Connect with us

Gulf

അജ്മാനില്‍ പുതിയ മൂന്ന് പാര്‍ക്കുകള്‍;രണ്ടെണ്ണം ഉദ്ഘാടനത്തിനൊരുങ്ങി

Published

|

Last Updated

ദുബൈ; അജ്മാന്‍ നഗരത്തില്‍ പണിയുന്ന മൂന്ന് പാര്‍ക്കുകളില്‍ രണ്ടെണ്ണം പൂര്‍ത്തിയായി. അല്‍ ജര്‍ഫ്, അല്‍ സഫിയ എന്നിവിടങ്ങളിലെ പാര്‍ക്കുകളാണ് നിര്‍മാണം പൂര്‍ത്തിയായത്. മസ്ഫൂത്തില്‍ പണിയുന്ന മൂന്നാമത്തെ പാര്‍ക്കിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണ്.

അല്‍ ജര്‍ഫിലെ പാര്‍ക്കില്‍ 122 മീറ്റര്‍ നീളമുള്ള യു എ ഇ പതാക സ്ഥാപിച്ചതിനാല്‍ ഫഌഗ് പാര്‍ക്ക് എന്ന പേരിലാണ് അറിയപ്പെടുക. 2,100 ചതുരശ്ര മീറ്റര്‍ നീളമുള്ള പാര്‍ക്കിന്റെ നിര്‍മാണം 100 ശതമാനവും പൂര്‍ത്തിയായി. ഭൂ പ്രകൃതിയുടെ ചിത്രങ്ങളും ആലേഖനം ചെയ്ത പാര്‍ക്കിലെ റസ്റ്റോറന്റുകളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്.
മുശ്‌രിഫിലെ അല്‍ സഫിയയില്‍ പണിയുന്ന പാര്‍ക്കില്‍ കടലിന്റെ ദൃശ്യഭംഗി ആസ്വദിക്കുവാനാകും. 129,000 ചതുരശ്ര മീറ്ററിലാണ് പണിതിട്ടുള്ളത്. 200 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 12 ടോയ് ലെറ്റു കള്‍, കുട്ടികള്‍ക്ക് കളിക്കാന്‍ പ്രത്യേക സൗകര്യം, 500 ഈന്തപ്പന മരങ്ങള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. സഫിയ പാര്‍ക്കിന്റെ 80 ശതമാനം പ്രവൃത്തികള്‍ പൂര്‍ത്തിയായി. അജ്മാന്‍ ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍ നുഐമി ഈന്തപ്പഴ മരങ്ങളെ തണലേകുവാന്‍ ഏറ്റവും അനുയോജ്യമായി തിരഞ്ഞെടുത്തതാണ് പാര്‍ക്കില്‍ ഈന്തപ്പഴ മരങ്ങള്‍ വെച്ചു പിടിപ്പിക്കുവാന്‍ കാരണമെന്ന് ഉദ്യാന നിര്‍മാണ വകുപ്പ് ഡയറക്ടര്‍ അഹമ്മദ് സൈഫ് അല്‍ മുഹൈരി വ്യക്തമാക്കി. ശുദ്ധിയുള്ള വായു നല്‍കുന്നതിനും നല്ല അന്തരീക്ഷം നിലനിര്‍ത്തുന്നതിനുമാണ് പാര്‍ക്കുകള്‍ നിര്‍മിക്കുന്നത്. പ്രമേഹവും പൊണ്ണത്തടിയും മറ്റ് ഗുരുതര മായ ആരോഗ്യ സാഹചര്യങ്ങളില്‍ ബുദ്ധിമുട്ടുന്നവരുടെയും എണ്ണം വര്‍ധിച്ചുവരികയാണ്. ആരോഗ്യപരമായ ജീവിതം നയിക്കാനും താമസക്കാരെ പ്രോത്സാഹിപ്പിക്കലുമാണ് പാര്‍ക്കുകള്‍ നിര്‍മിക്കുന്നതിന് പിന്നിലെ ലക്ഷ്യം-അദ്ദേഹം പറഞ്ഞു.
മസ്ഫൂത്തില്‍ പണിയുന്ന ആദ്യത്തെ പാര്‍ക്കാണിത്. ഉയര്‍ന്ന കുന്നിന്‍ പ്രദേശമായത്‌കൊണ്ട് വളരെ ക്ലേശകരമായാണ് നിര്‍മാണം നടക്കുന്നത്. 70 ശതമാനം പൂര്‍ത്തിയായി. പ്രകൃതിരമണീയവും പാരമ്പര്യ രീതിയിലുമാണ് നിര്‍മാണം. ഒരു വര്‍ഷം മുമ്പാണ് നിര്‍മാണം ആരംഭിച്ചത്. പാര്‍ക്കിന്റെ കവാടങ്ങളും വേലിക്കെട്ടുകളും പൂര്‍ത്തിയായി.
ആരോഗ്യകരമായ ജീവിതം നയിക്കാന്‍ താമസക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് പാര്‍ക്കുകള്‍ പണിയുന്നതെന്നും എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ പാര്‍ക്കുകള്‍ പണിയുമെന്നും നഗരസഭാ അധികൃതര്‍ അറിയിച്ചു.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest