Connect with us

Gulf

ബാബു ആന്റണി സ്‌കൂള്‍ ഓഫ് മാര്‍ഷ്യല്‍ ആര്‍ട്‌സിനു തുടക്കം

Published

|

Last Updated

ദുബൈ: നടന്‍ ബാബു ആന്റണിയുടെ പേരിലുള്ള സ്‌കൂള്‍ ഓഫ് മാര്‍ഷ്യല്‍ ആര്‍ട്‌സ് കറാമയില്‍ ആരംഭിച്ചു. മുന്‍ സ്‌പോര്‍ട്‌സ് താരവും ഗ്രാന്റ് മാസ്റ്ററുമായ ബാബു ആന്റണി മാസത്തില്‍ കുറച്ചു ദിവസങ്ങളില്‍ ഇവിടെ നേരിട്ടു പരിശീലനം നല്‍കും. സനാ സിഗ്നലിനു സമീപം പി വി സി ബില്‍ഡിംഗിലാണ് സെന്റര്‍. മനാമയില്‍ 23നും ഫെബ്രുവരി അവസാനം യു എസ് എയിലെ ഹൂസ്റ്റണിലും സെന്ററുകള്‍ തുടങ്ങും. അയോധന കലയിലെ 40 വര്‍ഷത്തെ അനുഭവ സമ്പത്തും പരിശീലനവുമാണ് ബാബു ആന്റണിയെ ഈ മേഖലയിലെ വിദഗ്ധനാക്കുന്നത്. കളരിപ്പയറ്റില്‍ തുടങ്ങി കരാട്ടെ, കുങ് ഫു, തായ് ചി തുടങ്ങിയവയില്‍ അദ്ദേഹം പ്രാവീണ്യം നേടി.
മനസ്, ശരീരം, ആത്മാവ് തുടങ്ങിയവയെ ഒന്നാക്കി കാണുന്ന ആര്‍ട് ഓഫ് വണ്‍നെസ് എന്ന പുതിയ പരിശീലന രീതിയാണ് സെന്ററില്‍ ആരംഭിക്കുന്നതെന്നു ബാബു ആന്റണി പറഞ്ഞു. ആരോഗ്യ മേഖലയില്‍ തനിക്കുള്ള അറിവും മറ്റും ജനങ്ങളുടെ ക്ഷേമത്തിനായി സമൂഹത്തിനു മടക്കി നല്‍കുകയാണെന്ന് നടന്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് സിനിമാറ്റിക് സംഘട്ടനം സംബന്ധിച്ച പരിശീലനവും നല്‍കും. ഇത് തൊഴില്‍ അവസരങ്ങള്‍ക്കും സാധ്യത വര്‍ധിപ്പിക്കുന്ന ഒന്നാണ്. പി വി ശ്രീകുമാര്‍, ജോസ് പി ലോബോ, എല്‍ദോസ് ജോണ്‍ കീലാത്ത് എന്നിവരാണ് ബാബു ആന്റണി സ്‌കൂള്‍ ഓഫ് മാര്‍ഷ്യല്‍ ആര്‍ട്‌സിന്റെ ഡയറക്ടര്‍മാര്‍.
നാലു മുതല്‍ 99 വയസുവരെ പ്രായമുള്ളവര്‍ക്ക് ചേരാം. വിവരങ്ങള്‍ക്ക്: 050-4483142.

Latest