Connect with us

Malappuram

കുനിയില്‍ ഇരട്ടക്കൊല കേസ്: വിചാരണ മാറ്റി

Published

|

Last Updated

മഞ്ചേരി: കുനിയില്‍ ഇരട്ടക്കൊല കേസ് വിചാരണ മാറ്റി വെച്ചു. ഈ മാസം 15ന് മഞ്ചേരി ജില്ലാ സെഷന്‍സ് കോടതിയില്‍ നടത്താനിരുന്ന വിചാരണയാണ് ഹൈക്കോടതി നിര്‍ദേശ പ്രകാരം നിര്‍ത്തിവെക്കാന്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എന്‍ ജെ ജോസ് ഉത്തരവിട്ടത്.
കുനിയില്‍ അതീഖുര്‍റഹ്മാന് വധക്കേസിലെ പ്രതികളായ കൊളക്കടന്‍ ആസാദ്, കൊളക്കാടന്‍ അബൂബക്കര്‍ എന്ന കുഞ്ഞാപ്പു എന്നിവരെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണക്കു മുമ്പ് അതീഖുര്‍റഹ്മാന്‍ വധക്കേസിന്റെ കുറ്റപത്രം പോലും പോലീസ് സമര്‍പ്പിച്ചിട്ടില്ലെന്ന പ്രതിഭാഗത്തിന്റെ ഹരജി പരിഗണിച്ചാണ് വിചാരണ നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. അതീഖുര്‍റഹ്മാന്റെ വധക്കേസ് വിചാരണക്ക് ഇരട്ടക്കൊല കേസ് വിചാരണ ചെയ്യുന്നത് ശരിയല്ലെന്ന പ്രതികളുടെ ആവശ്യം പരിഗണിച്ചാണ് വിധി. അതീഖുര്‍റഹ്മാന്‍ വധക്കേസ് നടന്നിട്ടു മൂന്ന് വര്‍ഷം പൂര്‍ത്തിയായി. 2012 ജനുവരി അഞ്ചിനായിരന്നു അതീഖ് കൊല്ലപ്പെട്ടത്.
അതീഖ് വധക്കേസ് കുറ്റപത്രം നല്‍കാത്തതിനു ഒരാഴ്ചക്കകം വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് ഉത്തരവിട്ടിരുന്നു. കുറ്റപത്രം നല്‍കാത്തതിനു അന്വേഷണദ്യോഗസ്ഥന്‍ നാര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ് പി. എം പി മോഹനചന്ദ്രന്‍ നല്‍കിയ കാരണം തൃപ്തികരമല്ലെന്നും കണ്ടു ഹൈക്കോടതി വിശദമായ മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. കേസ് ഹൈക്കോടതി 19ന് വീണ്ടും പരിഗണിക്കും.
സെഷന്‍സ് കോടതിയില്‍ പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ യു എ ലത്വീഫ്, എം പി അബ്ദുലത്വീഫ് എന്നിവരും പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ അഡ്വ. പി വി ഹരി, അഡ്വ. പി ജി മാത്യു എന്നിവരും ഹാജരായി. 2012 ജൂണ്‍ പത്തിന് കൊല്ലപ്പെട്ട കൊളക്കാടന്‍ ആസാദ്, അബൂബക്കര്‍ കേസിന്റെ വിചാരണ പെട്ടെന്നു പൂര്‍ത്തിയാക്കണമെന്ന് മലപ്പുറം നാര്‍കോട്ടിക് സെല്‍ ഡി വൈ എസ് പി. എം പി മോഹനചന്ദ്രന്റെ അപേക്ഷയെ തുടര്‍ന്ന് ജില്ലാ സെഷന്‍സ് ജഡ്ജി എന്‍ ജെ ജോസ് വിചാരണ ഈ മാസം 15ന് നടത്താന്‍ നിശ്ചയിച്ചിരുന്നു. 2012 സെപ്തംബര്‍ 10നായിരുന്നു ഇരട്ടക്കൊലക്കേസിന്റെ കുറ്റപത്രം സമര്‍പ്പിച്ചത്. 21 പ്രതികളാണ് കുറ്റപത്രത്തില്‍.
എഫ് ഐ ആറില്‍ ഒന്നാം പ്രതിയാക്കപ്പെട്ടിരുന്ന മുസ്‌ലിം ലീഗ് ഏറനാട് മണ്ഡലം ജോ. സെക്രട്ടറി വാലില്ലാപ്പുഴ കുറ്റൂളി പാറമ്മല്‍ അഹമ്മദ്കുട്ടിയെ 19-ാം പ്രതിയാക്കിയിട്ടുണ്ട്. എഫ് ഐ ആറില്‍ ആറാം പ്രതിയാക്കപ്പെട്ടിരുന്ന പി കെ ബശീര്‍ എം എല്‍ എയുടെ പേര് കുറ്റപത്രത്തിലില്ല. മുണ്ടേങ്ങര പുള്ളിപ്പാടം വയലിലകത്ത് ഫിറോസ്ഖാനെ മാപ്പു സാക്ഷിയാക്കിയിട്ടുണ്ട്.