Connect with us

Gulf

നിയമം ലംഘിച്ച കഫേകളുടെ ലൈസന്‍സ് പുതുക്കില്ലെന്ന് നഗരസഭ

Published

|

Last Updated

ദുബൈ: നിയമ ലംഘനത്തിനു പിടിക്കപ്പെട്ട ശീശകഫേ ലൈസന്‍സുകള്‍ പുതുക്കി നല്‍കില്ലെന്ന് ദുബൈ നഗരസഭാ അധികൃതര്‍ വ്യക്തമാക്കി. 2009ലെ പുകയില വിരുദ്ധ നിയമമനുസരിച്ചാണിത്.
അധികൃതരുടെ പരിശോധനയില്‍ നിയമ ലംഘനത്തിന് പിടിക്കപ്പെട്ടവര്‍, നഗരസഭയിലെ ബന്ധപ്പെട്ട വകുപ്പുകളില്‍ ഹാജരായി, സ്ഥാപനങ്ങള്‍ നിയമ വിധേയമാക്കിയതായി ബോധ്യപ്പെടുത്തണം. ഇങ്ങിനെ ചെയ്യാത്ത ഒരു ലൈസന്‍സും പുതുക്കി നല്‍കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. പൊതുജനാരോഗ്യ നിബന്ധനകളുടെ ലംഘനങ്ങളുടെ പേരിലാണ് പല സ്ഥാപനങ്ങളും പിടിക്കപ്പെട്ടത്.
ശീശ കഫേകള്‍ കുറഞ്ഞത് 200 ചതുരശ്ര മീറ്റര്‍ വിസ്തൃതി ഉണ്ടായിരിക്കണം,തൊട്ടടുത്ത പള്ളിയുമായി 100 മീറ്റര്‍ അകലമുണ്ടായിരിക്കണം, പ്രധാന നിരത്തുകളിലല്ല സ്ഥാപനമെങ്കില്‍ താമസക്കെട്ടിടങ്ങളുമായി 150 മീറ്റര്‍ അകലെയായിരിക്കണം തുടങ്ങിയവയാണ് അധികൃതര്‍ മുമ്പോട്ടുവെച്ച നിബന്ധനകള്‍. കഫേ ഉടമകളെ ഇക്കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ട്. ആദ്യവട്ടം നിയമം ലംഘിക്കുന്നവര്‍ക്ക് 5,000 ദിര്‍ഹവും ആവര്‍ത്തിക്കുന്നവര്‍ക്ക് 10,000 ദിര്‍ഹവും പിഴ ചുമത്തും. വീണ്ടും ലംഘനം ആവര്‍ത്തിച്ചാല്‍ അധികൃതര്‍ നിശ്ചയിക്കുന്ന കാലയളവിലേക്ക് സ്ഥാപന പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കും. നഗരസഭയിലെ ആരോഗ്യ, സുരക്ഷാ വിഭാഗം ഡയറക്ടര്‍ എഞ്ചി. മര്‍വാന്‍ അല്‍ മുഹമ്മദ് പറഞ്ഞു.

Latest