Connect with us

Kasargod

ടോള്‍പിരിവ് തര്‍ക്കം തീര്‍ന്നു; ടെണ്ടര്‍ ക്ഷണിക്കും

Published

|

Last Updated

കാഞ്ഞങ്ങാട്: പടന്നക്കാട് റെയില്‍വെ മേല്‍പ്പാലത്തിലെ ടോള്‍ പിരിവുമായി ബന്ധപ്പെട്ട തര്‍ക്കം ഒത്തുതീര്‍പ്പിലെത്തി. ടോള്‍ പിരിവ് അനധികൃതമാണെന്ന് ആരോപിച്ച് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച അര്‍ധരാത്രി ടോള്‍ ബൂത്ത് ഉപരോധിച്ചിരുന്നു. ഇതേ തുടര്‍ന്ന് പിരിവ് നിര്‍ത്തിവെച്ച് കരാറുകാരന്‍ പിന്‍മാറി. ഈമാസം 10 മുതല്‍ ഒരു മാസത്തേക്ക് ടോള്‍ പിരിവ് നടത്താന്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് അനുമതി ലഭിച്ചിരുന്നു. അധികൃതര്‍ രഹസ്യമായി പള്ളിക്കരയിലെ ഒരു കരാറുകാരനെ ടോള്‍പിരിക്കാനുള്ള ചുമതല ഏല്‍പ്പിച്ചു. ഇതാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.
കഴിഞ്ഞ 9 മാസമായി ഒരു പൊതുമരാമത്ത് കരാറുകാരന്റെ നേതൃത്വത്തില്‍ ട്രയല്‍ പിരിവ് നടന്നു വരികയായിരുന്നു. അതിന്റെ കാലാവധി 10ന് പൂര്‍ത്തിയായതോടെയാണ് ടോള്‍ പിരിവിനുള്ള അനുമതി പൊതുമരാമത്ത് വകുപ്പിന് ലഭിച്ചത്.
എന്നാല്‍ ടെണ്ടറോ ക്വട്ടേഷനോ ക്ഷണിക്കാതെ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ ഫീസ് പിരിക്കാനുള്ള ചുമതല സ്വകാര്യ വ്യക്തിയെ ഏല്‍പ്പിക്കുകയായിരുന്നു. ഇത് തടഞ്ഞ ഡി വൈ എഫ് ഐ നിയമാനുസൃതം ഫീസ് പിരിവിനുള്ള നടപടി പൂര്‍ത്തിയാകുന്നതു വരെ ഉപരോധം തുടരുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി പി സുമേഷ് പ്രശ്‌നത്തില്‍ ഇടപെട്ടു.
ഡി വൈ എഫ് ഐ നേതാക്കളുമായും പൊതുമരാമത്ത് വകുപ്പ് അധികൃതരുമായും അദ്ദേഹം ചര്‍ച്ചനടത്തി. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ നിയമാനുസൃതം ടെണ്ടര്‍ ക്ഷണിക്കാമെന്നും ഈ മാസം 25ന് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാമെന്നും പൊതുമരാമത്ത് അധികൃതര്‍ സമ്മതിച്ചു.
അതുവരെ പൊതുമരാമത്ത് വകുപ്പ് തന്നെ നേരിട്ട് ടോള്‍ പിരിവ് നടത്താമെന്ന ധാരണ ഉരുത്തിരിയുകയും ചെയ്തു. ഇതോടെ ഡി വൈ എഫ് ഐ ഉപരോധത്തില്‍ നിന്ന് പിന്‍മാറി.
ഡി വൈ എഫ് ഐ നേതാക്കളായ ശിവജി വെളളിക്കോത്ത്, പ്രദീപ് മരക്കാപ്പ്, രതീഷ് നെല്ലിക്കാട്ട്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ മഞ്ചേക്കര്‍, ജയദീപന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest