Connect with us

Kasargod

ഗ്യാസ് ഏജന്‍സി സിലിന്‍ഡറുകള്‍ നല്‍കുന്നില്ലെന്ന് പരാതി

Published

|

Last Updated

കാസര്‍കോട്: ഭാരത് ഗ്യാസ് കാസര്‍കോട് ഏജന്‍സിയില്‍നിന്ന് ബുക്ക് ചെയ്ത് ആഴ്ചകള്‍ കഴിഞ്ഞിട്ടും പാചകവാതക സിലിന്‍ഡര്‍ കിട്ടുന്നില്ലെന്ന പരാതി വ്യാപകമായി. ഭാരത് ഗ്യാസ് ഏജന്‍സിയുടെ കാസര്‍കോട് ഓള്‍ഡ് പ്രസ്‌ക്ലബ് ജങ്ഷനില്‍ പുതുതായി പ്രവര്‍ത്തനമാരംഭിച്ച ഏജന്‍സിക്കെതിരെയാണ് പരാതി ഉയര്‍ന്നത്.
വിദ്യാനഗര്‍ പടുവടുക്കത്തെ കംഫര്‍ട്ട് ഗ്യാസ് ഏജന്‍സി വിഭജിച്ച് പകുതിയോളം ഉപയോക്താക്കളെ കാസര്‍കോട് ഗ്യാസ് ഏജന്‍സിയുടെ കീഴിലാക്കിയതോടെയാണ് ഉപയോക്താക്കള്‍ക്ക് ദുരിതമായത്. ആധാര്‍ ലിങ്ക് ചെയ്ത് വര്‍ഷമൊന്നായ ഉപയോക്താക്കള്‍ക്കുപോലും സിലിന്‍ഡര്‍ ബുക്ക് ചെയ്ത് 15 ദിവസം കഴിഞ്ഞിട്ടും കിട്ടാത്ത അവസ്ഥയാണ്. പടുവടുക്കത്തുനിന്ന് വീട്ടിലെത്തിച്ച് കിട്ടിയിരുന്നുവെങ്കില്‍ ഇപ്പോള്‍ സിലിന്‍ഡറുമായി ചെന്നാല്‍പോലും കാസര്‍കോട് ഭാരത് ഗ്യാസ് ഏജന്‍സിയില്‍നിന്ന് പകരം സിലിന്‍ഡര്‍ കിട്ടാത്ത അവസ്ഥയാണ്.
സ്വന്തമായി ഗോഡൗണില്ലാത്ത ഇവര്‍ ചന്ദ്രഗിരി റോഡരികില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍നിന്ന് ഉപയോക്താവിന് കൊടുക്കുകയാണ് ചെയ്യുന്നത്. ഏറെ അപകടം പിടിച്ച രീതിയില്‍ സിലിന്‍ഡര്‍ വിതരണം ചെയ്യുന്നത് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
സ്വന്തമായി ഗോഡൗണ്‍ പോലുമില്ലാത്തയാള്‍ക്ക് ഏജന്‍സി നല്‍കിയപ്പോള്‍ തെന്ന ആക്ഷേപമുയര്‍ന്നിരുന്നു. മുമ്പ് ഏജന്‍സി നടത്തി ക്രമക്കേട് കാട്ടിയതിനെ തുടര്‍ന്ന് അധികൃതര്‍ അടപ്പിച്ചയാള്‍ക്ക് തന്നെയാണ് പുതിയ ഏജന്‍സി നല്‍കിയത്. നിത്യേന നൂറുകണക്കിനാളുകളാണ് സിലിന്‍ഡറുമായി ഗ്യാസ് ഏജന്‍സിക്ക് മുന്നിലെത്തി നിരാശരായി മടങ്ങുന്നത്. ആഴ്ചകള്‍ക്ക് മുമ്പ് ബുക്ക് ചെയ്തവര്‍ക്ക് കൊടുക്കാനിരിക്കെ ബുക്ക് ചെയ്ത് സിലിന്‍ഡറുമായി ഏജന്‍സിയിലെത്തിയാല്‍ പകരം സിലിണ്ടര്‍ നല്‍കുന്നതായും പറയപ്പെടുന്നു. മുന്‍ഗണന മാനദണ്ഡങ്ങള്‍ പാലിക്കാതെ തോന്നുംപോലെയാണ് സിലിന്‍ഡര്‍ വിതരണം നടക്കുന്നത്. ഇതിനെതിരെ നടപടി വേണമെന്നും നിയമങ്ങള്‍ പാലിക്കാതെ നടത്തുന്ന ഏജന്‍സിയുടെ ലൈസന്‍സ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഉപയോക്താക്കള്‍.