Connect with us

National

സ്വവര്‍ഗാനുരാഗത്തെ എതിര്‍ത്ത് ഗോവന്‍ മന്ത്രി; തിരുത്തുമായി മുഖ്യമന്ത്രി

Published

|

Last Updated

പനാജി: സ്വവര്‍ഗാനുരാഗികളെ സംബന്ധിച്ച ഗോവന്‍ മന്ത്രിയുടെ പരാമര്‍ശം തിരുത്തി മുഖ്യമന്ത്രി. ഇത്തരക്കാരെ ചികിത്സയിലൂടെയും പ്രത്യേക പരിശീലന കേന്ദ്രങ്ങള്‍ വഴിയും സാധാരണ നിലയിലേക്ക് കൊണ്ടുവരാമെന്നാണ് സംസ്ഥാന കായിക, യുവജനക്ഷേമ മന്ത്രി രമേശ് തവാദ്കറുടെ അഭിപ്രായം.
അതേസമയം ഇതുസംബന്ധിച്ച മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേകറുടെ പരാമര്‍ശവും വിവാദമായിട്ടുണ്ട്. തന്റെ സഹപ്രവര്‍ത്തകന്‍ അജ്ഞനാണെന്നായിരുന്നു പര്‍സേകറുടെ പ്രതികരണം.
സ്വവര്‍ഗാനുരാഗികളെ സാധാരണ നിലയിലാക്കാന്‍ ലഹരിമുക്ത കേന്ദ്രങ്ങളുടെ മാതൃകയില്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നാണ് “സംസ്ഥാന യുവത്വ നയം 2015” അവതരിപ്പിക്കുന്ന പരിപാടിയില്‍ തവാദ്കര്‍ പറഞ്ഞത്. അവര്‍ക്ക് പരിശീലനവും മരുന്നുകളും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്വിറ്റര്‍ പോലെയുള്ള സോഷ്യല്‍ മീഡിയകളില്‍ രൂക്ഷ എതിര്‍പ്പാണ് ഇതുസംബന്ധിച്ച് സ്വര്‍ഗാനുരാഗികള്‍ പ്രകടിപ്പിച്ചത്. അശാസ്ത്രീയവും യുക്തിരഹിതവും ബുദ്ധിശൂന്യവുമായ നിലപാടാണ് മന്ത്രിയുടെതെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസ് വിമര്‍ശിച്ചു. 2013ല്‍ ബാബാ രാംദേവ് നടത്തിയ പരാമര്‍ശത്തിന് സമാനമാണിത്. രാംദേവിന്റെ പാതയിലാണോ ബി ജെ പി സര്‍ക്കാറെന്ന് കോണ്‍ഗ്രസ് വക്താവ് ദുര്‍ഗാദാസ് കമത് ചോദിച്ചു.
അതേസമയം, കഴിഞ്ഞ ദിവസത്തെ തന്റെ പ്രസ്താവന മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നെന്ന വാദവുമായി മന്ത്രി രമേശ് തവാദ്കര്‍ രംഗത്തെത്തി. സ്വര്‍ഗാനുരാഗികളെ സംബന്ധിച്ചായിരുന്നില്ല തന്റെ പരാമര്‍ശമെന്നും മയക്കുമരുന്നിനും ലൈംഗികതക്കും അടിമകളായവരെ സംബന്ധിച്ചാണെന്നും തവാദ്കര്‍ അവകാശപ്പെട്ടു.
ഈ പ്രശ്‌നത്തെ സംബന്ധിച്ച് അറിവില്ലാത്തത് കൊണ്ടായിരിക്കും മന്ത്രി അങ്ങനെ പ്രതികരിച്ചതെന്ന് മുഖ്യമന്ത്രി പര്‍സേകര്‍ പറഞ്ഞു. അത് വിവാദമാക്കേണ്ടെന്നും കൂടുതല്‍ പ്രതികരണമാരാഞ്ഞപ്പോള്‍ താനതില്‍ വിദഗ്ധനല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest