Connect with us

Editorial

വെല്ലുവിളിച്ച് ആള്‍ദൈവങ്ങള്‍

Published

|

Last Updated

സൂറത്ത് മാനഭംഗക്കേസില്‍ ആള്‍ദൈവം ആശാറാം ബാപ്പുവിനെതിരെ മൊഴി നല്‍കിയ അഖില്‍ ഗുപ്ത അജ്ഞാതന്റെ വെടിയേറ്റുമരിച്ചു. സൂറത്തിലെ മനായ് ആശ്രമത്തില്‍ വെച്ച് ആശാറാം ബാപ്പു പതിനാറുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുഖ്യ സാക്ഷിയായിരുന്നു സഹായിയും പാചകക്കാരനുമായരുന്ന അഖില്‍ ഗുപ്ത. ഞായറാഴ്ച വൈകിട്ട് വീട്ടിലേക്ക് മടങ്ങുമ്പോള്‍ മുസഫര്‍ നഗറിലെ ന്യൂ മണ്ഡി പൊലീസ് സ്‌റ്റേഷന്‍ പരിസരത്തുള്ള ജനസന്ത് റോഡില്‍ വെച്ചാണ് വെടിയേറ്റത്. അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു.
ആശാറാം ബാപ്പുവിനും മകന്‍ നാരായണ്‍ സായിക്കുമെതിരെ സമര്‍പ്പിക്കപ്പെ ലൈംഗിക പീഡനക്കേസുകളിലെ സാക്ഷികള്‍ക്ക് നേരെ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് കേസിലെ മറ്റൊരു സാക്ഷിയും ആശ്രമത്തിലെ ജോലിക്കാരനുമായിരുന്ന അമൃത് പ്രജാപതി വെടിയേറ്റു മരിച്ചത്. വേറൊരു സാക്ഷിയായ ഭവന്‍ചന്ദനിനെ ചിലര്‍ ആസിഡ് ഒഴിച്ചു അപായപ്പെടുത്താന്‍ ശ്രമിച്ചു, ആശാറാം ബാപ്പു ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരീതി നല്‍കിയ ഒരു യുവതിയും കുടുംബവും വധഭീഷണി നേരിടുന്നതിനാല്‍ ഇപ്പോള്‍ പോലീസ് സംരക്ഷണത്തിാണ്. ആശാറാമിന്റെ മഠത്തിലെ പതിവു സന്ദര്‍കയായിരുന്നു ഈ യുവതി.
ആശാറാമെന്നല്ല ഏത് ആള്‍ദൈവത്തിനെതിരെയും ശബ്ദിക്കുന്നതും നിയമ നടപടികള്‍ സ്വീകരിക്കുന്നതും അപകടകരമാണെന്നതാണ് അനുഭവം. ഹരിയാന കോടതി കൊലക്കുറ്റം ചുമത്തി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച രാംപാലിനെ സതോക് ആശ്രമത്തില്‍ നിന്ന് കസ്റ്റഡിയിലെടുക്കാന്‍ വന്ന പോലീസിനെ അയാളുടെ അനുയായികള്‍ എതിരേറ്റത് വെടിയുണ്ടകള്‍ കൊണ്ടായിരുന്നല്ലോ. യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചു രാംപാലിന്റെ അറസ്റ്റ് തടയാന്‍ അവര്‍ ശ്രമിക്കുകയുണ്ടായി. അമൃതാനന്ദമയിയുടെയും മഠത്തിന്റെയും ഞെട്ടിക്കുന്ന രഹസ്യങ്ങള്‍ അനാവരണം ചെയ്ത് പുസ്തകം പുറത്തിറക്കിയ ഡി സി ബുക്‌സും അമുതാനന്ദമയിയുടെ ഒരു വിമര്‍ശകനായ സ്വാമിയും ആക്രമിക്കപ്പെട്ടത് പ്രബുദ്ധ കേരളത്തിലായിരുന്നു. മഠത്തിലെ അന്തേവാസിയായിരുന്ന സത്‌നാം സിംഗിന്റെ മരണത്തിന് പിന്നിലെ ദുരൂഹത ഇതുവരെ നീങ്ങിയിട്ടില്ല.
