Connect with us

Gulf

ദുബൈ ട്രക്ക് മാര്‍കറ്റ് അടുത്ത മാസാദ്യം പ്രവര്‍ത്തനമാരംഭിക്കും

Published

|

Last Updated

ദുബൈ: അല്‍ ഐന്‍ റോഡില്‍ റുവയ്യയില്‍ പണി പൂര്‍ത്തിയായ ദുബൈയിലെ ട്രക്ക് മാര്‍ക്കറ്റ് അടുത്ത മാസാദ്യം മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ദുബൈ നഗരസഭാ ഡയറക്ടര്‍ ജനറല്‍ എഞ്ചി. ഹുസൈന്‍ നാസര്‍ ലൂത്ത അറിയിച്ചു. നിര്‍മാണം പൂര്‍ത്തിയായ, 27,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ട്രക്ക് മാര്‍ക്കറ്റ് സന്ദര്‍ശനത്തിനിടെയാണ് ലൂത്ത ഇക്കാര്യമറിയിച്ചത്.
മാര്‍ക്കറ്റിലെ ചില ഷോറൂമുകള്‍ വാടകക്ക് നല്‍കിക്കഴിഞ്ഞു. ബാക്കിയുള്ളവയും അടുത്തുതന്നെ ആവശ്യക്കാര്‍ക്ക് നല്‍കും. 2,000 മീറ്ററുകളുള്ള 88 ഷോറൂമുകളാണ് മാര്‍ക്കറ്റില്‍ ആകെയുള്ളത്. ഇതിനോട് ചേര്‍ന്ന് ഇരുനില ഓഫീസ് സമുച്ചയവും പണികഴിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ ട്രക്കുകളുടെ സ്‌പെയര്‍ പാര്‍ട്‌സ് വില്‍പനക്കുള്ള 60 ഷോറൂമുകളും പണി പൂര്‍ത്തിയായിട്ടുണ്ടെന്ന് നഗരസഭാ അസി. ഡയറക്ടര്‍ ജനറല്‍ ഉബൈദ് സാലിം അല്‍ ശംസി പറഞ്ഞു.
ഉദ്ഘാടനത്തിന് തയ്യാറായ ട്രക്ക് മാര്‍ക്കറ്റ് ദുബൈയുടെ ശ്രദ്ധേയമായ പദ്ധതികളിലൊന്നാണ്. പൂര്‍ണമായും പരിസ്ഥിതി സൗഹൃദ കെട്ടിടങ്ങളാണ് മാര്‍ക്കറ്റില്‍ നിര്‍മിച്ചിരിക്കുന്നത്. ആകെയുള്ള 88 ഷോറൂമുകളില്‍ 35 എണ്ണം ആവശ്യക്കാര്‍ക്ക് നല്‍കിക്കഴിഞ്ഞു. ആവശ്യക്കാരേറെയുള്ളതിനാല്‍ തത്സമയ നറുക്കെടുപ്പിലൂടെയാണ് വിജയികളെ നിശ്ചയിച്ചത്.
അവശേഷിക്കുന്ന ഷോറൂമുകളും ഈ മാസം തന്നെ ആവശ്യക്കാര്‍ക്ക് നല്‍കുന്നതോടെ അടുത്ത മാസം ആദ്യം ട്രക്ക് മാര്‍ക്കറ്റ് പൂര്‍ണമായും പ്രവര്‍ത്തനമാരംഭിക്കുമെന്നും ദുബൈ നഗരസഭാ അധികൃതര്‍ വ്യക്തമാക്കി.

Latest