Connect with us

Gulf

മധ്യ പൗരസ്ത്യ ദേശത്തെ ആദ്യ ഓര്‍ഫന്‍ വില്ലേജ് ദുബൈയില്‍ തുറക്കും

Published

|

Last Updated

ദുബൈ: മധ്യ പൗരസ്ത്യ രാജ്യങ്ങളിലെ ആദ്യ ഓര്‍ഫന്‍ വില്ലേജ് നടപ്പുവര്‍ഷം ആദ്യപാദത്തില്‍ ദുബൈയില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കുമെന്ന് അധികൃതര്‍. വില്ലേജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലെത്തിയതായി ജനറല്‍ സെക്രട്ടറി ത്വയ്യിബ് അല്‍ റയ്യിസ് അറിയിച്ചു.
ദുബൈയിലെ അല്‍ വര്‍ഖാ മൂന്നിലാണ് യു എ ഇയിലെയും മധ്യ പൗരസ്ത്യ ദേശത്തെയും ആദ്യ ഓര്‍ഫന്‍ വില്ലേജ് സ്ഥാപിക്കുന്നത്. 16 വില്ലകള്‍ അടങ്ങുന്നതാണ് പദ്ധതി. 15 കോടി ദിര്‍ഹമാണ് നിര്‍മാണച്ചിലവ് കണക്കാക്കുന്നത്.
രാജ്യത്തുള്ള നല്ല മനസ്‌കരും ദാനശീലരുമായ സ്വദേശികളില്‍ നിന്നും വിദേശികളില്‍ നിന്നുമുള്ള സംഭാവനകള്‍ കൊണ്ടാണ് ഓര്‍ഫന്‍ വില്ലേജ് സ്ഥാപിക്കുന്നത്.
സ്വന്തം വീട്ടിലും കുടുംബത്തിലുമാണെന്ന് അനുഭവപ്പെടുന്ന രീതിയില്‍ അനാഥകളെ താമസിപ്പിച്ചു സംരക്ഷിക്കുകയെന്നതാണ് ഓര്‍ഫന്‍ വില്ലേജ് ലക്ഷ്യമിടുന്നതെന്നും ത്വയ്യിബ് വിശദീകരിച്ചു. ഓരോ വില്ലയിലും താമസിക്കുന്ന അനാഥരുടെ കൂടെ അവരുടെ ഉമ്മമാര്‍ക്കും കഴിയാനുള്ള എല്ലാ സൗകര്യങ്ങളും ഈ വില്ലേജിലുണ്ടാകും. അനാഥകള്‍ക്ക് താമസവും ഭക്ഷണവും നല്‍കി സംരക്ഷിക്കുന്നതിനു പുറമെ മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങളും ഓര്‍ഫന്‍ വില്ലേജ് ഉറപ്പുവരുത്തും.
രാജ്യത്തുള്ള സ്വദേശികളും വിദേശികളുമായ സമ്പന്നരോട് പദ്ധതിയുടെ ഭാഗമാകാന്‍ ഔഖാഫ് ആന്‍ഡ് മൈനേഴ്‌സ് അഫയേഴ്‌സ് അതോറിറ്റി അഭ്യര്‍ഥിച്ചു. സമ്പന്നരുടെ പിന്തുണയോടെ മാത്രം നിര്‍മിക്കുന്നതാണ് ഓര്‍ഫന്‍ വില്ലേജ് പദ്ധതിയെന്നും അതോറിറ്റി അധികൃതര്‍ അറിയിച്ചു.
അതിനിടെ പദ്ധതിയുടെ നിര്‍മാണ ചിലവിലേക്ക് രാജ്യത്തെ പ്രമുഖ സ്വദേശി വ്യവസായി ഗൈത് ആല്‍ ഗൈത് 30 ലക്ഷം ദിര്‍ഹം സംഭാവന നല്‍കി. അനാഥകള്‍ക്ക് താമസിക്കാനുള്ള വില്ലകള്‍ക്കു പുറമെ കിഡ്‌സ് നഴ്‌സറിയും പ്രത്യേക കളിസ്ഥലവും ഓര്‍ഫന്‍ വില്ലേജില്‍ നിര്‍മിക്കുന്നുണ്ട്.

---- facebook comment plugin here -----

Latest