Connect with us

Ongoing News

കേരളാ വി സിയുടെ പി എച്ച് ഡി പ്രബന്ധം സര്‍വകലാശാലയില്‍ നിന്ന് കാണാതായി

Published

|

Last Updated

തിരുവനന്തപുരം: കേരള സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. പി കെ രാധാകൃഷ്ണന്റെ ഗവേഷണ പ്രബന്ധം സര്‍വകലാശാലയില്‍ നിന്ന് കാണാതായതായി വിവരാവകാശ രേഖ. കേരള പി വി സി ഡോ. എന്‍ വീരമണികണ്ഠന്റെ ഗവേഷണ പ്രബന്ധം മോഷണമാണെന്ന ആരോപണം വിവാദം സൃഷ്ടിച്ചതിനു തൊട്ടുപിന്നാലെയാണ് വി സി ഡോ. രാധാകൃഷ്ണന്റെ പ്രബന്ധം കാണാതായെന്ന വിവരവും പുറത്തുവന്നത്. വൈസ് ചാന്‍സലറുടെ ഗവേഷണ പ്രബന്ധത്തിന്റെ പകര്‍പ്പ് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോഴാണ് കാണാനില്ല എന്ന് സര്‍വകലാശാല മറുപടി നല്‍കിയത്.
1985ല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് രസതന്ത്രത്തിലാണ് ഡോ. രാധാകൃഷ്ണന്‍ പി എച്ച് ഡി നേടിയത്. പാര്‍ട്ട് ടൈം രജിസ്‌ട്രേഷന്‍ നടത്തിയായിരുന്നു സോളിഡ് സ്റ്റേറ്റ് തെര്‍മല്‍ ഡീകമ്പോസിഷന്‍ കൈനറ്റിക്‌സ് എന്ന വിഷയത്തില്‍ ഗവേഷണം നടത്തിയത്. കേരള സര്‍വകലാശാലയിലെ ഡോ. ഇന്ദ്രസേനനായിരുന്നു ഗൈഡ്. ഗവേഷണ പ്രബന്ധത്തിന്റെ നാല് പകര്‍പ്പുകള്‍ സര്‍വകലാശാലക്ക് സമര്‍പ്പിക്കണമെന്നാണ് ചട്ടം. ഇതില്‍ മൂന്ന് പകര്‍പ്പുകള്‍ പരിശോധകര്‍ക്ക് സര്‍വകലാശാല അയച്ചുകൊടുക്കും.
ഒരു പകര്‍പ്പ് സര്‍വകലാശാലയില്‍ സൂക്ഷിക്കും. ഇതാണ് പി എച്ച് ഡിയുടെ ആധികാരിക രേഖ. പി എച്ച് ഡി നല്‍കിക്കഴിഞ്ഞാല്‍ പ്രബന്ധം സര്‍വകലാശാല ലൈബ്രറിക്ക് കൈമാറും. ലൈബ്രേറിയനാണ് പിന്നീട് ഈ പ്രബന്ധത്തിന്റെ സൂക്ഷിപ്പുകാരന്‍. ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് റഫറന്‍സിനായി ഉപയോഗിക്കാനാണ് പ്രബന്ധം ലൈബ്രറിയില്‍ സൂക്ഷിക്കുന്നത്. ഈ പകര്‍പ്പാണ് ഇപ്പോള്‍ കാണാതായിരിക്കുന്നത്.
കാലടി സംസ്‌കൃത സര്‍വകലാശാലാ വി സി ഡോ. ദിലീപ് കുമാറിന്റെതടക്കം 50 പേരുടെ ഗവേഷണ പ്രബന്ധങ്ങള്‍ അടുത്തിടെ കാണാതായിരുന്നു. ഇതു സംബന്ധിച്ച് എം ജി സര്‍വകലാശാലയില്‍ അന്വേഷണം നടക്കുകയാണ്. കേരളാ പി വി സി ഡോ. വീരമണികണ്ഠന്റെ പ്രബന്ധം കോപ്പിയടിയാണെന്ന ആക്ഷേപത്തെക്കുറിച്ച് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം പരിശോധന നടക്കുന്നുണ്ട്. പ്രബന്ധം സമര്‍പ്പിക്കപ്പെട്ടത് കാലിക്കറ്റ് സര്‍വകലാശാലയിലായതിനാല്‍ കാലിക്കറ്റ് വി സിയാണ് ഇതു സംബന്ധിച്ച അന്വേഷണം നടത്തുന്നത്. കണ്ണൂര്‍ സര്‍വകലാശാല വി സി ഡോ. ഖാദര്‍ മങ്ങാടിന്റെ പി എച്ച് ഡിയും വിവാദത്തിലാണ്. കുറഞ്ഞത് മൂന്ന് വര്‍ഷത്തെ ഗവേഷണം നടത്തണമെന്നാണ് വ്യവസ്ഥയെങ്കിലും രണ്ടര വര്‍ഷം കൊണ്ട് ഖാദര്‍ മങ്ങാട് ഗവേഷണം പൂര്‍ത്തിയാക്കി. യോഗ്യതയില്ലെന്നു കണ്ടതിനെത്തുടര്‍ന്ന് എം ജി സര്‍വകലാശാല വി സി ആയിരുന്ന ഡോ. എ വി ജോര്‍ജിനെ നേരത്തെ ഗവര്‍ണര്‍ പുറത്താക്കിയിരുന്നു.
ഇത്തരത്തില്‍ യു ഡി എഫ് സര്‍ക്കാര്‍ നിയമിച്ച വൈസ് ചാന്‍സലര്‍മാരുടെയും പ്രൊ വൈസ് ചാന്‍സലര്‍മാരുടെയും യോഗ്യത സംബന്ധിച്ച വിവാദം തുടര്‍ക്കഥയാകുന്ന സാഹചര്യത്തിലാണ് ഈ പട്ടികയില്‍ ഏറ്റവും ഒടുവിലത്തെ പേരുകാരനായി കേരളാ സര്‍വകലാശാല വി സി ഡോ. പി കെ രാധാകൃഷ്ണന്‍ മാറിയത്.

---- facebook comment plugin here -----

Latest