Connect with us

Kozhikode

സാംസ്‌കാരികോത്സവം 16ന്; ടി പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും

Published

|

Last Updated

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ചുള്ള സാംസ്‌കാരികോത്സവം ഈ മാസം 16 ന് വൈകുന്നേരം അഞ്ച് മണിക്ക് കഥാകൃത്ത് ടി പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും.

കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍മാന്‍ പുരുഷന്‍ കടലുണ്ടി എം എല്‍ എ അധ്യക്ഷതവഹിക്കും. സമ്മേളനത്തില്‍ കലോത്സവ വിജയികള്‍ക്കുള്ള സമ്മാന വിതരണത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് നിര്‍വഹിക്കും.
മുതിര്‍ന്ന കലാകാരന്‍മാരായ കോഴിക്കോട് നാരായണന്‍ നായര്‍, മച്ചാട്ട് വാസന്തി, ചെലവൂര്‍ കെ സി അബൂബക്കര്‍ എന്നിവരെ മന്ത്രി ഡോ. എം കെ മുനീര്‍ ആദരിക്കും. സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനാ പുരസ്‌കാരം നേടിയ പി ആര്‍ നാഥനെ മേയര്‍ പ്രൊഫ എ കെ പ്രേമജം ആദരിക്കും. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് സുഭാഷ് ചന്ദ്രന് എ പ്രദീപ്കുമാര്‍ എം എല്‍ എ ഉപഹാരം നല്‍കും. അക്ബര്‍ കക്കട്ടില്‍ സാംസ്‌കാരിക പ്രഭാഷണം നടത്തും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം വി ടി മുരളി, ചെങ്ങന്നൂര്‍ ശ്രീകുമാര്‍ നയിക്കുന്ന മെഹഫില്‍ അരങ്ങേറും. രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ പ്രമുഖ വ്യക്തികളുമായി കുട്ടികള്‍ സംവദിക്കും. വൈകുന്നേരം അഞ്ച് മണിക്ക് മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.
സാംസ്‌കാരികോത്സവത്തില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്കും അവസരമൊരുക്കും. 17 മുതല്‍ 21 വരെ രാവിലെ 10 മണിക്ക് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന പ്രതിഭകളുമായുള്ള ഒത്തുചേരലില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള വിദ്യാര്‍ഥികളുടെ പേരും വിലാസവും മൊസെമൃശസീഹവേമെ്മാ@ഴാമശഹ.രീാ എന്ന വിലാസത്തിലേക്ക് സ്‌കൂള്‍ മേധാവികള്‍ രജിസ്റ്റര്‍ ചെയ്യണം.
ഒരു സ്‌കൂളില്‍ നിന്ന് നാല് കുട്ടികള്‍ക്ക് അവസരം നല്‍കും. വിവിധ വിഷയങ്ങളില്‍ പ്രമുഖരുമായി കുട്ടികള്‍ക്ക് സംവദിക്കാനുള്ള അവസരവും ഒരുക്കും. ഇന്ന് രാവിലെ 10 ന് സാംസ്‌കാരികോത്സവം കമ്മിറ്റിയുടെ അടിയന്തര യോഗം ബി ഇ എം ഹൈസ്‌കൂളിലെ സ്വാഗതസംഘം ഓഫീസില്‍ ചേരും.

Latest