Connect with us

National

വികസനാവശ്യങ്ങളുമായി ഒരുമിച്ച് കേരളം

Published

|

Last Updated

ന്യൂഡല്‍ഹി:കേരളത്തിന്റെ വികസനാവശ്യങ്ങളുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു. റബര്‍വില തകര്‍ച്ച, പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്‍ തിരിച്ചയച്ചത് തുടങ്ങിയ വിഷയങ്ങളും പ്രധാനമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചു.

പൊതുബജറ്റില്‍ ഉള്‍പ്പെടുത്തേണ്ട ആവശ്യങ്ങള്‍ അടങ്ങിയ വിശദമായ നിവേദനവും മുന്‍ഗണനാപട്ടികയും ധനമന്ത്രി അരുണ്‍ജയ്റ്റ്‌ലിയെ സന്ദര്‍ശിച്ച് കൈമാറി. പാലക്കാട് ഐ ഐ ടി, ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, കൊച്ചി ക്യാന്‍സര്‍ സെന്റര്‍, കേരള ഫിഷറീസ് സര്‍വകലാശാലക്ക് നൂറ് കോടി ഗ്രാന്റ്, രാസവളമന്ത്രാലയം അംഗീകരിച്ച ഫാക്ട് പുനരുദ്ധാരണ പാക്കേജ്, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് വിപുലീകരണത്തിനുള്ള 300 കോടിയുടെ പദ്ധതി, ശബരിമല ദേശീയ തീര്‍ഥാടന കേന്ദ്രമാക്കുന്നതിന് നൂറ് കോടി തുടങ്ങിയവയാണ് പൊതുബജറ്റില്‍ ഉള്‍പ്പെടുത്താന്‍ കേരളം മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍. റബര്‍ വില തകര്‍ച്ച നേരിടാന്‍ അടിയന്തിര ഇടപെടലുകള്‍ വേണമെന്ന് പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. റബര്‍ വില ക്രമാതീതമായി താഴ്ന്നതോടെ റബര്‍ കര്‍ഷകര്‍ രംഗം വിടുകയാണ്. റബര്‍ വ്യവസായത്തെ മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം. ഇറക്കുമതി റബറിന്റെ എക്‌സൈസ് തീരുവ 20 മുതല്‍ 25 ശതമാനം വരെ വര്‍ധിപ്പിക്കണം.
റബര്‍ അധിഷ്ഠിത ഉത്പന്നങ്ങള്‍ വ്യാപകമായി ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത് ചെറുകിട ആഭ്യന്തര വ്യവസായികളെ ബാധിച്ചിട്ടുണ്ട്. റബറിന് രണ്ട് രൂപ സെസ് ഏര്‍പ്പെടുത്തി ഈ പണം ചെറുകിട റബര്‍ മേഖലയുടെ വികസനത്തിന് ഉപയോഗിക്കണം. റോഡ് വികസനത്തിന് റബറൈസ്ഡ് ബിറ്റുമിന്‍ ഉപയോഗിക്കണം. റബര്‍ മേഖലക്കായി വില സ്ഥിരതാ ഫണ്ട് രൂപവത്കരിക്കണം. റബറധിഷ്ഠിത ഉത്പന്നങ്ങളുടെ സംസ്ഥാനാന്തര വിപണനത്തിനുള്ള എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കണം. സിന്തറ്റിക് റബറിനെ കൂടി റബര്‍ബോര്‍ഡിന് കീഴിലാക്കണം. റബര്‍ബോര്‍ഡിന് എത്രയും വേഗം ഫുള്‍ടൈം ചെയര്‍മാനെ നിയോഗിക്കണമെന്നും ബോര്‍ഡിനെ ശക്തിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. കേരളത്തിലെ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുന്ന കാര്യത്തില്‍ തമിഴ്‌നാടുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തണം. പുതിയ ഡാം നിര്‍മ്മിക്കുന്നത് വരെ ജലനിരപ്പ് 136 അടിയില്‍ നിലനിര്‍ത്താന്‍ നടപടി സ്വീകരിക്കണം.
ജലനിരപ്പ് ഉയര്‍ത്തുന്നത് അപകടങ്ങള്‍ ക്ഷണിച്ച് വരുത്തും. സുപ്രീംകോടതി നിര്‍ദേശപ്രകാരം നിയോഗിച്ച സൂപ്പര്‍വൈസറി കമ്മിറ്റി തമിഴ്‌നാട് നിലപാടിനൊപ്പമാണ് നില്‍ക്കുന്നത്. ഡാമിന് താഴെയുള്ള ജനങ്ങളുടെ സുരക്ഷമുന്‍നിര്‍ത്തിയാണ് കമ്മിറ്റി രൂപവത്കരിച്ചിട്ടുള്ളത്. പ്ലാച്ചിമട കൊക്ക കോള ഫാക്ടറിമൂലം ദുരിതം അനുഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം ഉറപ്പ് വരുത്താനും ഇത് സംബന്ധിച്ച പരാതികള്‍ക്ക് തീര്‍പ്പുണ്ടാക്കാനും രൂപവത്കരിച്ച പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്ലിന് അംഗീകാരം നല്‍കണം. ബില്‍ അംഗീകാരത്തിനായി രാഷ്ട്രപതിക്ക് അയക്കാതെ അത് പിന്‍വലിക്കണമെന്ന നിര്‍ദേശമാണ് ആഭ്യന്തരമന്ത്രാലയം കേരളത്തിന് നല്‍കിയിരിക്കുന്നത്. മത്സ്യ തൊഴിലാളികള്‍ക്ക് മണ്ണെണ്ണ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണം. നടപ്പുവര്‍ഷത്തെ നാലാം പാദത്തില്‍ സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതത്തില്‍ 7527 കിലോലിറ്റര്‍ കുറവ് വരുത്തിയിരിക്കയാണ്. മത്സ്യബന്ധത്തിന് മണ്ണെണ്ണ ബോട്ടുകളാണ് മത്സ്യത്തൊഴിലാളികള്‍ പ്രധാനമായും ഉപയോഗിക്കുന്നത്. അതിനാല്‍ നേരത്തെ അനുവദിച്ചിരുന്ന 30048 കിലോലിറ്റര്‍ മണ്ണെണ്ണ തന്നെ ഉറപ്പ് വരുത്താന്‍ നടപടി സ്വീകരിക്കണം എന്നിവ ആവശ്യപ്പെട്ടു.