Connect with us

Wayanad

17ന് യൂനിവേഴ്‌സിറ്റിക്ക് മുമ്പില്‍ എല്‍ ഡി എഫ് സത്യഗ്രഹം

Published

|

Last Updated

കല്‍പ്പറ്റ: വെറ്ററിനറി സര്‍വകലാശാലയെ ചുരമിറക്കാനുള്ള നീക്കത്തിനെതിരെ എല്‍ ഡി എഫ് ജില്ല കമ്മറ്റി ആഭിമുഖ്യത്തില്‍ 17ന് കാലത്ത് പത്തി മണിമുതല്‍ സര്‍വകലാശാല ഗേറ്റിന് മുമ്പില്‍ സത്യഗ്രഹം നടത്തുമെന്ന് കണ്‍വീനര്‍ കെ വി മോഹനന്‍ അറിയിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ വെറ്ററിനറി യൂനിവേഴ്‌സിറ്റി വയനാട്ടില്‍ നിന്ന് മാറ്റാനുള്ള നീക്കം സംബന്ധിച്ച് സ്ഥലം എംഎല്‍എയും സര്‍വകലാശാലയുടെ പരമോന്നത സമിതിയായ ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് അംഗവുമായ എം വി ശ്രേയാംസ്‌കുമാര്‍ നിലപാട് വ്യക്തമാക്കണം.ജില്ലക്ക് എല്‍ഡിഎഫ് സര്‍കാര്‍ അനുവദിച്ച ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നിലനില്‍പ്പ് ആശങ്കയിലായിട്ടും എംഎല്‍എ മൗനം പുലര്‍ത്തുന്നത് ദുരൂഹമാണ്. സര്‍വകലാശാലയുടെ കെട്ടിട നിര്‍മാണം നിരോധിച്ച ഹരിതട്രിബ്യൂണല്‍ വിധിയുടെ മറവില്‍ ആസ്ഥാനം മാറ്റുമെന്നാണ് വൈസ്ചാന്‍സലര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജനപക്ഷത്ത് നിന്ന് നിര്‍ണായക തീരുമാനമെടുക്കാന്‍ ബാധ്യതപ്പെട്ട ബോര്‍ഡ് ഓഫ് മാനേജ് മെന്റ് അംഗം എന്ന നിലയില്‍ എംഎല്‍എ ഇക്കാര്യത്തില്‍ ഒരു ചെറു വിരല്‍ പോലും അനക്കിയിട്ടില്ലെന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ ചില സ്ഥാപിത താല്‍പര്യക്കാരും ആദിവാസി സംരക്ഷകരായി മാറിയ സംഘടനകളും സര്‍വകലാശാലയെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോഴും എംഎല്‍എയും എം പിയും പ്രശ്‌നത്തില്‍ ഇടപെടാത്തത് വയനാട്ടുകാരോട് കാണിക്കുന്ന വഞ്ചനയാണ്. പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകള്‍ പരിഗണിച്ച് പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധത്തില്‍ ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയും. ഇതിന് വിദഗ്ധനരായ എന്‍ജിനിയറിംഗ് വിംഗ് സര്‍വകലാശാലയുടെ കീഴിലുണ്ട്. ഈ സംവിധാനം പ്രയോജനപ്പെടുത്താതെയാണ് നിര്‍മാണ ചുമതല ബിഎസ്എന്‍എല്ലിന് കൈമാറിയത്.ഇത് ചെയ്തത് എംഎല്‍എ ഉള്‍പ്പെടുന്ന ബോര്‍ഡ് ഓഫ് മാനേജ്‌മെന്റാണ്. പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കാന്‍ ബംഗളുരുവിലെ സ്വകാര്യ സ്ഥാപനത്തെ ചുമതലപ്പെടുത്തിയതും ഇവരാണ്. പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകള്‍ പരിഗണിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണ് പഞ്ചായത്ത് ഭരണസമിതിയും ആവശ്യപ്പെട്ടത്.
പരിസ്ഥിതിയെ തകര്‍ത്ത് കൊണ്ട് നിര്‍മാണ പ്രവര്‍ത്തനം നടത്തി അത് വഴി സര്‍വകലാശാലയെ ചുരമിറക്കാനുള്ള ചില സ്ഥാപിത താല്‍പര്യക്കാരാണ് ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലെന്ന് തിരിച്ചറിയണം.
സര്‍ക്കാരും ജനപ്രതിനിധികളും ഇത്തരക്കാര്‍ക്ക് കൂട്ട് നില്‍ക്കുകയാണ്.
കാര്‍ഷിക പ്രതിസന്ധി രൂക്ഷമായ ജില്ലയില്‍ ക്ഷീര മേഖലയെ പ്രോത്സാഹിപ്പിച്ച് കര്‍ഷകര്‍ക്ക് ഉപജീവന മാര്‍ഗം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് 1996ലെ നായനാര്‍ സര്‍ക്കാര്‍ കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ പൂക്കോട് വെറ്ററിനറി കോളജ് സ്ഥാപിച്ചത്. 2004ല്‍ പ്രവര്‍ത്തനം ആരംഭിച്ച കോളേജിന് 2010ലെ വി എസ് അച്യൂതാനന്ദന്‍ സര്‍കാരാണ് സര്‍വകലാശാലാ പദവി നല്‍കിയത്. 2011 ഫെബ്രുവരിയില്‍ യൂനിവേഴ്‌സിറ്റി ആക്ട് നിലവില്‍ വന്നു. ഇതില്‍ സര്‍വകലാശാല ആസ്ഥാനം പൂക്കോടാണെന്നാണ് കൃത്യമായി രേഖപ്പെടുത്തിയത്. സര്‍വകലാശാലയെ ചുരമിറക്കാനുള്ള ശ്രമം തുടക്കം മുതല്‍ തുടക്കം മുതല്‍ തന്നെ തുടങ്ങിയിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിരന്തരം തടസപ്പെടുത്തിയാണ് ആസ്ഥാനം മാറ്റാന്‍ നീക്കം നടത്തിയത്. യൂനിവേഴ്‌സിറ്റിയെ തകര്‍ക്കാനുള്ള നീക്കം ഏത് വിധേനെയും ചെറുത്ത് തോല്‍പ്പിക്കുമെന്നും കണ്‍വീനര്‍ അറിയിച്ചു.

Latest