Connect with us

Articles

അടിയന്തരാവസ്ഥയുടെ നിഴല്‍

Published

|

Last Updated

ഇന്ത്യ ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് പറഞ്ഞാല്‍ അതിശയോക്തിയാകില്ല. അടുത്ത രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യം രണ്ടാമത്തെ അടിയന്തരാവസ്ഥയെ അഭിമുഖീകരിക്കേണ്ടിവരുമെന്ന് പറഞ്ഞത് സുപ്രീം കോടതിയുടെ മുന്‍ ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവാണ്; തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ. ഒരു അടിയന്തരാവസ്ഥക്ക് വേണ്ട എല്ലാ മസാലക്കൂട്ടുകളും ഇപ്പോള്‍ത്തന്നെ ഒത്തുവന്നിട്ടുണ്ട് രാജ്യത്ത്. പക്ഷേ, എല്ലാം അപ്രഖ്യാപിതം ആണെന്ന് മാത്രം. അപ്രഖ്യാപിത സെന്‍സര്‍ഷിപ്പ് ഉള്ളത് പോലെയാണ് മാധ്യമങ്ങളുടെ പെരുമാറ്റം. തങ്ങളുടെ താത്പര്യങ്ങള്‍ക്ക് എതിരായി ആരെങ്കിലും എന്തെങ്കിലും മൂളിയാല്‍ പോലും ഭരണപാര്‍ട്ടിയുടെ കൂട്ടുകുടുംബങ്ങള്‍ അക്രമണോത്സുകരാകുന്നു. തങ്ങളുടെ അപ്രമാദിത്വമാണ് ഇനിയുള്ള കാലമെന്നും അതിനെതിരെ വിരല്‍ ചൂണ്ടിയാല്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്നുമുള്ള സന്ദേശമാണ് ഇവരുടെ ശരീര ഭാഷയില്‍ കാണാനാകുന്നത്. ഒരു ജനായത്ത സംവിധാനത്തിലല്ല നാം ജീവിക്കുന്നതെന്ന് തോന്നിപ്പോകുന്ന സന്ദര്‍ഭങ്ങള്‍. ഇത്തരമൊരു വാദങ്ങളെ സാധൂകരിക്കുന്നതാണ് കേന്ദ്ര മന്ത്രിമാരുടെ അഭിപ്രായ പ്രകടനങ്ങളും ഭരിക്കുന്ന പാര്‍ട്ടിയുടെയും സഹോദര സംഘടനകളുടെയും നടപടികളും അവയോടുള്ള ബന്ധപ്പെട്ടവരുടെ കുറ്റകരമായ മൗനവും.
കഴിഞ്ഞ രണ്ടുമൂന്ന് മാസങ്ങള്‍ക്കുള്ളില്‍ ഇക്കാര്യത്തില്‍ അഭൂതപൂര്‍വ മാറ്റമാണ് ഉണ്ടായത്. ഇത്തരമൊരു തീവ്രനിലപാടുകള്‍ നിറഞ്ഞ അവസരത്തില്‍ അതിലേക്ക് സ്വയം ചേക്കേറാന്‍ വെമ്പുകയാണ് ചിലര്‍. ഈ വൃത്തത്തിലേക്ക് തങ്ങളെയും ചേര്‍ക്കണമെന്ന് കെഞ്ചുന്ന രീതിയില്‍ മിതവാദ മൂടുപടം മാറ്റി തീവ്രനിലപാടുകളുടെ മുഖംമൂടി അണിയുന്നു ചിലര്‍. നിരഞ്ജന ജ്യോതിയുടെ ജുഗുപ്‌സാവഹമായ ജാരസന്തതി പ്രയോഗം മുതല്‍ ഏറ്റവും ഒടുവില്‍ സാക്ഷി മഹാരാജിന്റെ ഹിന്ദു സ്ത്രീകളെ കുറിച്ചുള്ള പ്രസ്താവന വരെ, ജനാധിപത്യ, മതേതര ആശയക്കാരെ അസ്വസ്ഥതപ്പെടുത്തുന്നതാണ്. വിശേഷിച്ച് ബന്ധപ്പെട്ടവര്‍ എതിര്‍ക്കപ്പെടാതെ മൗനം പാലിച്ച് അവക്ക് ആധികാരികത ചാര്‍ത്തിക്കൊടുക്കുന്ന വേളയില്‍. മൗനിയായിരുന്നും ഒരു വാദത്തിന്/ സംഭവത്തിന് ആധികാരികത ചാര്‍ത്തിക്കൊടുക്കാമല്ലോ. ഇത്തരം അതിരുവിട്ട വര്‍ത്തമാനങ്ങള്‍ രണ്ട്, മൂന്ന് പതിറ്റാണ്ടായി ഇന്ത്യക്കാര്‍ക്ക് പുത്തരിയല്ലെങ്കിലും ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നാകുമ്പോള്‍, അവര്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ ഭാഗമാകുമ്പോള്‍ ഭയപ്പെടാതെ വയ്യ. തീവ്ര രാഷ്ട്രീയ ചട്ടക്കൂടില്‍ നിന്ന് പെട്ടെന്നൊരു ദിവസം പാര്‍ലിമെന്റിലെത്തുകയും മന്ത്രിയാകുകയും ചെയ്തതിനാലാണ് ഹാംഗ് ഓവര്‍ മാറാതെ ഇങ്ങനെ പെരുമാറുന്നതെന്ന് ചിലരെക്കുറിച്ച് സമാധാനിക്കാം. എന്നാല്‍, ഭഗവദ് ഗീത ദേശീയ ഗ്രന്ഥമാക്കണമെന്ന വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ പ്രസ്താവനയെ എങ്ങനെ കാണണം? ജനാധിപത്യ വ്യവസ്ഥിതിയില്‍ നാനാതുറകളില്‍ പെട്ടവരുടെ ജനസമ്മിതി നേടി വിജയിച്ച്, ഭരണഘടന അനുസരിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി, ഇന്ത്യയുടെ നാനാത്വത്തെയും വിവിധ ജാതി, മത, വര്‍ഗ, വര്‍ണ, ഭാഷ, ദേശങ്ങളെയും ലോകസമക്ഷം പ്രതിനിധാനം ചെയ്യേണ്ട ഒരാളാണ് പ്രത്യേക മതവിഭാഗത്തിന്റെ വിശുദ്ധഗ്രന്ഥത്തിന് വേണ്ടി വാദിക്കുന്നത്. തന്റെ സ്വകാര്യ ജീവിതം ചിട്ടപ്പെടുത്തുന്നത് ഗീത അടിസ്ഥാനമാക്കിയാണ് എന്ന് പറഞ്ഞാല്‍ പ്രശ്‌നമില്ലായിരുന്നു. എന്നാല്‍, വിദേശ നയങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ ഗീത പ്രചോദനവും വഴികാട്ടിയും ആകുമെന്ന് പറയുന്നതില്‍ മറ്റു പല അര്‍ഥങ്ങളും അന്തര്‍ലീനമായിട്ടുണ്ട്. ഗീതയെ മഹത്വവത്കരിക്കാം, സന്ദേശങ്ങള്‍ പ്രചരിപ്പിക്കാം. പക്ഷേ, അത് സര്‍ക്കാര്‍ സംവിധാനത്തെ അവലംബിച്ചാകുമ്പോള്‍ ഗുരുതര പ്രശ്‌നത്തിന് വഴിവെക്കുന്നു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം നടത്തിയ വിദേശ സന്ദര്‍ശനങ്ങളില്‍ ആതിഥേയ രാഷ്ട്രത്തിന്റെ നായകര്‍ക്ക് ഗീതയാണ് സമ്മാനിച്ചത് എന്നത് ഇതോട് ചേര്‍ത്തു വായിക്കാം. വേദകാലഘട്ടത്തിന്റെ നന്‍മയിലേക്ക് പോകണമെന്ന ആഹ്വാനങ്ങള്‍ ഉള്‍ക്കൊണ്ടായിരിക്കും “ശാസ്ത്ര വൃന്ദം” പൗരാണിക കാലഘട്ടങ്ങളില്‍ ഇന്ത്യയില്‍ ജംബോ ജെറ്റുകളും കോപ്ടറുകളും റോക്കറ്റുകളും ഗ്രഹാന്തര യാത്രകളും നടത്തിയിരുന്നെന്ന് വീമ്പ് പറഞ്ഞത്. ഏറ്റവും ഒടുവില്‍, ശാസ്ത്ര രംഗത്തെ അതികായര്‍ അണിനിരന്ന സമ്മേളനത്തില്‍ അഞ്ച് മണിക്കൂറിലേറെയാണ് ഇത്തരം അബദ്ധ ങ്ങള്‍ എഴുന്നള്ളിക്കാന്‍ നീക്കിവെച്ചത്. ലോകസമക്ഷം ഇന്ത്യന്‍ ശാസ്ത്ര മുഖം മണ്ണില്‍ പൂഴ്ത്തിയതിന് കാരണക്കാരായതോ, പോയകാലത്തെ ശാസ്ത്ര പ്രഭൃതികളും. ചന്ദ്രയാനും മംഗള്‍യാനും അടക്കം ഗ്രഹാന്തര ദൗത്യങ്ങള്‍ വരെ വിജയകരമായി പൂര്‍ത്തിയാക്കിയ വേളയിലാണ് ഇങ്ങനെയുള്ള നിക്ഷിപ്ത താത്പര്യത്തിന് രാജ്യത്തിന്റെ ശാസ്ത്രത്തെ അടിയറ വെക്കുന്ന നടപടികള്‍. കുനിയാന്‍ പറയുമ്പോള്‍, നിലത്തിഴഞ്ഞ് കാല്‍ നക്കുന്ന സ്വഭാവം. അടിയന്തരാവസ്ഥയുടെ എല്ലാ സ്വഭാവങ്ങളും ശാസ്ത്ര രംഗത്തടക്കം പല മേഖലകളിലും നിഴലിക്കുന്നുവെന്നര്‍ഥം.
