Connect with us

Ongoing News

വിഴിഞ്ഞം കടലിലെ വെടിവെപ്പ്; തീരസംരക്ഷണ സേന അന്വേഷണത്തിന് ഉത്തരവിട്ടു

Published

|

Last Updated

തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ ബോട്ടിന് നേരെ വെടിവെപ്പുണ്ടായ സംഭവത്തില്‍ തീരസംരക്ഷണ സേനയും, രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം നടത്തും. കമാന്‍ഡന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണ ചുമതല. വിശദമായ അന്വേഷണം നടത്തി ഈ മാസം 24 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. വെടിവെക്കേണ്ട സാഹചര്യമുണ്ടായിരുന്നോ, വെടിയുതിര്‍ക്കും മുമ്പ് ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ട ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നോ എന്നുള്ള കാര്യങ്ങളായിരിക്കും അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുക. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയായ “റോ”യും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി “റോ” ഉദ്യോഗസ്ഥരും, തീരസംരക്ഷണ സേന സി ഐയും വെടിവെയ്പ്പ് നടന്ന ബോട്ടിലും കോസ്റ്റു ഗാര്‍ഡിന്റെ കപ്പലിലും തെളിവെടുപ്പ് നടത്തി. അന്വേഷണത്തില്‍ വെടിവെയ്ക്കാന്‍ ഉപയോഗിച്ച 9 എം എം ബുള്ളറ്റ് കണ്ടെത്തിയിട്ടുണ്ട്. 13 റൗണ്ട് വെടിവയ്പ്പ് നടത്തിയതായാണ് തീരസംരക്ഷണ സേന ഉദ്യോഗസ്ഥര്‍ നല്‍കിയിരിക്കുന്ന വിശദീകരണം. ബോട്ടിന്റെ രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് ബോട്ടിന്റെ രജിസ്‌ട്രേഷന്‍ കാലാവധി 2012 ല്‍ അവസാനിച്ചതായാണ് കണ്ടെത്തിയിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
തിങ്കളാഴ്ച വൈകുന്നേരം പൂന്തുറ ബീമാ പള്ളിക്കു സമീപമാണ് കൊല്ലം നീണ്ടകര സ്വദേശി ജാസ്മിന്റെ വക “ഋഷിക’ മത്സ്യബന്ധന ബോട്ടിന് നേരേ തീര സംരക്ഷണ സേന വെടിവെച്ചത്. കന്യാകുമാരി തീരത്ത് നിന്ന് മത്സ്യബന്ധനം കഴിഞ്ഞു മടങ്ങുക യായിരുന്ന ബോട്ട് മുന്നറിയിപ്പു നല്‍കിയിട്ടും നിര്‍ത്താതെ പോയതിനാലാണു വെടിവെച്ചതെന്നാണ് തീരസംരക്ഷണ സേന നല്‍കുന്ന വിശദീകരണം. വെടിവെയ്പില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് സാരമായി പരിക്കേറ്റിരുന്നു.
കന്യാകുമാരി മണല്‍ക്കര സ്വദേശികളായ സുബിന്‍ ജഗദീഷ്‌കുമാര്‍ (30), ക്ലമന്റ് (30) എന്നിവര്‍ക്കാണ് വെടിവെപ്പില്‍ പരിക്കേറ്റത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ പരിക്ക് ഗുരുതരമല്ല. പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട ഏഴ് പേരെയും രണ്ട് ആള്‍ ജാമ്യത്തിന്റെ ബലത്തില്‍ വിട്ടയച്ചെങ്കിലും ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെ യ്തിട്ടുണ്ട്.