Connect with us

Gulf

അബുദാബിയില്‍ മത്സ്യ വില കുത്തനെ കൂടിയെന്ന

Published

|

Last Updated

അബുദാബി: കഴിഞ്ഞ ഏതാനും ദിവസമായി മധ്യേഷ്യയില്‍ ദുരിതം വിതച്ചു തുടരുന്ന ഹുദാ ശീതക്കാറ്റ് കാരണം മത്സ്യ വിപണിയില്‍ വിലക്കയറ്റം ഉണ്ടായതായി ഉപഭോക്താക്കള്‍. ഹുദാ കാരണം പ്രദേശത്തെ കാലാവസ്ഥയില്‍ വന്ന മാറ്റമാണ് മത്സ്യവില കുത്തനെ ഉയരാന്‍ കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു. സിറിയ ഉള്‍പ്പെടെയുള്ള മധ്യ പൗരസ്ത്യ രാജ്യങ്ങളിലാണ് ശീതക്കാറ്റും അതിശക്തമായ മഞ്ഞു വീഴ്ചയും നടക്കുന്നതെങ്കിലും അതിന്റെ കാലാവസ്ഥാപരമായ അലയൊലികള്‍ പരിസര പ്രദേശങ്ങളിലും അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെടുന്ന കനത്ത മൂടല്‍മഞ്ഞ് ഇതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
കാലാവസ്ഥാ വ്യതിയാനം കാരണം സുരക്ഷാ കാരണങ്ങളാല്‍, കടലിലിറങ്ങുന്നത് വിലക്കിക്കൊണ്ടുള്ള കാലാവസ്ഥാ വിഭാഗത്തിന്റെ നിരന്തര മുന്നറിയിപ്പുകള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്. പ്രാദേശിക മത്സ്യ ബന്ധനത്തെ ഇത് ബാധിച്ചിട്ടുണ്ട്. ഇത് കാരണമായുണ്ടായ മത്സ്യ ലഭ്യത കുറഞ്ഞതാണ് മാര്‍ക്കറ്റില്‍ വില വര്‍ധനവിന് ഇടയാക്കിയത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി ചിലയിനം മത്സ്യങ്ങളുടെ വിലയില്‍ 40 ശതമാനംവരെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.
ഒരു കിലോ മത്സ്യത്തിന് 10 മുതല്‍ 25 ദിര്‍ഹം വരെ വര്‍ധനവുണ്ടായതായി ചില ഉപഭോക്താക്കള്‍ അഭിപ്രായപ്പെട്ടു. സ്വദേശികള്‍ കൂടുതലായി ഉപയോഗിക്കുന്ന ഇനങ്ങള്‍ക്കാണ് കാര്യമായും വിലവര്‍ധനവ് രേഖപ്പെടുത്തിയത്. സ്വദേശികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഷേരി ഒരു കിലോക്ക് 30 ദിര്‍ഹമാണ് കഴിഞ്ഞ ദിവസം അബുദാബി മീനാ മാര്‍ക്കറ്റില്‍ വിലയെന്ന് ഒരു ഉപഭോക്താവ് പറഞ്ഞു.
കാലാവസ്ഥ സാധാരണ ഗതിയിലായി മത്സ്യബന്ധനം പുനരാരംഭിക്കുന്നതോടെ മത്സ്യ വിപണിയും സാധാരണ നിലയിലാകുമെന്ന് കച്ചവടക്കാര്‍ പറയുന്നു.