Connect with us

Malappuram

ജില്ലയില്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു സംയുക്ത പരിശോധനാ സമിതി പരിശോധന നടത്തുന്നില്ല

Published

|

Last Updated

തേഞ്ഞിപ്പലം: ജില്ലയിലെ ഭൂരഹിതരായവര്‍ വയല്‍ നികത്തി വീട് നിര്‍മിക്കാനുളള അനുമതിക്കായി അപേക്ഷ നല്‍കിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തീരുമാനം നല്‍കാതെ വിവിധ വകുപ്പുകളുടെ ഏകോപന സംവിധാനമായ സംയുക്ത പരിശോധന സമിതി അപേക്ഷകരെ നട്ടം തിരിക്കുന്നു.
ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ തരിശ് ഭൂമിയിലാണ് ഭവനം നിര്‍മിക്കാന്‍ നിലം നികത്തുന്നതിനും ഭവനം നിര്‍മിക്കുന്നതിനും നിരവധി പേര്‍ അപേക്ഷ നല്‍കിയത്. ഗ്രാമ പഞ്ചായത്തിലെ സ്ഥിരം സംവിധാനമായ പ്രദേശിക നിരീക്ഷണ സമിതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും കൃഷി ഓഫീസര്‍ കണ്‍വീനറും വില്ലേജ് ഓഫീസറും ജില്ലാ കലക്ടര്‍ നിര്‍ദേശിക്കുന്ന മൂന്ന് കര്‍ഷകരും അടങ്ങിയ സമിതിയാണ് ഇത്തരത്തിലുളള അപേക്ഷ പരിശോധിച്ച് നടപടിയെടുക്കേണ്ടത്. ഈ സമിതി തീരുമാനം കൈകൊള്ളാന്‍ കഴിഞ്ഞില്ലെങ്കില്‍ പരിശോധിച്ച റിപ്പോര്‍ട്ട് ജില്ലാ കലക്ടറും ജില്ലാ കൃഷി ഓഫീസറും അടങ്ങുന്ന സമിതിക്ക് റിപ്പോര്‍ട്ട് നല്‍കണം. അവരോ അവരുടെ പ്രതിനിധിധികളോ സ്ഥലം പരിശോധന നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയാണ് കമ്മിറ്റി അന്തിമ തീരുമാനമെടുക്കേണ്ടത്.
എന്നാല്‍ അത്തരം അപേക്ഷകള്‍ സമയബന്ധിതമായി സംയുതമായി പരിശോധിക്കാനോ തുടര്‍ നടപടികള്‍ സ്വീകരിക്കാനോ സംയുക്ത പരിശോധന സമിതികള്‍ പലപ്പോഴും തയാറാവുന്നില്ല. കൃഷി ഓഫീസര്‍മാര്‍ ഒഴിവ് കിട്ടുമ്പോള്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് സമയം ലഭിക്കാറില്ല. പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് ഗ്രാമ പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ ഇത്തരത്തിലുളള അപേക്ഷകള്‍ കെട്ടികിടക്കുന്നതിനെതിരെ പലപ്പോഴും രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വരാറുണ്ട്. പല വില്ലേജുകളിലും കൃഷി ഓഫീസര്‍മാരും വില്ലേജ് ഓഫീസര്‍മാരും തമ്മില്‍ പരിശോധന നടത്താത്തതിനെ ചൊല്ലി പരസ്പരം പഴിചാരാറാണ് പതിവ്. അതേസമയം ഗ്രാമ പഞ്ചായത്തില്‍ ലഭിക്കുന്ന ഇത്തരത്തിലുളള അപേക്ഷകള്‍ സംയുക്ത പരിശോധന സമിതിയുടെ പരിശോധനക്കായി ഓവര്‍സിയര്‍ മാറ്റി വെക്കുമെങ്കിലും സംയുക്ത പരിശോധ സമിതി ഇത്തരത്തിലുളള അപേക്ഷകള്‍ കാണാന്‍ പോലും തയ്യാറാകാറില്ല.
പ്രത്യേക ഫോമുകളില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ മാത്രമേ പരിശോധനക്ക് വിധേയമാക്കേണ്ടതുളളുവെന്നാണ് സമിതിയിലെ ചില ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ അപേക്ഷകരായ പാവപ്പെട്ടവര്‍ക്ക് നിര്‍ദിഷ്ട അപേക്ഷയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കാറുമില്ല. വയല്‍ നികത്തി വീട് നിര്‍മിക്കാനുളള അപേക്ഷയാണ് പലപ്പോഴുളള ഗ്രാമ പഞ്ചായത്തില്‍ ഉപഭോക്താക്കള്‍ നല്‍കാറുളളത്.
അതേസമയം വീട് വെക്കാന്‍ വയല്‍ തരം മാറ്റണമെങ്കില്‍ സ്വന്തമായോ അനന്തരമായോ വീട് വെക്കാന്‍ വയലെല്ലാതെ മറ്റൊരു ഭൂമിയില്ലെങ്കില്‍ അഞ്ച് സെന്റ് വയലില്‍ വീട് വെക്കാന്‍ അനുമതിക്കായി കൃഷി ഓഫീസില്‍ നിന്ന് ലഭിക്കുന്ന നിര്‍ദിഷ്ട ഫോമുകളില്‍ അപേക്ഷ സമര്‍പ്പിക്കണമെന്നാണ് സംയുക്ത പരിശോധന സമിതിയുടെ അലിഖിത നിയമമത്രെ.
എന്നാല്‍ അനധികൃതമായി വയല്‍ തരം മാറ്റിയിട്ട് 10 വര്‍ഷത്തില്‍ കൂടുതലായെങ്കില്‍ വീട് നിര്‍മിക്കാനുളള അനുമതിക്കായി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, കൃഷി ഓഫീസര്‍, വില്ലേജ് ഓഫീസര്‍, അസിസ്റ്റന്റ് എന്‍ജിനിയര്‍ എന്നിവരടങ്ങുന്ന സംയുക്ത പ്രാദേശിക നിരീക്ഷണ സമിതിയാണ് അനുമതി നല്‍കേണ്ടത്.
ഈ സമിതി പരിശോധിച്ച് അപേക്ഷകളാണ് കൂടുതലും തീര്‍പ്പാകാതെ ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളില്‍ കെട്ടിക്കിടക്കുന്നത്. ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാരും വില്ലേജ് ഓഫീസര്‍മാരും പലപ്പോഴും പ്രാദേശികമായ വിഷങ്ങളില്‍ മേല്‍ പരസ്പരം ഉള്‍പോരിലുമായിരിക്കും.
കൃഷി ഓഫീസര്‍മാരെ ഇത്തരം പരിശോധനക്ക് കിട്ടാറുമില്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ അടക്കം പറച്ചില്‍. ഏതായാലും ഉദ്യോഗസ്ഥരുടെ ശീതസമരം കാരണം കുഴങ്ങുന്നത് പൊതുജനങ്ങളാണ്.

Latest