Connect with us

Kozhikode

മുക്കത്തെ സ്വകാര്യ ഹോട്ടലില്‍ മദ്യശാലക്ക് അനുമതി

Published

|

Last Updated

മുക്കം: സി പി എമ്മും കോണ്‍ഗ്രസും ബി ജെ പിയും കൈകോര്‍ത്തപ്പോള്‍ മുക്കത്തെ ഹോട്ടലില്‍ മദ്യശാലക്ക് അനുമതി കിട്ടി. ഗ്രാമപഞ്ചായത്ത് യോഗം ഐക്യകണ്‌ഠ്യേന തള്ളിയ അപേക്ഷയാണ് ഇന്നലെ ഭരണസമിതി യോഗത്തില്‍ ഏഴിനെതിരെ 14 വോട്ടുകള്‍ക്ക് പാസായത്. നിലവിലെ ഭരണസമിതിയില്‍ സി പി എമ്മിന് പത്തും മുസ്‌ലിം ലീഗിന് അഞ്ചും കോണ്‍ഗ്രസിന് നാലും വെല്‍ഫെയര്‍ പാര്‍ട്ടിക്കും ബി ജെ പിക്കും ഓരോ അംഗങ്ങളുമാണുള്ളത്. പത്ത് സി പി എം അംഗങ്ങളും മൂന്ന് കോണ്‍ഗ്രസ് അംഗങ്ങളും ബി ജെ പി അംഗവും മദ്യശാലക്ക് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ ലീഗിലെ അഞ്ച് അംഗങ്ങളും കോണ്‍ഗ്രസ് അംഗം എന്‍ പി ശംസുദ്ദീനും വെല്‍ഫെയര്‍ പാര്‍ട്ടി അംഗവും എതിര്‍ത്ത് വോട്ട് ചെയ്തു. നേരത്തെ നിരവധി തവണ ബാര്‍ ലൈസന്‍സിനായി മലയോരം ഗേറ്റ്‌വേ അധികൃതര്‍ ഗ്രാമപഞ്ചായത്തിനെ സമീപിച്ചിരുന്നു. ആദ്യ അപേക്ഷ ഐക്യകണ്‌ഠ്യേനയാണ് നിരസിച്ചിരുന്നത്. ബാറിനെതിരെ മുക്കത്തെയും പരിസരത്തെയും ജനങ്ങള്‍ സംഘടിച്ച് നിരവധി പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു. ഭരണസമിതിയോഗം നടക്കുന്ന ഇന്നലെയും ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ ബാര്‍ വിരുദ്ധ ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ധര്‍ണ നടത്തിയിരുന്നു. കഴിഞ്ഞ മാസം 16ന് നടന്ന യോഗത്തില്‍ അജന്‍ഡ കൊണ്ടുവന്നെങ്കിലും ലീഗിലെ അംഗം സക്കീന പുഞ്ചാരത്ത് കോടതിയെ സമീപിച്ച് അജന്‍ഡയില്‍ നിന്ന് വിഷയം മാറ്റിവെക്കുകയായിരുന്നു.
ഹോട്ടലിലെ മദ്യശാലക്ക് അനുമതി നല്‍കാന്‍ കോണ്‍ഗ്രസ് അംഗങ്ങളായ സജീഷ് മുത്തേരി, റനീഷ് തട്ടാലത്ത്, സിന്ധു താഴക്കോട്ടുമ്മല്‍ എന്നിവരാണ് സി പി എമ്മിനൊപ്പം ചേര്‍ന്ന് വോട്ട് ചെയ്തത്. പഞ്ചായത്ത് നടപടി വഞ്ചനാപരമാണെന്നും ലക്ഷങ്ങള്‍ നല്‍കിയാണ് അംഗങ്ങളെ ചാക്കിട്ട് പിടച്ചതെന്നും മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. കോണ്‍ഗ്രസ് അംഗങ്ങളുടെ നിലപാടിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും ചില യൂത്ത് കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

Latest