Connect with us

Ongoing News

മെസ്സിയും ക്രിസ്റ്റിയാനോയും പരസ്പരം വോട്ട് ചെയ്തില്ല

Published

|

Last Updated

സൂറിച്ച്: ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച താരങ്ങളായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും പരസ്പരം പുകഴ്ത്താറുണ്ടെങ്കിലും ഇരുവരും പരസ്പരം വോട്ട് ചെയ്തില്ല. ദേശീയ ടീം ക്യാപ്റ്റന്‍മാരെന്ന നിലയില്‍ വോട്ട് ചെയ്യാന്‍ ലഭിച്ച അവസരമാണ് രണ്ട് പേരും വിനിയോഗിച്ചത്. എങ്കിലും തങ്ങളുടെ സഹതാരങ്ങള്‍ക്കായിരുന്നു ഇവരുടെ വോട്ട്.

പോര്‍ച്ചുഗല്‍ ക്യാപ്റ്റന്‍ എന്ന നിലയിലുള്ള വോട്ട് ക്രിസ്റ്റിയാനോ റയല്‍ മാഡ്രിഡിലെ സഹതാരങ്ങള്‍ക്കാണ് നല്‍കിയത്. സെര്‍ജിയോ റാമോസ്, ഗാരെത് ബെയില്‍, കരീം ബെന്‍സേമ എന്നിവര്‍ക്കായിരുന്നു ക്രിസ്റ്റിയാനോ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നല്‍കിയത്. മെസ്സിയാകട്ടെ പ്രാഥമിക പരിഗണന അര്‍ജന്റീന ടീമിലെ സഹതാരമായ എയ്ഞ്ചല്‍ ഡി മാരിയക്കും രണ്ടാം സ്ഥാനം ബാഴ്‌സയിലെ സഹതാരമായ ഇനിയസ്റ്റയ്ക്കും നല്‍കി. മൂന്നാം സ്ഥാനം നല്‍കിയത് ക്ലബിലേയും ദേശീയ ടീമിലേയും സഹതാരമായ മഷ്‌കരാനോയ്ക്കാണ്.

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ വെയിന്‍ റൂണി ക്രിസ്റ്റ്യാനോ, ടോണി ക്രൂസ്, ഗ്യാരത് ബെയില്‍ എന്നിവര്‍ക്കാണ് വോട്ട് നല്‍കിയത്. എന്നാല്‍ ജര്‍മ്മനിയുടെ പുതിയ നായകന്‍ ഷ്വെയിന്‍സ്റ്റീഗര്‍ മെസ്സിക്കും ക്രിസ്റ്റ്യാനോയ്ക്കും വോട്ട് നല്‍കിയില്ല. മൂന്ന് വോട്ടുകളും ജര്‍മ്മന്‍കാര്‍ക്കാണ് നല്‍കിയത്. ന്യൂയര്‍, ലാം, മുള്ളര്‍ എന്നിവര്‍ക്കായിരുന്നു അദ്ദേഹത്തിന്റെ വോട്ട്.
മികച്ച താരത്തിനുള്ള ഫിഫ ബാലന്‍ ദ്യോര്‍ പുരസ്‌കാരം നേടിയ ക്രിസ്റ്റ്യാനോയ്ക്ക് 37.66 ശതമാനം വോട്ടാണ് ലഭിച്ചത്. മെസ്സിക്ക് 15.76 ശതമാനവും ന്യൂയര്‍ക്ക് 15.72 ശതമാനവും ലഭിച്ചു. ആര്യന്‍ റോബന്‍, തോമസ് മുള്ളര്‍, ഫിലിപ്പ് ലാം, നെയ്മര്‍, ജെയിംസ് റോഡ്രിഗസ് എന്നിവരാണ് നാല് മുതല്‍ എട്ട് വരെ സ്ഥാനങ്ങളില്‍.

Latest