രാജ്യത്തെ നിയമവ്യവസ്ഥയെ തന്നെ വെല്ലുവിളിക്കുന്ന തരത്തിലേക്ക് വളര്‍ന്നിരിക്കുന്നു ആള്‍ദൈവങ്ങളുടെ സ്വാധീന ശക്തിയെന്നാണ് ഈ സംഭവങ്ങള്‍ നല്‍കുന്ന വ്യക്തമായ സൂചന. തങ്ങളോട് കളിക്കാന്‍ ആരും ഒരുമ്പടരുതെന്നും അഥവാ ആരെങ്കിലും തുനിഞ്ഞാല്‍ അവന്റെ ഗതി ഇതായിരിക്കുമെന്ന, അധോലോക രാജാക്കന്മാരുടെ ശൈലിയിലുള്ള മുന്നറിയിപ്പ് കൂടിയാണ് അഖില്‍ ഗുപ്ത, അമൃത് പ്രജാപതി കൊലകളിലൂടെ അവരുടെ അനുയായി വൃന്ദം ജനങ്ങള്‍ക്ക് നല്‍കുന്നത്. ശതകോടികളുടെ ആസ്തിയും ഉന്നത രാഷ്ട്രീയ ബാന്ധവവും അധോലോക രഹസ്യങ്ങള്‍ക്ക് മറയിടാന്‍ സേവന ശൃംഖലയും സ്വന്തം മാധ്യമങ്ങളുമൊക്കെയുള്ളപ്പോള്‍ ഇവര്‍ക്ക് ആരെ എന്തു ഭയക്കാന്‍? രാഷ്ട്രീയ, ഭരണ, നീതിന്യായ വിഭാഗങ്ങളുടെയെല്ലാം പിന്തുണയും ഇവര്‍ നേടിയെടുത്തിട്ടുണ്ട്. ആത്മീയതയുടെ മറവില്‍ ചൂഷണങ്ങളും തട്ടിപ്പുകളും സ്ത്രീപീഡനവും നടത്തുന്ന ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കേണ്ട ഭരണ, രാഷ്ട്രീയ നേതൃത്വം അവരുടെ ആരാധകരോ വിധേയരോ ആണ്. മുന്‍രാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മ സായിബാബയുടെ “എളിയ” ശിഷ്യനായിരുന്നു. അനുഗ്രഹം തേടിച്ചെല്ലുന്ന ശര്‍മയുടെ തലയില്‍ ചവിട്ടിയായിരുന്നു ബാബ ആശീര്‍വദിച്ചിരുന്നത്! ആദര്‍ശവാദിയായി വിശേഷിപ്പിക്കപ്പെടുന്ന എ കെ ആന്‍ണി അമൃതാനന്ദയിയുടെ പതിവു സന്ദര്‍ശകനായിരുന്നു. രാഷട്രീയ രംഗത്ത് ആള്‍ദൈവങ്ങള്‍ കൈവരിച്ച സ്വാധീനത്തിന്റെ ആഴമാണ് ഇതിലൂടെയെല്ലാം ബോധ്യപ്പെടുന്നത്. അവരുടെ അധോലോക രഹസ്യങ്ങളെക്കുറിച്ചു അന്വേഷണം നടത്തി പൊതുജനമധ്യത്തില്‍ തുറന്നുകാട്ടാന്‍ ബാധ്യസ്ഥരായ മാധ്യമങ്ങളള്‍ അവരുടെ സ്തുതി പാഠകരായി തരം താഴ്ന്നിരിക്കയുമാണ്. അമൃതാനന്ദമയി മഠത്തിനെതിരെ ഗുരുതരമായ നിരവധി ആരോപണങ്ങളുയര്‍ന്നിട്ടും അറിയാത്ത ഭാവം നടിച്ച സംസ്ഥാനത്തെ മുഖ്യധാരാ മാധ്യമങ്ങള്‍, “അമ്മ”യുടെ പിറന്നാളിന് പ്രത്യേക പതിപ്പുകള്‍ ഇറക്കി അവരെ മഹത്വവത്കരിക്കുന്നതില്‍ മത്സരിക്കുന്നു.
നിയമവ്യവസ്ഥയെ നോക്കുകുത്തിയാക്കി അധോലോക സാമ്രാജ്യവും ഗുണ്ടാപ്പടയും വാര്‍ത്തെടുത്തു സമാന്തര ഭരണം നടത്തുന്ന ആള്‍ദൈവങ്ങളെ നിലക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ മുന്നോട്ടുവരുന്നില്ലെങ്കില്‍ അത് ഗുരുതരമായ ഭവിഷ്യത്തുകള്‍ക്കിടയാക്കും. രാജ്യത്തെ മാധ്യമങ്ങളും അവരോടുള്ള അന്ധമായ വിധേയത്വവും സംഘ് പരിവാര്‍ ദാസ്യവും അവസാനിപ്പിച്ചു ആള്‍ദൈവങ്ങളുടെ തട്ടിപ്പുകളും വെട്ടിപ്പുകളും അധോലോക ചെയ്തികളും തുറന്നുകാട്ടി പത്രധര്‍മത്തോട് നീതി പുലര്‍ത്താന്‍ സന്നദ്ധമാകേണ്ടതുണ്ട്.

Latest