Connect with us

National

യുബര്‍ ടാക്‌സി പീഡനം: ഡ്രൈവര്‍ക്കെതിരെ കുറ്റം ചുമത്തി

Published

|

Last Updated

ന്യൂഡല്‍ഹി: യാത്രക്കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതിന് ടാക്‌സി ഡ്രൈവര്‍ക്കെതിരെ ഡല്‍ഹി കോടതി കേസെടുത്തു. അമേരിക്ക ആസ്ഥാനമായുള്ള യുബര്‍ ടാക്‌സി സംരംഭത്തിന്റെ ഡ്രൈവര്‍ ശിവകുമാര്‍ യാദവിനെതിരെയാണ് കുറ്റം ചുമത്തിയത്.
25കാരിയായ എക്‌സിക്യൂട്ടീവിനെ ബലാത്സംഗം ചെയ്തതിനാണ് ഡ്രൈവര്‍ക്കെതിരെ അഡീഷനല്‍ സെഷന്‍സ് ജഡ്ജി കാവേരി ബവേജ കുറ്റം ചുമത്തിയത്. ശരീരത്തിന് സാരമായി പരുക്കേല്‍പ്പിക്കുകയും സ്ത്രീയുടെ ജീവന്‍ അപകടത്തിലാക്കുകയും ചെയ്തതിന് ഐ പി സി 376 (2) (എം) വകുപ്പനുസരിച്ചും, വിവാഹത്തിന് നിര്‍ബന്ധിച്ച്് സ്ത്രീയെ തട്ടിക്കൊണ്ട് പോയതിന് 366 വകുപ്പനുസരിച്ചും, ക്രിമിനല്‍ ഭീഷണിപ്പെടുത്തലിന് 506 വകുപ്പനുസരിച്ചും, സ്വമേധയാ പരുക്കുണ്ടാക്കിയതിന് 323 വകുപ്പനുസരിച്ചുമാണ് കോടതി കേസെടുത്തത്. ജനുവരി 15 മുതല്‍ ദിവസവും വിചാരണ നടത്തുന്നതുമാണ്.
32കാരനായ പ്രതി കുറ്റാരോപണങ്ങള്‍ നിഷേധിച്ചു. കോടതി തയ്യാറാക്കിയ കുറ്റപത്രത്തില്‍ ഒപ്പിടാന്‍ വിസമ്മതിച്ച യാദവ് കോടതി മുറിയില്‍ ചില നാടകീയ രംഗങ്ങള്‍ സൃഷ്ടിക്കുകയും ജഡ്ജിയുമായി വാഗ്വാദത്തിലേര്‍പ്പെടുകയും ചെയ്തു. തനിക്ക് വേണ്ടി വാദിക്കാന്‍ അഭിഭാഷകനെ നിയോഗിക്കാന്‍ അവസരം നല്‍കിയില്ലെന്നും യാദവ് പരാതിപ്പെട്ടു. തെറ്റായൊന്നും ചെയ്തിട്ടില്ലെന്നും നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നും ജഡ്ജി ഉറപ്പ്‌കൊടുത്ത ശേഷമാണ് യാദവ് കോടതി രേഖകളില്‍ ഒപ്പ് വെച്ചത്. സ്വമേധയായാണ് താന്‍ ഒപ്പ് വെച്ചതെന്നും യാദവ് രേഖാമൂലം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ഗുഡ്ഗാവിലെ ധനകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതി ഡല്‍ഹി ഇന്ദര്‍ലോക് പ്രദേശത്തെ വസതിയിലേക്ക് പോകവെയാണ് കഴിഞ്ഞ ഡിസംബര്‍ അഞ്ചിന് രാത്രി ടാക്‌സി ഡ്രൈവര്‍ പീഡിപ്പിച്ചത്. ഡല്‍ഹി, യു പി പോലീസ് സംയുക്തമായി നടത്തിയ തിരച്ചിലില്‍ ഡിസംബര്‍ ഏഴിന് മഥുരയില്‍ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Latest