മഹാത്മാരെ ഹൈജാക്ക് ചെയ്ത് പകരം പ്രതിനായകരെ ആ വിടവില്‍ പ്രതിഷ്ഠിക്കുന്ന ഉപജാപവും അരങ്ങ് തകര്‍ക്കുന്നു. ഗാന്ധിജിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയെ വെള്ളപൂശാനാണ് ഒരു കൂട്ടരുടെ ശ്രമം. ഗോഡ്‌സെക്ക് ക്ഷേത്രം പണിയണമെന്നും കറന്‍സികളില്‍ നിന്ന് ഗാന്ധിജിയുടെ പടം മാറ്റണമെന്നും പറയുന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍ ഗാന്ധിജിയുടെ പടം നിരോധിക്കണമെന്ന് വരും ദിവസങ്ങളില്‍ ഹിന്ദു മഹാസഭ ആവശ്യപ്പെട്ടാല്‍ അത്ഭുതപ്പെടാനില്ല. പാര്‍ലിമെന്റിന്റെ അകത്തളങ്ങളില്‍ നിരവധി വീരേതഹാസ മഹാത്മാക്കള്‍ക്കൊപ്പം ഗോഡ്‌സെയുടെ ആ ക്രൂരമുഖവും തൂങ്ങുമായിരിക്കാം. സര്‍വര്‍ക്കറുടെ പടം ഇപ്പോള്‍ തന്നെ അവിടെ തൂങ്ങിയാടുന്നുണ്ടല്ലോ. ഒരേസമയം ഗാന്ധിജിയുടെ പാരമ്പര്യം അവകാശപ്പെടുകയും അദ്ദേഹത്തിന്റെ ഘാതകനെ മഹാനാക്കുകയും ചെയ്യുന്ന വിരോധാഭാസം അരങ്ങേറുന്നു. വിദേശ ശക്തികളുടെ കൈയടി നേടാന്‍ മഹാത്മാക്കളുടെ പിതൃത്വം അവകാശപ്പെടുന്നു. ഒപ്പം തങ്ങള്‍ പൂജിക്കുന്നവര്‍ക്ക് ജനകീയ മുഖം നല്‍കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.
വിമര്‍ശങ്ങളെയും അപ്രിയ വാര്‍ത്തകളെയും കായികമായി എതിര്‍ക്കുന്ന പ്രവണതയും വര്‍ധിക്കുന്നു. പോര്‍ബന്തറിന് മുന്നൂറിലധികം കിലോമീറ്റര്‍ അകലെ പാക്കിസ്ഥാന്‍ ബോട്ടിനെ തീരദേശ സേനയും നാവികസേനയും കണ്ടെത്തിയതായും തുടര്‍ന്ന് കത്തിയതായും പറയുന്ന സംഭവത്തെ കുറിച്ച് വ്യാപക സംശയമുയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ പ്രവീണ്‍ സ്വാമി നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വ്യാപക അക്രമങ്ങളാണ് അരങ്ങേറിയത്. ബോട്ടിനെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങള്‍ ഉയര്‍ത്തുന്നതാണ് സുരക്ഷാ ഏജന്‍സികള്‍ തന്നെ പുറത്തുവിട്ട റിപ്പോര്‍ട്ട്. എന്‍ ടി ആര്‍ ഒ ഉപഗ്രഹ ഫോണ്‍ ചോര്‍ത്തി നല്‍കിയ ആദ്യ റിപ്പോര്‍ട്ട് പ്രകാരം പാക് ബോട്ട് സംശയാസ്പദമായ നിലയില്‍ വരുന്നുവെന്ന സന്ദേശം മാത്രമാണ് നല്‍കിയത്. അതില്‍ സ്‌ഫോടനം, ഭീകരര്‍ തുടങ്ങിയ പരാമര്‍ശങ്ങളൊന്നുമില്ലായിരുന്നു. കള്ളക്കടത്തുകാരാണ് എന്ന സംശയം മാത്രമാണ് എന്നുള്ളതിനാല്‍ ഇന്റലിജന്‍സ് ബ്യൂറോക്ക് വിവരം കൈമാറാതെ തീരദേശ സേനക്ക് നല്‍കുകയും ചെയ്തു. ഇങ്ങനെയാണ് ബോട്ടിനെ സംബന്ധിച്ച ഔദ്യോഗിക ജാഗ്രതാ നിര്‍ദേശം സുരക്ഷാ ഏജന്‍സികള്‍ കൈകാര്യം ചെയ്തത്. ഇക്കാര്യങ്ങള്‍ നേരത്തെ ഉന്നയിച്ചതിനാണ് തീവ്രഹിന്ദുത്വ സംഘടനകള്‍ പ്രവീണ്‍ സ്വാമിക്ക് നേരെ ആക്രോശിക്കുന്നത്. പാക്കിസ്ഥാന്‍ ഭീകര സംഘടനകള്‍ ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ശ്രമിച്ചത് സൈന്യം തകര്‍ത്തുവെന്ന അതീവ വിപണന സാധ്യതയുള്ള വാര്‍ത്തയെ സംശയമുനയില്‍ നിര്‍ത്തിയതിനാണ് സ്വാമിക്ക് നേരെ ബഹളമുണ്ടാക്കുന്നത്. ആമിര്‍ ഖാന്‍ സിനിമ “പി കെ”ക്ക് നേരെയുയര്‍ന്ന പ്രതിഷേധങ്ങളും ഇതേ മാനമാണ് നല്‍കുന്നത്.
ഏറ്റവും ഒടുവില്‍ “ലവ് ജിഹാദ്” ചൂണ്ടിക്കാട്ടി വി എച്ച് പിയുടെ വനിതാ വിഭാഗമായ ദുര്‍ഗവാഹിനിയുടെ ഹിമാലയ ധ്വനി എന്ന മാസികയുടെ മുഖചിത്രമായി നടി കരീനാ കപൂറിന്റെ മോര്‍ഫ് ചെയ്ത പടം ഉപയോഗിച്ച് വെറുപ്പിന്റെ പ്രത്യയശാസ്ത്രം ഒരിക്കല്‍ കൂടി ഊട്ടിയുറപ്പിച്ചിരിക്കുന്നു. സെയ്ഫ് അലി ഖാന്‍ എന്ന മുസ്‌ലിം പട്ടൗഡി “നവാബി”ന്റെ ഭാര്യയായ ഹിന്ദുവായ കരീനയാണല്ലൊ ലവ് ജിഹാദിന്റെ സെലിബ്രിറ്റി “ഇര”. അതിന്റെ രണ്ട് ദിവസം മുമ്പാണ് ഹിന്ദു സ്ത്രീകള്‍ നാല് കുട്ടികളെയെങ്കിലും പ്രസവിക്കണമെന്ന് സാക്ഷി മഹാരാജ് എന്ന പാര്‍ലിമെന്റംഗം പ്രഷോഷിച്ചത്.
ഇത്തരം ആക്രോശങ്ങളെ തടയാനുള്ള ചെറുവിരലനക്കം പോലും അല്ലെങ്കില്‍ നേരിയ അതൃപ്തി പോലും വരുന്നില്ല എന്നതാണ് വസ്തുത. ഘര്‍ വാപസിയോട് മോദി വിയോജിപ്പ് പ്രകടിപ്പിച്ചുവെന്നാണ് വാര്‍ത്ത. വാര്‍ത്ത എന്നു പോലും അതിനെ വിശേഷിപ്പിക്കാനാകില്ല. വെറും ഊഹാപോഹം. പാശ്ചാത്യ ലോകത്തിന്റെ അപ്രീതി സമ്പാദിക്കാതെ ഭരണം മുമ്പോട്ട് കൊണ്ടുപോകുന്നതില്‍ ശ്രദ്ധയൂന്നിയ മോദിയും പരിവാരങ്ങളും രാജ്യത്തെ നിരവധി ജനവിഭാഗങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ തയ്യാറാകുന്നില്ല. മതേതത്വത്തെയും ജനാധിപത്യത്തെയും ശാസ്ത്രബോധത്തെയും അവഹേളിക്കുന്ന അവക്ക് നേരെ ചളി വാരിയെറിയുന്ന ഇത്തരം നിലപാടുകളോട് മുഖം ചുളിക്കുക പോലും ചെയ്യാതിരിക്കുമ്പോള്‍ നഷ്ടപ്പെടുന്നത് ജനങ്ങളുടെ വിശ്വാസമാണ്.