Connect with us

Gulf

ഹ്യുമാനിറ്റേറിയന്‍ സിറ്റി പദ്ധതികള്‍ക്ക് തുടക്കം

Published

|

Last Updated

ദുബൈ: ഇന്റര്‍നാഷനല്‍ ഹ്യൂമാനിറ്റേറിയന്‍ സിറ്റിയുടെ 2015-2021ലേക്കുള്ള സ്ട്രാറ്റജിക്കല്‍ പദ്ധതികള്‍ക്ക് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം തുടക്കം കുറിച്ചു. ദുബൈ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലുള്ള ഹ്യുമാനിറ്റേറിയന്‍ സിറ്റിയുടെ ആസ്ഥാനത്ത് പ്രമുഖരായ വിദേശ പ്രതിനിധികളുടെയും അതിഥികളുടെയും സാന്നിധ്യത്തിലാണ് പദ്ധതികള്‍ക്ക് ശൈഖ് മുഹമ്മദ് തുടക്കം കുറിച്ചത്.
യുണൈറ്റഡ് നാഷന്‍സ്, അന്താരാഷ്ട്ര ജീവകാരുണ്യ പ്രസ്ഥാനങ്ങള്‍ എന്നിവയുടെ സഹായത്തോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുരിതം നേരിടുന്ന മനുഷ്യര്‍ക്കുള്ള സഹായത്തിനായി ശൈഖ് മുഹമ്മദിന്റെ നിര്‍ദേശാനുസരണം 2003ല്‍ ദുബൈയില്‍ ആരംഭിച്ചതാണ് ഇന്റര്‍നാഷനല്‍ ഹ്യൂമാനിറ്റേറിയന്‍ സിറ്റി.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ മധ്യ പൗരസ്ത്യ ദേശങ്ങളിലും ആഫ്രിക്കന്‍ രാജ്യങ്ങളിലുമായി നൂറുകോടിയിലധികം ദിര്‍ഹമിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഹ്യൂമാനിറ്റേറിയന്‍ സിറ്റിക്കു കഴിഞ്ഞതായി സിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശൈമാ അല്‍ സര്‍ഊനി പറഞ്ഞു. ഇത്രയും സഹായങ്ങള്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ ദുരിതമനുഭവിക്കുന്ന അര്‍ഹരിലേക്കെത്തിക്കുന്നതിന് അന്താരാഷ്ട്ര തലങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അറുപതിലധികം സംഘടനകള്‍ ഹ്യുമാനിറ്റേറിയന്‍ സിറ്റിയുമായി സഹകരിച്ചതായും ശൈമാ വ്യക്തമാക്കി.
2021 വരെ നാലു സ്റ്റേജുകളിലായി സിറ്റി നടത്താനുദ്ദേശിക്കുന്ന സ്ട്രാറ്റജി സംഗമത്തില്‍ ശൈമാ വിശദീകരിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ലോകത്തിലെ ഒന്നാമത്തെ കേന്ദ്രമാക്കി മാറ്റുക എന്നതാണ് ആദ്യത്തേത്. ഇതിന്റെ ഭാഗമായി രണ്ടു വര്‍ഷത്തിലൊരിക്കല്‍ അന്താരാഷ്ട്ര മാനവിക ഫോറം ദുബൈയില്‍ സംഘടിപ്പിക്കും.
സിറ്റിയുടെ പ്രവര്‍ത്തന ഫണ്ടിലേക്ക് 10 ലക്ഷം ദിര്‍ഹം സംഭാവന ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം നല്‍കിയതായും ശൈമാ അല്‍ സര്‍ഊനി വ്യക്തമാക്കി. യു എന്‍ സെക്രട്ടറി ജനറലിന്റെ അണ്ടര്‍ സെക്രട്ടറി, യു എന്‍ ഭക്ഷണ പദ്ധതിയുടെ സി ഇ ഒ, റെഡ് ക്രോസ്, റഡ് ക്രസന്റ് എന്നിവയുടെ പ്രതിനിധികളടക്കം പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Latest