്‍ക്കുള്ള സാങ്കേതിക സഹായം ശിശുക്ഷേമ പദ്ധതികളുടെ ടീമിനായിരിക്കും. കൂടാതെ ദമ്പതികള്‍ക്ക് സ്വന്തമായി 1500 ചതുരശ്രയടിയുള്ള വീടോ 1000 ചതുരശ്രയടിയുടെ ഫഌറ്റോ ഉണ്ടായിരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്. ദമ്പതികളുടെ ആരോഗ്യ മാനസിക പരിശോധനാ റിപ്പോര്‍ട്ടുകള്‍ കേന്ദ്ര സര്‍ക്കാറിന്റെ ആരോഗ്യ പദ്ധതിയുടെ പരിധിയില്‍ വരുന്ന ആശുപത്രികളില്‍ നിന്നുള്ളതേ സ്വീകരിക്കൂവെന്നും നിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്. കുട്ടികളെ ദത്തെടുക്കുന്നതിനായുള്ള അപേക്ഷാ ഫോറം കാരയുടെ ബൈ്‌സൈറ്റായ www.cara.com എന്ന വെബ്‌സൈറ്റില്‍ നിന്നും ശിശുക്ഷേമ സമിതിയിയുടെ തൈക്കാട് ദത്തെടുക്കല്‍ കേന്ദ്രത്തില്‍ നിന്ന് ലഭിക്കും. മുമ്പ് ദത്തെടുക്കലിനായി അപേക്ഷിച്ചിട്ടുള്ളവര്‍ അപേക്ഷ പുതുക്കി നല്‍കണം. ഇവര്‍ക്ക് അപേക്ഷാ ഫോറം സൗജന്യമായിരിക്കും. പുതുക്കിയ അപേക്ഷകള്‍ ഈ മാസം 31ന് മുമ്പ് സമര്‍പ്പിച്ചിരിക്കണം. അപേക്ഷയോടൊപ്പം നിര്‍ദിഷ്ട ഫോറത്തിലുള്ള സര്‍ട്ടിഫിക്കറ്റും അവലംബമായി നല്‍കണം. ഗവണ്‍മെന്റിന്റെ മാര്‍ഗ നിര്‍ദേശ പ്രകാരമുള്ള ദത്തെടുക്കല്‍ പ്രക്രിയ നടപ്പാക്കുന്നതിന് മുമ്പായി ഗൈഡ് ലൈന് വിധേയമായി ദമ്പതികളുടെ മുന്‍ഗണനാ പട്ടിക അടുത്ത മാസം 20ന് മുമ്പ് പ്രസിദ്ധീകരിക്കും. പട്ടികയെ സംബന്ധിച്ച് എന്തെങ്കിലും വിയോജിപ്പുള്ളവര്‍ക്ക് അടുത്ത മാസം 28ന് മുമ്പ് രേഖാമൂലം അപേക്ഷ നല്‍കാവുന്നതാണ്. മാനദണ്ഡങ്ങളില്‍പ്പെടാതെ ഒഴിവാക്കപ്പെടുന്ന ദമ്പതികള്‍ക്ക് ഈടാക്കിയ ഹോംസ്റ്റഡി ഫീസ് സമിതിയില്‍ നിന്നും മടക്കി നല്‍കും. വളരെ കര്‍ശനമായി സീനിയോറിറ്റി ലിസ്റ്റ് നോക്കി സുതാര്യമായ നടപടിക്രമങ്ങളിലൂടെ മാത്രമേ കുട്ടികളെ ദത്ത് നല്‍കുവെന്നും കലക്ടര്‍ പറഞ്ഞു. സര്‍ക്കാര്‍ അംഗീകരിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ച് ചുരുക്കപ്പട്ടിക തയ്യാറാക്കി മുന്‍ഗണനാക്രമത്തില്‍ കുട്ടികളെ നല്‍കും. ഇതിന് ശേഷം മാത്രമേ പുതിയ രജിസ്‌ട്രേഷന്‍ സ്വീകരിക്കുകയുള്ളൂവെന്നും ബിജു പ്രഭാകര്‍ അറിയിച്ചു.

Latest