Connect with us

Gulf

പ്രധാന പ്രതിക്ക് വക്കീലിനെ ഹാജരാക്കാന്‍ ഒരാഴ്ച കൂടി സമയമനുവദിച്ചു

Published

|

Last Updated

അബുദാബി: നിര്‍ത്തിയിട്ട സ്‌കൂള്‍ ബസില്‍ നിസാ ആലം എന്ന നാലു വയസുകാരി മലയാളി ബാലിക ശ്വാസം മുട്ടി മരിക്കാനിടയായ കേസിലെ പ്രധാന പ്രതി ബസിലെ ആയക്ക് വകീലിനെ ഹാജരാക്കാന്‍ അബുദാബി ക്രമിനല്‍ കോടതി ഒരാഴ്ച കൂടി സമയമനുവദിച്ചു.
കഴിഞ്ഞ രണ്ടു സിറ്റിംഗുകളില്‍ തനിക്കുവേണ്ടി വക്കീലിനെ ഹാജരാക്കാന്‍ സാധിക്കാതിരുന്ന ആയക്ക് അവസാന അവസരമെന്ന നിലക്കാണ് കോടതി ഒരാഴ്ചത്തെ സമയം കൂടി നല്‍കിയിരിക്കുന്നത്. അടുത്ത 18ന് കേസ് വീണ്ടും പരിഗണിക്കും. അന്നത്തേക്ക് തനിക്കുവേണ്ടി വാദിക്കാന്‍ വകീലിനെ എത്തിച്ചിരിക്കണമെന്നാണ് കോടതി നിര്‍ദേശം. പ്രതിയെന്ന നിലക്ക് ആയക്കുവേണ്ടി വാദിക്കാന്‍ കോടതി മുഖേന വക്കീലിനെ നിശ്ചയിക്കാമെന്നറിയിച്ചെങ്കിലും അതിന് വിസമ്മതിച്ച ആയ സ്വന്തമായി വക്കീലിനെ എത്തിക്കാമെന്ന് കോടതിയുടെ മുമ്പാകെ ബോധിപ്പിക്കുകയായിരുന്നു. പക്ഷെ, കഴിഞ്ഞ രണ്ടു സിറ്റിംഗുകളിലും സ്വന്തമായി വകീലിനെ ഹാജരാക്കാന്‍ പ്രതിക്കു കഴിയാത്തതിനാല്‍ രണ്ടു പ്രാവശ്യവും കേസിന്റെ വിചാരണ മാറ്റിവെക്കുകയായിരുന്നു.
18നു നടക്കാനിരിക്കുന്ന സിറ്റിംഗിലും വകീലിനെ ഹാജരാക്കാന്‍ കഴിയാത്ത പക്ഷം മറ്റു പ്രതികളുടെ വാദം കേള്‍ക്കാനും വിധി പ്രഖ്യാപന നടപടികളിലേക്കും കോടതി നിര്‍ബന്ധിതമാകുമെന്നും കോടതി അറിയിച്ചു. ആയ ഉല്‍പ്പെടെ അഞ്ചു പേരാണ് കേസിലെ പ്രതികള്‍. ബസ് ഡ്രൈവര്‍, സ്‌കൂള്‍ സൂപര്‍വൈസര്‍, സ്‌കൂള്‍ മാനേജര്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനി മാനേജര്‍ എന്നിവരാണ് മറ്റു പ്രതികള്‍.
പ്രധാന പ്രതിയായ ആയക്ക് വകീലില്ലാത്തതിനാല്‍ മറ്റു പ്രതികളുടെയും വിചാരണ നടക്കാതെപോകുകയായിരുന്നു. മറ്റു നാലു പ്രതികളും നേരത്തെ നടന്ന രണ്ടു സിറ്റിംഗുകളിലും വകീലുമാരെ ഹാജരാക്കിയിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ ഏഴിനാണ് കേസിനാസ്പദമായ, മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ദുരന്തമുണ്ടായത്. രാവിലെ 6.30ന് സ്‌കൂള്‍ ബസില്‍ കയറിയ മലയാളി ബാലികയെ ബസില്‍ ഉപേക്ഷിക്കപ്പെടുകയും 11.45ന് സ്‌കൂള്‍ വിട്ട് തിരിച്ച് വീട്ടിലേക്കു പോകാന്‍ കുട്ടികള്‍ ബസില്‍ കയറാന്‍ എത്തിയപ്പോള്‍ അകത്ത് ശ്വാസം മുട്ടി മരിച്ച നിലയില്‍ കാണപ്പെടുകയുമായിരുന്നു.