Connect with us

National

കാശ്മീരില്‍ പി ഡി പിക്ക് പിന്തുണ പ്രഖ്യാപിച്ച് നാഷനല്‍ കോണ്‍ഫറന്‍സ്‌

Published

|

Last Updated

ശ്രീനഗര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ജമ്മു കാശ്മീരില്‍ സര്‍ക്കാര്‍ രൂപവത്കരണ ശ്രമങ്ങള്‍ വിഫലമായിരിക്കെ, പി ഡി പിക്ക് പിന്തുണ നല്‍കാന്‍ സന്നദ്ധമാണെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് (എന്‍ സി) ഗവര്‍ണര്‍ എന്‍ എന്‍ വോറയെ ഔപചാരികമായി അറിയിച്ചു. സംസ്ഥാനത്ത് മൂന്നാഴ്ചയായി നിലനില്‍ക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് അറുതി വരുത്താന്‍ എന്‍ സിയുടെ നീക്കം വഴിതുറന്നേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. പി ഡി പി- എന്‍ സി സഖ്യത്തിന് നിയമസഭയില്‍ ഭൂരിപക്ഷമില്ലെങ്കിലും നിയമസഭ പിരിച്ചുവിടുന്നതും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതും ഒഴിവാക്കാന്‍ എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. ഈ ഒരു തിരിച്ചറിവാണ് പി ഡി പിക്ക് പിന്തുണ നല്‍കാന്‍ നാഷണല്‍ കോണ്‍ഫ്രന്‍സിനെ പ്രേരിപ്പിക്കുന്നത്.
പി ഡി പിയും ബി ജെ പിയും സര്‍ക്കാര്‍ രൂപവത്കരണത്തിന് നടത്തിവന്ന ശ്രമങ്ങള്‍ തിങ്കളാഴ്ച രാത്രി വിഫലമായിരുന്നു. നിയമസഭയുടെ ഭാവി സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും മുമ്പ് തങ്ങളുടെ നിര്‍ദ്ദേശം പരിഗണിക്കണമെന്ന് എന്‍ സിയുടെ വര്‍ക്കിംഗ് പ്രസിഡന്റായ ഉമര്‍ അബ്ദുല്ല സന്ദേശത്തില്‍ ഗവര്‍ണറോട് അഭ്യര്‍ഥിച്ചു. തങ്ങളെ ചര്‍ച്ചക്ക് ക്ഷണിക്കണമെന്നും ഉമര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. ജമ്മു മേഖലാ പ്രസിഡന്റ് ദേവേന്ദര്‍ സിംഗ് റാണയാണ് ഉമറിന്റെ കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ അതീവ താത്പര്യം കാണിക്കുകയും ജനകീയ സര്‍ക്കാറുണ്ടാകണമെന്ന് അതിയായി ആഗ്രഹിക്കുകയും ചെയ്യുന്ന സമ്മതിദായകരെ വിസ്മരിക്കരുതെന്നും കത്തില്‍ പറയുന്നു.
87 അംഗ നിയമസഭയില്‍ 28 സീറ്റുകള്‍ നേടിയ പി ഡി പിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ബി ജെ പി 25ഉം എന്‍ സി 15ഉം കോണ്‍ഗ്രസ് 12 ഉം സീറ്റുകള്‍ നേടിയിട്ടുണ്ട്.

 

Latest