Connect with us

Ongoing News

എയ്‌റോ സ്‌റ്റേറ്റ്‌സിന്റെ ആഭ്യന്തര വിമാന സര്‍വീസ് 23ന് തുടങ്ങും

Published

|

Last Updated

തിരുവനന്തപുരം: എയ്‌റോ സ്‌റ്റേറ്റ് ലിമിറ്റഡ് കേരളത്തില്‍ 23ന് ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കും. ഒമ്പതുപേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനം ഉപയോഗിച്ച് തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി എന്നീ നഗരങ്ങളെ ബന്ധപ്പെടുത്തിയാണ് വിമാന സര്‍വീസ് ആരംഭിക്കുന്നത്്.തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് 2,999 രൂപയും തിരുവനന്തപുരം- കൊച്ചിക്ക് 1,800 രൂപയുമാണ് യാത്രാ നിരക്ക്.
അടുത്തഘട്ടത്തില്‍ 19 പേര്‍ക്കു യാത്ര ചെയ്യാവുന്ന വിമാനങ്ങള്‍ ഉപയോഗിക്കും. കേരളത്തിനു പുറത്തേക്കും സമീപ നഗരങ്ങളിലേക്കും അയല്‍ സംസ്ഥാനങ്ങളിലേക്കും സര്‍വീസ് പിന്നീട് വ്യാപിപ്പിക്കും. എയര്‍ ആംബുലന്‍സ്, ഹെലികോപ്റ്ററുകള്‍, ജെറ്റ്, ടര്‍ബോ പ്രോപ് വിമാനങ്ങള്‍ എന്നിവ പ്രത്യേകമായി ചാര്‍ട്ടു ചെയ്യുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. മെഡിക്കല്‍ ടൂറിസം, ഫാം ടൂറിസം, സാംസ്‌കാരിക ടൂറിസം എന്നിവ ലക്ഷ്യമാക്കി പ്രത്യേക ടൂര്‍ പാക്കേജുകള്‍ സംഘടിപ്പിക്കും. ഇതിനായി പ്രശസ്ത ടൂര്‍, ട്രാവല്‍ ഏജന്‍സികളുമായും ആരോഗ്യ സ്ഥാപനങ്ങളുമായും കരാറുണ്ടാക്കും. പരിചയ സമ്പന്നരായ ഒരു കൂട്ടം വൈമാനികരാണ് സംരംഭകര്‍. റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ അവധ് ഇന്‍ഫ്രാലാന്‍ഡ് ലിമിറ്റഡിന് നേരിട്ടു പങ്കാളിത്തമുണ്ട്.
കേരള സര്‍ക്കാറിന്റെ പ്രോത്സാഹനത്തോടെയാണ് പദ്ധതിക്കു തുടക്കം കുറിച്ചതെന്നും സര്‍ക്കാറിന്റെ സഹായത്തോടെ കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനുള്ള ചര്‍ച്ച പുരോഗമിക്കുന്നതായും സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ മുന്‍ഗണനാ പദ്ധതികളില്‍ ആഭ്യന്തര വ്യോമയാന വികസനം പ്രധാന അജണ്ടയായി ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പദ്ധതി ആരംഭിക്കാന്‍ ആരും തയ്യാറായിട്ടില്ല.
ഈ സാഹചര്യത്തിലാണ് ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കുന്നതെന്ന്് എയ്‌റോ സ്‌റ്റേറ്റ് ലിമിറ്റഡ് സി ഇ ഒ ക്യാപ്റ്റന്‍ അബ്ദുല്‍ ജലീല്‍, ക്യാപ്റ്റന്‍ തരേഷ് ഷേക്ക്, ക്യാപ്റ്റന്‍ രമേഷ്‌കുമാര്‍ കുമാര്‍, ക്യാപ്റ്റന്‍ മധുവത്സലരാജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.