Connect with us

National

തിരഞ്ഞെടുപ്പ് പരാജയം പ്രവര്‍ത്തകരുടെ ഉത്കണ്ഠ കാരണം: രാഹുല്‍

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലും തുടര്‍ന്നുണ്ടായ വിവിധ തിരഞ്ഞെടുപ്പുകളിലും പാര്‍ട്ടിക്കേറ്റ പരാജയം ബി ജെ പി കാരണം മാത്രമല്ലെന്നും പ്രവര്‍ത്തകരുടെ ഉത്കണ്ഠ കാരണമാണെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രവര്‍ത്തകരെ അറിയാതെയും അവരുടെ പരാതികള്‍ പരിഗണിക്കാതെയും മുതിര്‍ന്ന നേതാക്കള്‍ പെരുമാറിയതും തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ രാഹുല്‍ പറഞ്ഞു.
പാര്‍ലിമെന്റിനെ മറികടന്ന് പ്രധാന വിഷയങ്ങളില്‍ ഓര്‍ഡിനന്‍സുകള്‍ കൊണ്ടുവന്ന നരേന്ദ്ര മോദി സര്‍ക്കാറിനെ യോഗം വിമര്‍ശിച്ചു. എന്‍ ഡി എ സര്‍ക്കാറിന്റെ തെറ്റായ നയങ്ങളെ ആഴത്തില്‍ ചര്‍ച്ച ചെയ്തു. ഒരു ഡസനിലേറെ ഓര്‍ഡിനന്‍സാണ് സര്‍ക്കാര്‍ കൊണ്ടുവന്നത്. അടിസ്ഥാനതലത്തില്‍ തന്നെ ജനാധിപത്യത്തെ ക്ഷയിപ്പിക്കുന്നതാണ് ഇത്. ഇതിനെ ഗൗരവപൂര്‍വം കാണുന്നു. യോഗം വിലയിരുത്തിയതായി അംബിക സോണി അറിയിച്ചു. അതേസമയം, യോഗത്തിന്റെ അജന്‍ഡയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ആരോഹണം ഉണ്ടായിരുന്നില്ല. വൈസ് പ്രസിഡന്റ് എന്ന നിലക്ക് രാഹുല്‍ മുഖ്യമായ പങ്കാണ് വഹിക്കുന്നത്. സംഘടനാ കാര്യങ്ങളില്‍ മുന്നില്‍ നിന്നാണ് അദ്ദേഹം നയിക്കുന്നത്. സംഘടനാപരമായ കാര്യങ്ങള്‍ മാത്രമാണ് ചര്‍ച്ച ചെയ്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നാല് മണിക്കൂര്‍ നീണ്ടുനിന്ന യോഗത്തില്‍ അധ്യക്ഷ സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തുടങ്ങി 30 അംഗങ്ങളും പങ്കെടുത്തു.