Connect with us

International

എയര്‍ ഏഷ്യ: കണ്ടെത്തിയ ബ്ലാക് ബോക്‌സ് സുരക്ഷിതമെന്ന് ഇന്തോനേഷ്യ

Published

|

Last Updated

ജക്കാര്‍ത്ത : ജാവ കടലില്‍നിന്ന് കണ്ടെടുത്ത എയര്‍ ഏഷ്യ വിമാനത്തിന്റെ ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡറിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും ഇത് സൂക്ഷ്മ പരിശോധനക്കായി തുറക്കാന്‍ സജ്ജമാണെന്നും ഇന്തോനേഷ്യയുടെ നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി കമ്മിറ്റി ചെയര്‍മാന്‍ ടടാങ് കുനൈദി പത്രസമ്മേളനത്തില്‍ പറഞ്ഞു. ജാവ കടലില്‍നിന്ന് മുങ്ങല്‍ വിദഗ്ധര്‍ കണ്ടെടുത്ത റെക്കോഡര്‍് പരിശോധനകള്‍ക്കായി അടിയന്തരമായി ജക്കാര്‍ത്തയിലെ ലബോറട്ടറിയിലേക്കയച്ചതായി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
ഒരാഴ്ചയോളം വെള്ളത്തിനടിയില്‍ കിടന്ന റെക്കോഡറില്‍നിന്ന് റിക്കാര്‍ഡ് ചെയ്ത വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുമെന്ന് ടടാങ് ഉറപ്പു പറഞ്ഞു. ഇതില്‍നിന്ന് ലബോറട്ടറി വിവരങ്ങള്‍ ശേഖരിച്ചതായും തന്റെ കീഴിലുള്ള സൂക്ഷ്മ പരിശോധന സംഘത്തിന് ഇത് ഡൗണ്‍ലോഡ് ചെയ്യാന്‍ ഏകദേശം മൂന്ന് ദിവസം ആവശ്യമാണെന്നും വിവരങ്ങള്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കാന്‍ വീണ്ടും കുറച്ച് മാസങ്ങളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം കോക്പിറ്റിലെ പൈലറ്റുമാരുടെ സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്യുന്ന കോക്പിറ്റ് വോയ്‌സ് റിക്കോഡര്‍ കണ്ടെത്താന്‍ മുങ്ങല്‍ വിദഗ്ധര്‍ ശ്രമിച്ചുവരികയാണെന്ന് എയര്‍ക്രാഫ്റ്റ് ട്രാന്‍സ്‌പോര്‍ട്ട് ആക്‌സിഡന്റ് കമ്മിറ്റി തലവന്‍ മസ്‌റൂരി പറഞ്ഞു. ഫ്‌ളൈറ്റ് ഡാറ്റ റിക്കോഡറും കോക്പിറ്റ് വോയ്‌സ് റെക്കോഡറും ചേര്‍ന്നതിനെയാണ് ബ്ലാക്ക് ബോക്‌സ് എന്നു പറയുന്നത്.

Latest