Connect with us

Ongoing News

കോണ്‍ഗ്രസ് അംഗം പിന്തുണച്ചു ; മാവേലിക്കരയില്‍ യു ഡി എഫിന് ഭരണം പോയി

Published

|

Last Updated

മാവേലിക്കര: കോണ്‍ഗ്രസ് അംഗത്തിന്റെ ഒത്താശയോടെ നഗരസഭയില്‍ യു ഡി എഫിനും ചെയര്‍മാന്‍ കെ ആര്‍ മുരളീധരനുമെതിരെ ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസം പാസായി. ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസം ബി ജെ പിയുടെ കൂടി പിന്തുണയോടെയാണ് പാസായത്. കോണ്‍ഗ്രസിന് ചെയര്‍മാന്‍ സ്ഥാനം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മീനാ സുനില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം ഒഴിഞ്ഞ് നഗരസഭ സെക്രട്ടറിക്ക് കത്തുനല്‍കി.
നഗരസഭയില്‍ ധനകാര്യ കെടുകാര്യസ്ഥതയും അഴിമതിയും ഔദ്യോഗിക വാഹന ദുരുപയോഗവും ആരോപിച്ചാണ് എല്‍ ഡി എഫ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. 28 അംഗ കൗണ്‍സിലില്‍ 16 കൗണ്‍സിലര്‍മാര്‍ മാത്രമാണ് വോട്ടിംഗില്‍ പങ്കെടുത്തത്. അവിശ്വാസത്തിന് അനുകൂലമായി 15 കൗണ്‍സിലര്‍മാര്‍ വോട്ടുചെയ്തു. കോണ്‍ഗ്രസിലെ ബിനു വര്‍ഗീസ് ഒഴികെ യു ഡി എഫ് കൗണ്‍സിലര്‍മാര്‍ വിട്ടുനിന്നു. എല്‍ ഡി എഫിലെ ബി അമ്പിളിയും (സി പി ഐ) വോട്ടിംഗില്‍ എത്തിയില്ല. നഗരകാര്യ റീജ്യനല്‍ (കൊല്ലം) ജോയിന്റ് ഡയറക്ടര്‍ പി വി ജയന്റെ അധ്യക്ഷതയില്‍ രാവിലെ 11ന് നഗരസഭ കൗണ്‍സില്‍ ഹാളിലായിരുന്നു വോട്ടെടുപ്പ്. ഒഴിവ്‌വരുന്ന തീയതി മുതല്‍ 15 ദിവസത്തിനകം പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കേതുണ്ട്. സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷന്‍ ഇതിലേക്ക് വരണാധികാരിയെ നിയമിക്കേണ്ടതുണ്ടെന്ന് ജോയിന്റ് ഡയറക്ടര്‍ പറഞ്ഞു. അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് പത്ത് സി പി എം കൗണ്‍സിലര്‍മാരും ഓരോ സി പി ഐ, സി എം പി, സ്വതന്ത്ര കൗണ്‍സിലര്‍മാരും രണ്ട് ബി ജെ പി അംഗങ്ങളും വോട്ടുചെയ്തു. കോണ്‍ഗ്രസിന്റെ വിപ്പ് ലംഘിച്ച് ബിനു വര്‍ഗീസ് ഹാജരായി തനിക്കനുകൂലമായി വോട്ടുചെയ്തത് രണ്ട് പ്രതിപക്ഷ വോട്ടുകള്‍ അസാധുവാകാതിരിക്കാനുള്ള തന്ത്രമായിരുന്നെന്നും വിപ്പ് ലംഘനത്തിന് കോണ്‍ഗ്രസ് നടപടി സ്വീകരിക്കുമെന്നും ഡി സി സി സെക്രട്ടറി കൂടിയായ കെ ആര്‍ മുരളീധരന്‍ അറിയിച്ചു.
കെ ആറിന്റെ പിന്തുടര്‍ച്ച ചെയര്‍മാനായി ബിനുവിനെ ആദ്യ അഞ്ച് മാസത്തേക്ക് ചെയര്‍മാനായും കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച കൗണ്‍സിലര്‍ ബി ഗുരുലാലിനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കാനും ഡി സി സി എടുത്ത തീരുമാനം നടപ്പാക്കാത്തതാണ് അവിശ്വാസത്തെ ഇരുവരും പിന്തുണക്കാന്‍ കാരണമായത്. കഴിഞ്ഞ നഗരസഭ സ്ഥാനാര്‍ഥി നിര്‍ണയ അതൃപ്തിയും ഇതിനു പിന്നിലുണ്ട്.