Connect with us

Ongoing News

സരിതക്കും ബിജു രാധാകൃഷ്ണനുമെതിരെ അന്വേഷണ കമ്മീഷന് മുന്നില്‍ ഒരു സാക്ഷി കൂടി മൊഴി നല്‍കി

Published

|

Last Updated

കൊച്ചി: സോളാര്‍ തട്ടിപ്പു കേസിലെ പ്രതികളായ സരിതാ എസ് നായര്‍ക്കും ബിജു രാധാകൃഷ്ണനുമുള്ള ഉന്നത ബന്ധങ്ങളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന് മുന്നില്‍ ഒരു സാക്ഷി കൂടി മൊഴി നല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളായ ടെന്നി ജോപ്പന്‍, ജിക്കുമോന്‍, മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, അടൂര്‍ പ്രകാശ്, കേന്ദ്രമന്ത്രിമാരായ കെ സി വേണുഗോപാല്‍, ഫാറൂഖ് അബ്ദുല്ല, പി ചിദംബരം, രാഷ്ട്രപതിയുടെ മകന്‍ മുഖര്‍ജി എന്നിവരുടെ പേരുകളാണ് പത്തനംതിട്ട ഇടയാറന്‍മുള സ്വദേശിയും അമേരിക്കന്‍ മലയാളിയുമായ ഇ കെ ബാബുരാജ് നല്‍കിയ മൊഴിയിലുള്ളത്. ടീം സോളാറിന്റെ ലാഭവിഹിതത്തിന്റെ മൂന്നിലൊന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുള്ളതാണെന്ന് ബിജു രാധാകൃഷ്ണന്‍ പറഞ്ഞതായും ഇ കെ ബാബുരാജ് ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി. മന്ത്രിസഭായോഗം ചേരുന്നതിനു ദിവസങ്ങള്‍ക്ക് മുമ്പു തന്നെ ബിജു രാധാകൃഷണന് യോഗ തീരുമാനങ്ങള്‍ ചോര്‍ന്ന് കിട്ടിയിരുന്നു. കാര്‍ യാത്രയ്ക്കിടെ ജോപ്പന്‍ ബിജുവിനെ ഫോണില്‍ വിളിക്കുകയും താനുമായി സംസാരിക്കുകയും ചെയ്തു. മുഖ്യമന്ത്രിയെ കാണാന്‍ സൗകര്യമൊരുക്കാമെന്ന് ഉറപ്പും നല്‍കി. ചിദംബരത്തിനെ അങ്കിള്‍ എന്നാണ് ബിജു വിളിച്ചിരുന്നത്. ചിദംബരത്തിന്റെ ഭാര്യ നളിനി തന്റെ കേസ് വാദിച്ചിട്ടുണ്ടെന്നും അന്നു മുതല്‍ ഇവരുമായി അടുത്ത ബന്ധമുണ്ടെന്നും ബിജു പറഞ്ഞു. ഗുജറാത്തില്‍ സോളാര്‍ പദ്ധതി നടപ്പാക്കാന്‍ നരേന്ദ്രമോദിക്ക് ഉപദേശം നല്‍കിയെന്ന് കൂടി പറഞ്ഞതോടെയാണ് തനിക്ക് വിശ്വാസമായത്. ടീം സോളാറിന്റെ ചെയര്‍മാന്‍ ആക്കാമെന്ന് വാഗ്ദാനം ചെയ്താണ് 1.19 കോടി രൂപ തട്ടിയെടുത്തത്.
