Connect with us

Ongoing News

മൂക്കുന്നിമലയിലെ ക്വാറികള്‍ അടച്ചുപൂട്ടണം: വിജിലന്‍സ്

Published

|

Last Updated

തിരുവനന്തപുരം: മൂക്കുന്നിമലയിലെ മുഴുവന്‍ ക്വാറികളും അടച്ചുപൂട്ടണമെന്ന് വിജിലന്‍സ് ശിപാര്‍ശ. മൂക്കുന്നിമലയിലെ മുഴുവന്‍ ക്വാറികളും അടച്ചുപൂട്ടിയാല്‍ മാത്രമേ നിയമവിരുദ്ധ ഖനനം സംബന്ധിച്ച കേസന്വേഷണം തടസ്സമില്ലാതെ നീങ്ങുകയുള്ളൂവെന്നാണ് വിജിലന്‍സിന്റെ നിലപാട്. വിജിലന്‍സ് അന്വേഷണ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ട് വിജിലന്‍സ് എസ് പി ജില്ലാ കലക്ടര്‍ക്ക് കൈമാറി. അനധികൃത ഖനനത്തിന് ഒത്താശ ചെയ്ത നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് സംസ്ഥാന സര്‍ക്കാറിനും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
35 ക്വാറികള്‍, 15 ക്രഷര്‍ യൂനിറ്റുകള്‍, ഒരു എംസാന്‍ഡ് യൂനിറ്റ് എന്നിവ രേഖകളില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മറ്റു ക്വാറികളുടെ ലൈസന്‍സ് രേഖകള്‍ പരിശോധിക്കേണ്ടതുണ്ട്. ഇവിടെ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ഗുണ്ടകളും അക്രമികളും തടസ്സം നില്‍ക്കുന്നു. അതിനാല്‍ അടച്ചുപൂട്ടല്‍ നടപടികള്‍ ഉടന്‍ തുടങ്ങണം. പരിശോധനക്ക് പോലീസ് സഹായം വേണം. നിയമവിരുദ്ധ ഖനനത്തിന് ഒത്താശ ചെയ്തുവെന്ന് ആരോപണമുയര്‍ന്ന പള്ളിച്ചാല്‍ പഞ്ചായത്ത് മുന്‍ സെക്രട്ടറിമാരായ നോയല്‍ രാജ്, ആല്‍ബര്‍ട്ട്, വില്ലേജ് ഓഫീസര്‍ ജി എസ് അജയകുമാര്‍, ജില്ലാ ജിയോളജി ഓഫീസര്‍ ആര്‍ ഗോപകുമാര്‍ എന്നിവരെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യണമെന്ന് സംസ്ഥാന സര്‍ക്കാറിനും റിപ്പോര്‍ട്ട് നല്‍കി. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നാല് ഉദ്യോഗസ്ഥരും പ്രതികളാണ്. വിജിലന്‍സ് എസ് പി. ഇ ഷെറീഫുദ്ദീന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടറാണ് സംസ്ഥാന സര്‍ക്കാറിനും ജില്ലാ കലക്ടര്‍ക്കും ശിപാര്‍ശ സമര്‍പ്പിച്ചത്. 2010 മുതല്‍ 2014 വരെയുള്ള കാലയളവിലാണ് വ്യാപക ഖനനവും ക്രമക്കേടും നടന്നത്.
എല്ലാ ക്വാറികളും അടച്ചുപൂട്ടാന്‍ നിയമപരമായി കഴിയില്ലെന്ന് ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ പ്രതികരിച്ചു. അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ഇനി പുതിയ ക്വാറികള്‍ക്ക് അനുമതി നല്‍കില്ല. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഈ മാസം 19ന് 2.30ന് തഹസില്‍ദാര്‍, ജിയോളജി ഉദ്യോഗസ്ഥര്‍, സബ് കലക്ടര്‍, എ ഡി എം, പരിശോധന നടത്തുന്ന പ്രത്യേക സ്‌ക്വാഡ് എന്നിവരുടെ യോഗം ചേരുമെന്നും കലക്ടര്‍ പറഞ്ഞു.