Connect with us

Kozhikode

ശുചിത്വഗ്രാമം ജൈവഗ്രാമം പദ്ധതി എല്ലാ പഞ്ചായത്തുകളിലേക്കും

Published

|

Last Updated

കോഴിക്കോട്: ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച ശുചിത്വഗ്രാമം ജൈവഗ്രാമം പദ്ധതി എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല പറഞ്ഞു. ജില്ലാ പഞ്ചായത്ത് നാലാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന ഗ്രാമസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ചെറുകിടവ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത സാമ്പത്തികവര്‍ഷം ചെറുവണ്ണൂര്‍ നല്ലളം വ്യവസായ എസ്റ്റേറ്റ് നാടിന് സമര്‍പ്പിക്കും. സ്ഥലം ലഭ്യമാകുന്ന മുറക്ക് ചെറുകിടവ്യവസായത്തിനായി സ്ഥലം ഏറ്റെടുക്കും. ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകളുടെ കൈവശമുള്ള വ്യവസായഭൂമി വികസിപ്പിക്കാന്‍ സംയോജിത പദ്ധതി നടപ്പാക്കും. മാലിന്യ സംസ്‌കരണത്തിനും ശുചീകരണത്തിനുമായി നിലവില്‍ ജില്ലാ പഞ്ചായത്തിനു കീഴിലെ ഒമ്പത് പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കിയിരുന്നത്. 1. 07 കോടി 49 ലക്ഷം രൂപയുടെ പദ്ധതിയില്‍ വികസനത്തിനായി 43,67,91,850 രൂപയും അറ്റകുറ്റപ്പണിക്കായി 63,82,13,200 രൂപയും വകയിരുത്തിയിട്ടുണ്ട്. വിഷവിമുക്തമായ പച്ചക്കറി തദ്ദേശീയമായി ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കി ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
ജൈവപച്ചക്കറിവ്യാപനം, കുറിയ തെങ്ങിന്‍ തൈ ഉത്പാദനം, പ്രാദേശിക നഴ്‌സറികളിലൂടെ നടീല്‍ വസ്തുക്കളുടെ വ്യാപനവും സംസ്‌കരണവും എന്നിവയും നടപ്പാക്കുന്നു.
നിലവില്‍ വിജയകരമായി നടന്നുവരുന്ന മുട്ടഗ്രാമം പദ്ധതി, ക്ഷീരഗ്രാമം പദ്ധതി, എന്നിവ വരും വര്‍ഷങ്ങളിലും നടപ്പാക്കും. ഇതിനായി ചാത്തമംഗലം റീജ്യനല്‍ പൗള്‍ട്രി ഫാമില്‍ ആധുനികരീതിയിലുള്ള ഹാച്ചറി തയ്യാറാക്കിയിട്ടുണ്ട്.
ജില്ലാ പഞ്ചായത്തിനു കീഴിലുള്ള സ്ഥാപനങ്ങളിലും ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ആശുപത്രികളിലും സോളാര്‍ വൈദ്യുതി യൂനിറ്റുകള്‍ സ്ഥാപിക്കും. ഇതിനായി പൊതുമേഖലാ സ്ഥാപനമായ കൊല്ലം യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. വിദ്യാഭ്യാസമേഖലയില്‍ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നതിനായി പദ്ധതികള്‍ ആവിഷ്‌കരിക്കും.
ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം സലീം, വൈസ് പ്രസിഡന്റ് ആര്‍ ശശി, വിവിധ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍മാരായ പി ജി ജോര്‍ജ് മാസ്റ്റര്‍, സി വി എം നജ്മ, ടി കെ തങ്കമണി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍, പ്രസിഡന്റ് ബിജു താന്നിക്കാക്കുഴി, സൂപ്പി നരിക്കാട്ടേരി സംസാരിച്ചു.

Latest