സരിത തന്റെ വീട്ടില്‍ ഇരിക്കുമ്പോള്‍ സരിതയുടെ ഫോണിലേക്കു മന്ത്രി ഗണേഷ്‌കുമാര്‍ വിളിച്ചിരുന്നു. സോളാര്‍ ബിസിനസ് തകര്‍ന്നത് സരിതയും ഗണേഷ്‌കുമാറും തമ്മിലുള്ള അവിഹിതബന്ധം മൂലമാണെന്നും സരിത പണം ദുര്‍വ്യയം ചെയ്തുവെന്നും ബിജു തന്നോട് പറഞ്ഞിരുന്നു. സരിതക്കും ബിജുവിനുമൊപ്പം ഗണേഷ് നില്‍ക്കുന്ന നൂറ്റമ്പതോളം ഫോട്ടോകള്‍ അവര്‍ കാണിച്ചു. കായംകുളത്ത് നാല് മാസമായി തീര്‍പ്പാകാതെ കിടന്ന തന്റെ വസ്തു പ്രശ്‌നം നാലു ദിവസം കൊണ്ടു ബിജുവും സരിതയും തീര്‍ത്തുതന്നു. ഇതിനായി സരിത സ്വന്തം കൈപ്പടയില്‍ മുഖ്യമന്ത്രിക്ക് എഴുതിയ കത്തിന്റെ കോപ്പി കമ്മീഷനു മുമ്പില്‍ ഹാജരാക്കി. ഫാറൂഖ് അബ്ദുല്ലയുടെ ഒരു കത്തും മുഖ്യമന്ത്രിയുടെ മൂന്നു കത്തും ഇവര്‍ തന്നെ കാണിച്ചു. മന്ത്രിയായിരിക്കേ കെ സി വേണുഗോപാലിനെ കാണാന്‍ ഓഫീസില്‍ ചെന്നപ്പോള്‍ മന്ത്രി ദേഹത്ത് സ്പര്‍ശിച്ചെന്നും പിന്നീട് “യു ആര്‍ സോ സോഫ്റ്റ്” എന്നു പറഞ്ഞ് എസ് എം എസ് അയച്ചെന്നും സരിത പറഞ്ഞിട്ടുണ്ട്.
കേരളത്തിന്റെ തീരമേഖലയില്‍ സോളാര്‍പാനലുകള്‍ സ്ഥാപിക്കാന്‍ 830 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ടെന്നും അതിനായി ഡല്‍ഹിയില്‍ പോയി മുഖ്യമന്ത്രിയെ കാണാമെന്നും വിശ്വസിപ്പിച്ചു. ഇതിനായി രണ്ടുവട്ടം ബിജു തന്നെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വരുത്തിയശേഷം മടക്കിയയച്ചു. വിശ്വസിപ്പിക്കാനുള്ള എല്ലാ തന്ത്രങ്ങളും അവര്‍ പയറ്റി. സ്വന്തം പേരുപോലും തന്നോടു പറഞ്ഞിരുന്നില്ല. അറസ്റ്റ് ചെയ്യപ്പെടുന്നതിന് ഏതാനും ദിവസം മുമ്പാണ് ഇവരുടെ യഥാര്‍ത്ഥ പേര് മനസ്സിലായത്.
വഞ്ചിക്കപ്പെട്ടെന്നു മനസ്സിലായപ്പോള്‍ വയലാര്‍ രവിയുടെ നിര്‍ദേശപ്രകാരം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഔദ്യോഗിക വസതിയില്‍ ചെന്നു കണ്ടു പരാതി നല്‍കി.
പരാതി െ്രെകംബ്രാഞ്ചിനു കൈമാറിയെങ്കിലും നടപടിയെടുത്തില്ല. കേസ് വൈകിപ്പിക്കാന്‍ കോട്ടയത്തെ പ്രമുഖ രാഷ്ട്രീയ നേതാവില്‍ നിന്ന് സമ്മര്‍ദമുണ്ടെന്ന് െ്രെകംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ ഇസ്മയില്‍ പറഞ്ഞിരുന്നു. പോലീസില്‍ പരാതി നല്‍കിയതറിഞ്ഞ് സരിതയും അമ്മയും വിളിച്ചിരുന്നു. അഭിഭാഷകനായ ഫെനി ബാലകൃഷ്ണന്‍ വീട്ടില്‍ വരികയും ചോദിക്കുന്ന തുക തന്ന് ഒത്തുതീര്‍പ്പാക്കാമെന്നും പറഞ്ഞു. കഴിഞ്ഞ ഏഴിന് കോടതിയില്‍ വെച്ചു കണ്ടപ്പോള്‍ സരിത വീണ്ടും ഒത്തുതീര്‍പ്പിനു ശ്രമിച്ചിരുന്നു.

Latest