Connect with us

Gulf

വോട്ടവകാശം;ഡോ. ശംസീറിന്റെ പോരാട്ട വിജയം

Published

|

Last Updated

അബുദാബി;പ്രവാസി വോട്ടിന്നായി ഡോ. ശംസീര്‍ വയലില്‍ നടത്തിയ നിയമ യുദ്ധത്തിന് വിജയകരമായ പര്യവസാനം. ഇന്നലെ സുപ്രീം കോടതി പ്രവാസികള്‍ക്ക് ഇ-വോട്ടവകാശം അനുവദിക്കുന്നതിനും നടപ്പിലാക്കുന്നിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനും എട്ടാഴ്ചക്കകം സംവിധാനമുണ്ടാക്കണമെന്ന നിര്‍ദേശമാണ് പ്രവാസി ഇന്ത്യക്കാര്‍ക്ക് സന്തോഷ വാര്‍ത്തയായത്.

ഡോ. ശംസീര്‍ ഫയല്‍ ചെയ്ത കേസില്‍ കേന്ദ്രം ഇന്നലെ സുപ്രീം കോടതിയില്‍ സത്യവാങ് മൂലം നല്‍കിയിരുന്നു. വിദേശ ഇന്ത്യക്കാര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാനുള്ള സംവിധാനത്തിനും പകരം ആളെ വെച്ച് വോട്ടവകാശം വിനിയോഗിക്കുന്നതിനും അനുകൂലമായാണ് കേന്ദ്രം സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നത്. ഇതിന് പ്രതികരണമായി എട്ടാഴ്ചക്കകം ഇ-വോട്ടിംഗ് സംവിധാനമൊരുക്കണമെന്ന് സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു.
ഇന്ന് വിജയ ദിനമാണ്. സന്തോഷം വാക്കുകളില്‍ ഒതുക്കാനാവുന്നില്ല എന്നാണ് വിധിയെ കുറിച്ച് ഡോ. ശംസീര്‍ സിറാജിനോട് പ്രതികരിച്ചത്.
പ്രവാസി വോട്ടവകാശം നടപ്പിലാക്കുന്നതിന് നിലവിലുള്ള തിരഞ്ഞെടുപ്പ് നിയമത്തില്‍ സമൂലമായ മാറ്റം വരുത്തേണ്ടതുണ്ട്. പുതിയ നിര്‍ദേശ പ്രകാരം വോട്ടര്‍ക്ക് ബാലറ്റ് പേപ്പര്‍ ഇ-മെയില്‍ വഴി അയച്ചു കൊടുക്കും. വോട്ട് രേഖപ്പെടുത്തിയ ശേഷം മണ്ഡലത്തിലെ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് പോസ്റ്റുവഴി അയച്ചുകൊടുക്കണം. കൃത്രിമം നടക്കുന്നതിനുള്ള സാധ്യത നന്നേ വിരളമാണിതിന്.
ഹരജില്‍ നിരവധി സാധ്യതകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇ-ബാലറ്റ് സിസ്റ്റം അതിലൊന്നാണ്. ഒരു കോടിയിലധികം വരുന്ന വിദേശ ഇന്ത്യക്കാരുടെ സ്വപ്‌നം പൂവണിയുന്ന സമയം വിദൂരമല്ലെന്നും ഡോ. ശംസീര്‍ പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ വിദേശി സമൂഹമാണ് ഇന്ത്യക്കാര്‍. വോട്ടവകാശം ലഭ്യമാകുന്നതോടെ ഗള്‍ഫ് ഇന്ത്യക്കാര്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങളില്‍ അധികാരികളുടെ ശ്രദ്ധ പതിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.