Connect with us

Palakkad

ശിരുവാണി പ്രൊജക്ട് ഓഫീസിലെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍

Published

|

Last Updated

പാലക്കാട്: ചുണ്ണാമ്പുതറയിലെ ശിരുവാണി പ്രൊജക്ട് സര്‍ക്കിള്‍ ഓഫീസില്‍ ജീവനക്കാര്‍ പഴയപോലെ തന്നെ സുഖലോലുപതയില്‍. 48 ജീവനക്കാര്‍ക്കായി കോടിക്കണക്കിന് രൂപ ശമ്പളയിനത്തില്‍ സര്‍ക്കാര്‍ പ്രതിമാസം ചെലവഴിക്കുമ്പോള്‍ ഏറിയ പേരും ലീവെടുത്തും ജോലിക്ക് ഹാജരാകാതെയുമാണ് ഓഫീസ് ദിനങ്ങള്‍ തള്ളിനീക്കുന്നത്. 8000 മുതല്‍ 77,000 രൂപവരെ മാസത്തില്‍ ശമ്പളം കൈപ്പറ്റുന്നവര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ മിക്ക ദിവസങ്ങളിലും നാലിലേറെ പേര്‍ ലീവാണ്.
ഓഫീസ് മേലാധികാരിയായ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ മാത്രമാണ് ഫീല്‍ഡ് ജോലിക്ക് പോകുന്നതെങ്കിലും അന്വേഷിച്ചാല്‍ ജീവനക്കാര്‍ ഫീല്‍ഡില്‍ പോയിരിക്കുകയാണെന്ന മറുപടിയാണ് ലഭിക്കുക. രാവിലെ വൈകിയെത്തി ഹാജറില്‍ ഒപ്പിട്ട് മുങ്ങുന്നവരാണ് ഇവരിലധികവും.
പാലക്കാട് ചുണ്ണാമ്പുതറയിലെ ഒന്നര ഏക്കറോളം സ്ഥലത്ത് സര്‍ക്കാര്‍ ഏകദേശം 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് കെട്ടിപ്പൊക്കിയ ശിരുവാണി പ്രൊജക്ട് പാലക്കാട് സര്‍ക്കിള്‍ ഓഫിസാണ് സര്‍ക്കാരിന് കോടികള്‍ നഷ്ടമാക്കി ജീവനക്കാരുടെ സുഖലോലുപതയില്‍ നശിക്കുന്നത്.
മിക്ക ജീവനക്കാരും ജോലിയൊന്നും ചെയ്യാതെ ഡ്രൈവിംഗ് പഠിക്കുന്നതുള്‍പ്പടെയുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടുകയാണ്. ശിരുവാണി പ്രൊജക്ട് പാലക്കാട് സര്‍ക്കിള്‍ ഓഫീസിന് കീഴില്‍ നാല് ഡിവിഷന്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവയുടെ പ്രവര്‍ത്തനവും തഥൈവയാണ്. മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍, ചിറ്റൂര്‍ ഇറിഗേഷന്‍ ഡിവിഷന്‍, കെ.പി.ഐ.പി ഡിവിഷന്‍ നമ്പര്‍ 1, കാഞ്ഞിരപ്പുഴ, ഭവാനി ബേസിന്‍, അഗളി ഇറിഗേഷന്‍ എന്നിവയാണ് പാലക്കാട് സര്‍ക്കിള്‍ ഓഫീസിനു കീഴില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
മലമ്പുഴ ജലസേചന പദ്ധതി, ചിറ്റൂര്‍ പുഴ ജലസേചന പദ്ധതി, കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി, വാളയാര്‍ ജലസേചന പദ്ധതി, മംഗലം ജലസേചന പദ്ധതി, ശിരുവാണി കുടിവെള്ള പദ്ധതി എന്നിവക്കുള്ള ജലസേചന പദ്ധതികളും ഈ ഡിവിഷന്‍ ഓഫീസിനു കീഴിലാണുള്ളത്. ഡിവിഷന്‍ ഓഫീസിന്റെ പ്രവര്‍ത്തനം പൂര്‍ണമായും വിശ്രമ മോഡലില്‍ ആയതോടെ പദ്ധതികളെല്ലാം പാതിവഴിയിലുമാണ്.
ഡിവിഷന്‍ ഓഫീസിന്റെ ഇഴഞ്ഞുള്ള സമീപനം മൂലം ഇതിനു കീഴിലുള്ള നാല് ഓഫീസുകളും പ്രവര്‍ത്തനവും നിലച്ച മട്ടാണ്. ഉപയോഗമൊന്നുമില്ലാതെ തുരുമ്പിച്ച് നശിച്ച ജീപ്പും കാടുകയറി നില്‍ക്കുന്ന ഡിവിഷന്‍ ഓഫീസിന്റെ പിന്‍ഭാഗവും ഉദ്യോഗസ്ഥരുടെ ജോലിയില്ലാതെയുള്ള ശമ്പളം വാങ്ങലുമാണ് ഓഫീസിലെത്തുന്നവരെ സ്വാഗതം ചെയ്യുന്നത്.
ഓഫീസിന്റെ ദുരവസ്ഥ പരിഹരിക്കുകയോ ജോലിയൊന്നും ചെയ്യാതെ സര്‍വീസില്‍ തുടരുന്ന ജീവനക്കാരെ പിരിച്ചുവിടുകയോ മറ്റേതെങ്കിലും ഓഫീസിലേക്ക് മാറ്റുകയോ അല്ലെങ്കില്‍ അവരെക്കൊണ്ട് യഥാവിധി ജോലി ചെയ്യിക്കുവാന്‍ നടപടി സ്വീകരിക്കുകയോ ചെയ്യണമെന്നാവശ്യം ശക്തമായി.

Latest