Connect with us

Palakkad

കമ്പ്യൂട്ടറിനെ വെല്ലുന്ന ഓര്‍മശക്തിയുമായി മൊയ്തീന്‍ ശ്രദ്ധേയമാവുന്നു

Published

|

Last Updated

മണ്ണാര്‍ക്കാട്:പ്രായത്താല്‍ വാര്‍ദ്ധക്യമെത്തിയെങ്കിലും മൊയ്തീന്റെ ഓര്‍മ്മയിലെ കലണ്ടറിനെ വെല്ലാനാളില്ല. പ്രാരാബ്ദത മൂലം പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയ മൊയ്തീന്റ ഇടതടവില്ലാതെയുളള തിയ്യതിയിലെ ദിവസം പറച്ചിലാണ് വ്യത്യസ്തനാക്കുന്നത്. 200 വര്‍ഷത്തെ ഏത് തിയ്യതി ചോദിച്ചാലും ഞൊടിയിയില്‍ മൊയ്തീന്റെ മറുപടിയെത്തും. 1944ല്‍ മലപ്പുറം ജില്ലയിലെ മേലാറ്റൂരില്‍ നരിപ്പെറ്റ കപ്പൂര് വീട്ടില്‍ ഹൈദൂസ് -കദിയമ്മു ദമ്പതികളുടെ 12 മക്കളില്‍ അഞ്ചാനായാണ് മൊയ്തീന്‍ ജനിച്ചത്. ഇപ്പോള്‍ മക്കളും പേരക്കുട്ടികള്‍ക്കുമൊപ്പം അങ്ങാടിപ്പുറം വലമ്പൂരിലാണ് താമസിക്കുന്നത്.
ക്രിസ്താബ്ദം ഒന്നാം വര്‍ഷം മുതല്‍ 2100 വരെയുളള ഏത് തിയ്യതിയിലെ ദിവസം ചോദിച്ചാലും മൊയ്തീന്‍ക്കാക്ക് നിസംശയം മറുപടി റെഡി. പ്രായം 71 കടന്നുവെന്ന് മൊയ്തീന്‍ക്ക തന്നെ സാക്ഷ്യപ്പെടുത്തുമ്പോഴാണ് പ്രായത്തെ വെല്ലുന്ന ആരോഗ്യത്തിന്റെ രഹസ്യം മനസ്സിലാവുക.— 25 വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ കലണ്ടര്‍ വിദ്യ സ്വമേധാ കണ്ടെത്തിയിരുന്നു. എന്നാല്‍ പുസ്ത രൂപത്തിലിറക്കാന്‍ സാമ്പത്തികമായി കഴിയാത്തതുകാരണമാണ് 2004വരെ തന്റെ ഉദ്ധ്വമത്തിന് തിരശ്ശീല ഉയര്‍ന്നത്. 32 പേജുളള ചെറിയ പുസ്തകത്തില്‍ 15 പേജിലാണ് താന്‍ കണ്ടെത്തിയ 200 വര്‍ഷത്തെ കലണ്ടര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കൂടാതെ അല്‍പ്പം രസകരവുമായ ജനറല്‍ നോളെജും പുസ്തകത്തിലുണ്ട്. രചയിതാവ് തന്നെ പുസ്തകം പരിചയപ്പെടുത്തുകയും വില്‍പ്പനയും നടത്തുന്നുവെന്നതും മൊയ്തീന്റെ മാത്രം പ്രത്യേകതയാണ്.
മൂന്ന് ഘട്ടങ്ങളിലായി പുറത്തിറക്കിയ കലണ്ടറടക്കമുളള ലഘുപുസ്തകത്തിന്റെ ഒരുലക്ഷത്തില്‍പരം കോപ്പികല്‍ സ്വന്തമായി തന്നെ വില്‍പ്പന നടത്തിയതായും മൊയ്തീന്‍ക്ക പറയുന്നു. 1963 മുതല്‍ 16വര്‍ഷം കര്‍ണ്ണാടക, ആന്ധ്ര, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ ജോലികള്‍ ചെയ്ത മൊയ്തീന്‍ക്ക 1979ലാണ് നാട്ടില്‍ സ്ഥിരതാമസമാകുന്നത്. തുടര്‍ന്ന് കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ ഹോട്ടല്‍ ജോലി ചെയ്താണ് ജീവിതം നീക്കിയത്. ഇതിനിടെയാണ് കലണ്ടറിന്റെ ആശയം മനസിലേക്ക് വരുന്നത്. ആദ്യമായിറക്കിയ കലണ്ടറില്‍ എ ഡി1 മുതല്‍ 2020വരെയാണുണ്ടായിരുന്നത്. ഭാര്യ നഫീസയാണ്. വര്‍ക്കല കോളെജില്‍ നിന്നും മന്നാനി ബിരുദം നേടിയ മുജീബ് റഹ്മാനും, സി എ കാരിയായ റജീനയും, ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ സലീനയും മക്കളാണ്.

Latest