Connect with us

Ongoing News

സന്തോഷ് ട്രോഫി: കേരളാ ടീമിനെ പ്രഖ്യാപിച്ചു

Published

|

Last Updated

മലപ്പുറം: സന്തോഷ് ട്രോഫി മത്സരങ്ങള്‍ക്കുള്ള ഇരുപത് അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. യുവതാരങ്ങളാല്‍ സമ്പന്നമായ ടീമില്‍ പതിനൊന്ന് പുതുമുഖങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്. ഇവരില്‍ അഞ്ച് പേര്‍ മലപ്പുറത്തിന് വേണ്ടി പന്ത് തട്ടുന്നവരാണ്. അഞ്ച് തവണ സന്തോഷ്‌ട്രോഫി കളിച്ച കെ എസ് ഇ ബി താരം വി വി സുര്‍ജിത്താണ് നായകന്‍. കഴിഞ്ഞ വര്‍ഷം സിലിഗൂരിയില്‍ നടന്ന സന്തോഷ് ട്രോഫി മത്സരങ്ങളില്‍ കേരളം ക്വാര്‍ട്ടറില്‍ പുറത്താവുകയായിരുന്നു. ഇത്തവണ തികഞ്ഞ പ്രതീക്ഷയോടെയാണ് ടീം മത്സരത്തിനിറങ്ങുന്നത്. പോലീസ് ടീമിന് വേണ്ടി കളിക്കുന്ന പി പി നൗഷാദ്, യു ജിംഷാദ്, വി എസ് അഷ്‌കര്‍, മലപ്പുറം ജില്ലാ സീനിയര്‍ താരം ഉസ്മാന്‍ ആശിഖ്, മലപ്പുറം എ ജിയുടെ സി നാസറുദ്ദീന്‍ എന്നിവരാണ് മലപ്പുറത്തിന്റെ താരങ്ങള്‍. വി മിഥുന്‍ (കണ്ണൂര്‍), അഖില്‍ സോമന്‍ (കോട്ടയം), സജിത്ത് ടി ( കാസര്‍കോഡ്), ഷെറിന്‍ സാം (എറണാകുളം), രാഹുല്‍ വി രാജ് ( തൃശൂര്‍), ജോണ്‍സണ്‍ എന്‍ ( തിരുവനന്തപുരം), ശ്രീരാഗ് വി ജി ( തൃശൂര്‍), ഷൈജു മോന്‍ ( തിരുവനന്തപുരം), വി കെ ഷിബിന്‍ലാല്‍ (കോഴിക്കോട്), സജീഷ് എം (കണ്ണൂര്‍), ജിജോ ജോസഫ് (തൃശൂര്‍), സീസന്‍ എസ് (തിരുവനന്തപുരം), ജോബി ജസ്റ്റിന്‍ (തിരുവനന്തപുരം), വി പി സുഹൈര്‍ (പാലക്കാട്) എന്നിവരാണ് മറ്റ് താരങ്ങള്‍. ഇരുപത് വയസ് മാത്രമുള്ള സജേഷാണ് ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍. നാല് പേര്‍ മാത്രമാണ് ഇരുപത്തിയഞ്ച് വയസിന് മുകളിലുള്ളത്. പി കെ രാജീവാണ് ടീം കോച്ച്. ദക്ഷിണമേഖലാ യോഗ്യതാ മത്സരങ്ങള്‍ നാളെ മുതല്‍ മഞ്ചേരി പയ്യനാട് സ്റ്റേഡിയില്‍ ആരംഭിക്കും. ഗ്രൂപ്പ് എയിലാണ് കേരളം. ആദ്യമത്സരത്തില്‍ കേരളവും ആന്ധ്രാപ്രദേശും ഏറ്റുമുട്ടും. 17 ന് ആന്ധ്രാ പ്രദേശ്- കര്‍ണാടക, 19 ന് കര്‍ണാടക- കേരളം മത്സരങ്ങളും നടക്കും. ഗ്രൂപ്പ് ബിയില്‍ സര്‍വീസസ്, തമിഴ്‌നാട്, പോണ്ടിച്ചേരി ടീമുകളാണുള്ളത്. 16 ന് സര്‍വീസസ്- പോണ്ടിച്ചേരി, 18 ന് പോണ്ടിച്ചേരി- തമിഴ്‌നാട്, 20 ന് തമിഴ്‌നാട്- സര്‍വീസസ് ടീമുകള്‍ തമ്മിലുള്ള മത്സരവും നടക്കും. ഇതുവരെ അഞ്ച് തവണയാണ് കേരളം സന്തോഷ് ട്രോഫി കിരീടത്തില്‍ മുത്തമിട്ടത്. 1973, 1991, 1992, 2001-2002, 2004 വര്‍ഷങ്ങളിലായിരുന്നു അത്. 2012-2013ല്‍ കൊച്ചിയില്‍ സര്‍വീസസിനോട് ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടാണ് കേരളത്തിന് കിരീടം നഷ്ടമായത്. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നാളെ വൈകുന്നേരം 6.30ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. രാംകോ സിമന്റ്‌സ് ആണ് കേരളടീമിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍മാര്‍.

Latest