Connect with us

National

ശാരദാ ചിട്ടിത്തട്ടിപ്പ്: മുകുള്‍ റോയിക്ക് സി ബി ഐയുടെ സമന്‍സ്

Published

|

Last Updated

ന്യൂഡല്‍ഹി: ശാരദാ ചിട്ടിത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വിശ്വസ്തനും തൃണമൂല്‍ കോണ്‍ഗ്രസ് എം പിയുമായ മുകുള്‍ റോയിയെ സി ബി ഐ ചോദ്യം ചെയ്യാനായി വിളിപ്പിച്ചു. സി ബി ഐയെ ബി ജെ പി രാഷ്ട്രീയ ഉപകരണമാക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.
സി ബി ഐ വിളിപ്പിച്ചിട്ടുണ്ട്. രണ്ട് ദിവസം കൂടി ഡല്‍ഹിയിലുണ്ടാകും. കൊല്‍ക്കത്തയില്‍ എത്തിയാലുടന്‍ സി ബി ഐയെ കാണും. മുകുള്‍ റോയ് പറഞ്ഞു. ഒരു തരത്തിലും വ്യക്തയെന്ന നിലക്കോ പാര്‍ട്ടി നേതാവെന്ന നിലക്കോ അധാര്‍മികവും അനധികൃതവുമായ ഒന്നും ചെയ്തിട്ടില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി ബി ഐയെ രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുന്നത് ബി ജെ പി തുടരുകയാണ്. വളരെ മോശം ഏര്‍പ്പെടാണിത്. ബംഗാളില്‍ ലോക്‌സഭാ തിരഞ്ഞടുപ്പില്‍ രാഷ്ട്രീയമായി തങ്ങളെ എതിരിടാന്‍ ബി ജെ പിക്ക് സാധിച്ചില്ല. അതിനാല്‍ വരുന്ന കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പെ വൃത്തികെട്ട തന്ത്രം പുറത്തെടുക്കുകയാണ്. രാഷ്ട്രീയ തലത്തില്‍ വളരെ ശക്തമായി അവരെ നേരിടും. തൃണമൂല്‍ വക്താവ് ഡെറിക് ഒബ്രിയാന്‍ പറഞ്ഞു.
2011ല്‍ അധികാരത്തിലേറിയ തൃണമൂല്‍ കോണ്‍ഗ്രസിന് വലിയ പ്രതിസന്ധിയായിരിക്കുകയാണ് ശാരദാ ചിട്ടിഫണ്ട് കുംഭകോണം. സംസ്ഥാന മന്ത്രി മദന്‍ മിത്ര, പാര്‍ട്ടി എം പിമാരായ കുണാല്‍ ഘോഷ്, ശ്രിഞ്‌ജോയ് ബോസ്, വൈസ് പ്രസിഡന്റ് രജത് മജുംദാര്‍ തുടങ്ങിയവര്‍ അറസ്റ്റിലായിട്ടുണ്ട്. നിരവധി നേതാക്കള്‍ ചോദ്യം ചെയ്യല്‍ ഭീഷണിയിലുമാണ്. സി ബി ഐക്ക് മറ്റ് ഏജന്‍സികളും കേസ് അന്വേഷിക്കുന്നുണ്ട്. മുഖ്യമന്ത്രിയായിരിക്കെ തന്നെ സംഘടനാ കാര്യങ്ങള്‍ താന്‍ നോക്കുമെന്ന് മമതാ ബാനര്‍ജി ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതുവരെ പാര്‍ട്ടിയുടെ ചുമതല മുകുള്‍ റോയിക്കാണ്. മദന്‍ മിത്രക്കും ശ്രിഞ്‌ജോയ് ബോസിനും മമതയുടെ പിന്തുണയുണ്ട്. ഇരുവരും നിരപരാധികളാണെന്ന നിലപാടിലാണ് അവര്‍. കുണാല്‍ ഘോഷിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. വരുന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലും അടുത്ത വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിലും വന്‍ വിജയം ലക്ഷ്യമിട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ബി ജെ പിയാണ് അവര്‍ക്ക് വലിയ ഭീഷണി.

Latest