Connect with us

Ongoing News

പാറ്റൂര്‍ ഭൂമിയിടപാട്: ഗൂഢാലോചകരുടെ പേര് ഹൈക്കോടതിക്ക് നല്‍കുമെന്ന് ബിജു പ്രഭാകര്‍

Published

|

Last Updated

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ കുറ്റക്കാരനാക്കിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍.
തനിക്കെതിരായ ഗൂഢാലോചനയുടെ ഫലമാണ് ലോകായുക്തയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട്. വിവാദമാവുമെന്നതിനാല്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുന്നില്ല. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പേരുകളടക്കമുള്ള തെളിവുകള്‍ തിങ്കളാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്നും ബിജു പ്രഭാകര്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലോകായുക്തക്ക് മുന്നിലെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി പരാമര്‍ശം നടത്തിയത്.
എന്നാല്‍, കോടതിയില്‍ നല്‍കിയ രേഖകളില്‍ കൃത്രിമം നടന്നിട്ടുണ്ട്. അതാണ് അന്വേഷണവുമായി താന്‍ സഹകരിക്കുന്നില്ലെന്ന് ലോകായുക്തക്ക് നീരസം തോന്നിയത്. പാറ്റൂരിലെ വിവാദഭൂമി പുറമ്പോക്കാണെങ്കില്‍ മുട്ടത്തറ വരെയുള്ള ആറേക്കറോളം വരുന്ന ഭൂമിയും പുറമ്പോക്കാവും. പാറ്റൂര്‍ ഭൂമിയിടപാട് നടക്കുന്നത് തന്റെ കാലത്തല്ല .
തന്റെ ഓഫിസ് റെയ്ഡ് ചെയ്ത് അന്വേഷണസംഘത്തിന് രേഖകള്‍ പിടിച്ചെടുക്കാവുന്നതാണ്. താന്‍ കുറ്റക്കാരനാണെന്ന് കാണിക്കാനാണ് ചിലരുടെ ശ്രമം. ഇതുകൊണ്ടൊന്നും താന്‍ തളരില്ലെന്നും ബിജു പ്രഭാകര്‍ പറഞ്ഞു. വഞ്ചിയൂര്‍ വില്ലേജ് ഓഫിസിന്റെ ബി ടി ആര്‍ പലതവണ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും നല്‍കിയില്ല എന്നാണ് ലോകായുക്തയുടെ വിമര്‍ശനം.
കാലപ്പഴക്കംമൂലം ബി ടി ആര്‍ നശിച്ചുപോയെന്ന തരത്തിലുള്ള റിപ്പോര്‍ട്ട് താന്‍ നല്‍കിയിട്ടില്ല. ഇക്കാര്യം താന്‍ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചതാണ്. എന്നാല്‍, ഇത് യഥാസമയം ലോകായുക്തയെ അറിയിക്കാതിരുന്നതിലുള്ള ആശയക്കുഴപ്പമാണുണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു