Connect with us

Kerala

വിഴിഞ്ഞത്ത് കടലില്‍ വെടിവെപ്പ്; രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പരുക്ക്

Published

|

Last Updated

തിരുവനന്തപുരം: പരിശോധനാ നിര്‍ദേശം അവഗണിച്ച് സഞ്ചരിച്ച മത്സ്യബന്ധന ബോട്ടിലേക്ക് കോസ്റ്റ് ഗാര്‍ഡ് നടത്തിയ വെടിവെപ്പില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പരുക്കേറ്റു. തമിഴ്‌നാട് തക്കല സ്വദേശികളായ സുബിന്‍ (20) ക്ലിന്റണ്‍ (23) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കോസ്റ്റ് ഗാര്‍ഡ് തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മത്സ്യബന്ധനത്തിനു ശേഷം കന്യാകുമാരിയില്‍ നിന്ന് കൊല്ലം നീണ്ടകരയിലേക്കു പോകുകയായിരുന്ന ഋഷിക എന്ന ബോട്ടിനു നേരെയാണ് വെടിവെപ്പുണ്ടായത്.
വിഴിഞ്ഞത്തിനും ശംഖുമുഖത്തിനുമിടയിലുള്ള കടലില്‍ വെച്ച് ഇന്നലെ വൈകീട്ടായിരുന്നു സംഭവം. കടലില്‍ നിരീക്ഷണം നടത്തിക്കൊണ്ടിരുന്ന കോസ്റ്റ് ഗാര്‍ഡ്, ബോട്ട് നിര്‍ത്താനാവശ്യപ്പെട്ടെങ്കിലും അത് ഗൗനിക്കാതെ വേഗം കൂട്ടി ഓടിക്കുകയായിരുന്നു. തുടര്‍ന്ന് മൂന്ന് തവണ ഉച്ചഭാഷിണിയിലൂടെ നല്‍കിയ നിര്‍ദേശങ്ങളും അവഗണിച്ചു. ഇതിനെ തുടര്‍ന്ന് ആകാശത്തേക്ക് മുന്നറിയിപ്പ് വെടിവെപ്പും നടത്തി. എന്നിട്ടും ബോട്ട് നിര്‍ത്താന്‍ കൂട്ടാക്കാതെ പോയപ്പോഴാണ് ബോട്ടിനു നേരെ വെടിവെച്ചത്.
വെടിവെപ്പില്‍ ക്ലിന്റണ് കൈയ്യിലും സുബിന് കാലിലുമാണ് പരുക്ക്. സുബിന്റെ കാലില്‍ വെടിയുണ്ട തറച്ച നിലയിലാണ്. ശസ്ത്രക്രിയയിലൂടെ മാത്രമേ ഇത് പുറത്തെടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും മത്സ്യത്തൊഴിലാളികളുടെ നില ഗുരുതരമല്ലെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
കൊല്ലം സ്വദേശി ജാസ്മിന്‍ ഷായുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. ബോട്ടിലുണ്ടായിരുന്ന ഒമ്പത് പേരില്‍ രണ്ട് പേര്‍ വിദ്യാര്‍ഥികളായിരുന്നുവെന്നും ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തതു കൊണ്ടാണ് ബോട്ട് നിര്‍ത്താത്തതെന്നും ആശുപത്രിയില്‍ ചികിത്സയിലുള്ള ക്ലിന്റണ്‍ പോലീസിനു മൊഴി നല്‍കി. തീരസംരക്ഷണ സേന ബോട്ട് കസ്റ്റഡിയിലെടുത്തു. പത്ത് ദിവസം മുമ്പാണ് നീണ്ടകരയില്‍ നിന്ന് ബോട്ട് മത്സ്യബന്ധത്തിന് പോയത്. വെടിവെപ്പിന് ശേഷം വിഴിഞ്ഞം തീരത്ത് എത്തിച്ച ബോട്ട് വിഴിഞ്ഞം പോലീസിന് കൈമാറി. ബോട്ടില്‍ ഉണ്ടായിരുന്ന മറ്റ് ഏഴ് പേരെയും ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു.
ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേരള തീരത്തെ സുരക്ഷയും ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി മത്സ്യബന്ധന ബോട്ടുകള്‍ നിരന്തരം കര്‍ശന പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി ശക്തമായ പരിശോധനയാണ് നടന്നു വരുന്നത്. രേഖകള്‍ ശരിയാണോയെന്നും തൊഴിലാളികള്‍ മാത്രമാണോ ബോട്ടിലുള്ളതെന്നുമാണ് പരിശോധന. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും തീരദേശ പോലീസും കോസ്റ്റ് ഗാര്‍ഡും സംയുക്തമായാണ് പരിശോധന നടത്തുന്നത്.

Latest