Connect with us

National

കന്റോണ്‍മെന്റ് ബോര്‍ഡ് തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് തോല്‍വി

Published

|

Last Updated

ലക്‌നോ: കന്റോണ്‍മെന്റ് ബോര്‍ഡ് തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം മണ്ഡലമായ വാരാണസിയില്‍ ബി ജെ പിക്ക് അടിപതറി. വാരാണസിയില്‍ മാത്രമല്ല ലക്‌നോവിലും ബി ജെ പി പിന്തുണച്ച സ്ഥാനാര്‍ഥികള്‍ ജയിച്ചില്ല. ആഗ്രയില്‍ ഒരു സീറ്റ് മാത്രം ലഭിച്ചു. വാരാണസിയില്‍ ഏഴ് സീറ്റുകളും നേടിയത് സ്വതന്ത്രന്‍മാരാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം നല്‍കിയ ആത്മവിശ്വാസത്തില്‍ ഇതാദ്യമായാണ് കന്റോണ്‍മെന്റ് ബോര്‍ഡ് തിരഞ്ഞെടുപ്പില്‍ ബി ജെ പി, സ്ഥാനാര്‍ഥികളെ നിര്‍ത്തുകയോ പിന്തുണക്കുകയോ ചെയ്തത്.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ തട്ടകമായ ലക്‌നോവിലും എട്ട് സീറ്റുകളും ലഭിച്ചത് സ്വതന്ത്രര്‍മാര്‍ക്കാണ്. പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നം ലഭിക്കാതിരുന്നതാണ് അധിക സ്ഥാനാര്‍ഥികളും തോല്‍ക്കാന്‍ കാരണമെന്ന ന്യായമാണ് ബി ജെ പി സംസ്ഥാന പ്രസിഡന്റ് ലക്ഷ്മികാന്ത് ബജ്പയ് ഇതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കിയത്. ആഗ്രയില്‍ ഒരു വാര്‍ഡ് മാത്രം ലഭിച്ചതാണ് ബി ജെ പിക്ക് ആശ്വാസം. ഇവിടെ എല്ലാ സീറ്റുകളിലും പാര്‍ട്ടി ചിഹ്നത്തിലാണ് സ്ഥാനാര്‍ഥികള്‍ മത്സരിച്ചത്. ഏഴ് സീറ്റുകളില്‍ സ്വതന്ത്രര്‍ ജയിച്ചു. ജഗദീഷ് പ്രസാദ്, പ്രമോദ് ശര്‍മ, രൂപാ ദേവി, സ്വാതി യാദവ്, അമിത് കുമാര്‍ ശുക്ല, അഞ്ജും ആറ, സഞ്ജയ് കുമാര്‍ വൈശ്, റീന സിംഘാനിയ എന്നിവര്‍ ലക്‌നോയിലും സംഗീത, ശൈലേന്ദ്ര സിംഗ്, രാജ്കുമാര്‍ ദാസ്, മശൂദ് ഹുസൈന്‍, ചന്ദ്ര കേശവ്, ഷാനവാസ് അലി, ശൈല്‍ജ ശ്രീവാസ്തവ എന്നിവര്‍ വാരാണസിയിലും ജയിച്ചു.
ഞായറാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. ഇന്നലെ വോട്ടെണ്ണി. ബി ജെ പിയുടെ അവകാശവാദങ്ങള്‍ പൊള്ളയാണെന്ന് ഈ ഫലം കാണിക്കുന്നുവെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവും യു പി മന്ത്രിയുമായ അംബിക ചൗധരി പറഞ്ഞു. വലിയ അവകാശവാദങ്ങള്‍ നടത്തിയ ബി ജെ പി ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. മോദി അധികാരമേറ്റതിന് പിന്നാലെ നടന്ന സസ്ഥാനത്തെ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ 11ല്‍ ഒമ്പതിലും ബി ജെ പി തോറ്റു. വരുംദിവസങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ ഉത്തര്‍ പ്രദേശിലെങ്കിലും ബി ജെ പി പരാജയരുചി അറിയുമെന്നും ജനം യാഥാര്‍ഥ്യം മനസ്സിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest