Connect with us

Gulf

18ന് മുകളിലുള്ള മൂന്നിലൊരാള്‍ രക്ത സമ്മര്‍ദ രോഗിയെന്ന്

Published

|

Last Updated

ദുബൈ: രാജ്യത്തെ 18 വയസിനു മുകളിലുള്ളവരില്‍ മൂന്നിലൊരാള്‍ രക്ത സമ്മര്‍ദ രോഗിയെന്ന് പുതിയ പഠനം. ഹൃദ്രോഗങ്ങളെക്കുറിച്ച് ഇയ്യിടെ ദുബൈയില്‍ നടന്ന മെഡിക്കല്‍ ഫോറത്തിലാണ് പുതിയ പഠന വിവരം പുറത്തുവിട്ടത്.

രാജ്യത്തെ മൊത്തം ജനസംഖ്യയില്‍ 30 ശതമാനം പേരും രക്ത സമ്മര്‍ദ രോഗികളാണ്. രാജ്യം നേരിടുന്ന വലിയ ആരോഗ്യ പ്രശ്‌നമായി ഇതിനെ കാണേണ്ടതുണ്ട്. വ്യക്തികളും ആരോഗ്യ മന്ത്രാലയവും അനുബന്ധ വകുപ്പുകളും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്, ഫോറത്തില്‍ പങ്കെടുത്ത വിദഗ്ധ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.
ഏറെ അപകടകരമായ രക്ത സമ്മര്‍ദത്തിന്റെ കാരണം അധികപേരിലും ക്രമം തെറ്റിയ ജീവിതരീതിയാണ്. ചെറിയ വിഭാഗത്തിന് മാത്രമാണ് പാരമ്പര്യം കാരണമാകുന്നത്. ഏതു പ്രായത്തിലുള്ളവര്‍ക്കും രക്ത സമ്മര്‍ദം ഉണ്ടാകാമെങ്കിലും ഇതിന്റെ പ്രയാസങ്ങളും അപകട സാധ്യതയും പ്രായം ഏറുന്തോറൂം കൂടിവരുന്നതായാണ് പഠനങ്ങളും അനുഭവങ്ങളും വ്യക്തമാക്കുന്നത്. ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ലോകത്ത് നിലവില്‍ മൊത്തം 100 കോടി ജനങ്ങള്‍ രക്ത സമ്മര്‍ദ രോഗ ബാധിതരാണെന്നാണ് കണക്ക്. 2025 ആകുമ്പോഴേക്ക് ഇത് 156 കോടിയായി ഉയരുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. അപകടകരമാം വിധം രോഗികളുടെ എണ്ണം കൂടിവരുന്നു എന്ന മുന്നറിയിപ്പാണ് ഈ കണക്കുകള്‍ നല്‍കുന്നത്. ശക്തമായ ബോധവത്കരണവും മുന്‍കരുതലുകളും നടത്തണമെന്നാണ് ഫോറത്തില്‍ സംബന്ധിച്ചവര്‍ അഭിപ്രായപ്പെട്ടത്.
രക്ത സമ്മര്‍ദം നേരിയ തോതില്‍ അനുഭവപ്പെടുന്നതാണെങ്കില്‍ പോലും ഏറ്റവും ചുരുങ്ങിയത് ആറു മാസത്തിലൊരിക്കല്‍ വിദഗ്ധ ഡോക്ടറെ കാണണം. പ്രത്യേകിച്ചും അമിത വണ്ണവും മാനസിക പിരിമുറുക്കവും അനുഭവപ്പെടുന്നവരും. രക്ത സമ്മര്‍ദമനുഭവിക്കുന്ന ഏതെങ്കിലുമൊരാള്‍ കുടുംബത്തിലുള്ളയാളാണ് രോഗിയെങ്കില്‍ അത്തരക്കാരും ഇടക്കിടെ ഡോക്ടറെ കാണുന്നത് നല്ലതാണ്.
അസുഖം തുടങ്ങിയ കാലത്ത് തന്നെ അതിന്റെ അടയാളങ്ങള്‍ പല കേസിലും പ്രകടമാകണമെന്നില്ല. അടയാളങ്ങള്‍ പ്രകടമാകാതെ വര്‍ഷങ്ങളോളം ഈ അസുഖം ചിലരില്‍ തുടര്‍ന്നേക്കാം. അതിനാല്‍ തന്നെ അപകടകാരിയായ ഇതിനെ പ്രതിരോധിക്കാനാവശ്യമായ മാറ്റങ്ങള്‍ എല്ലാവരുടെയും ജീവിതത്തില്‍ അനിവാര്യമാണെന്നും ഫോറം അഭിപ്രായപ്പെട്ടു. പരമ്പരാഗതമായല്ലാതെയുണ്ടാകുന്ന രക്ത സമ്മര്‍ദങ്ങളിലെ മിക്കവയുടെ കാരണം മാനസിക പിരിമുറുക്കമാണെന്നും യു എ ഇയില്‍ കണ്ടെത്തിയ രക്ത സമ്മര്‍ദ കേസുകളില്‍ ഭൂരിഭാഗവും ക്രമം തെറ്റിയ ആഹാര രീതികളും ജീവിത രീതികളുമാണെന്നും ഫോറം വിലയിരുത്തി.

Latest